മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.ഡ്രൈവിങ് സീറ്റിലാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നേരത്തെ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഡബ്ബിങ് പൂർത്തിയാക്കിയ വിവരം, ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള അവരുടെ ഡബ്ബിങ് ദൃശ്യങ്ങൾ പുറത്തുവിട്ടു കൊണ്ടാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്.

