Site icon Janayugom Online

പടക്കപ്പല്‍ റോഡ് മാര്‍ഗ്ഗം നാളെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകും

തണ്ണീർമുക്കത്ത് കഴിഞ്ഞ ദിവസമെത്തിയ പടക്കപ്പൽ റോഡ് മാർഗ്ഗം ആലപ്പുഴയിലേയ്ക്ക് നാളെ കൊണ്ടുപോകും. ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായുള്ള പടക്കപ്പലിന്റെ കരയാത്ര ശനിയാഴ്ച രാവിലെ തുടങ്ങി ദേശീയപാതവരെയെത്തും. വെല്ലുവിളി നിറഞ്ഞതാകും യാത്ര. തണ്ണീര്‍മുക്കത്ത് പ്രത്യേക ട്രയിലറില്‍കയറ്റിയിരിക്കുന്ന പടക്കപ്പലില്‍ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വാഹനവുമായി കപ്പലിനെ ഇരുമ്പുഷീറ്റുകളുപയോഗിച്ച് വെല്‍ഡുചെയ്തുറപ്പിച്ചാണ് സുരക്ഷാക്രമീകരണങ്ങളൊരുക്കിയത്. ക്രമീകരണങ്ങളുടെ ആദ്യഘട്ടം ഇന്‍ഷ്വറന്‍സ് കമ്പനിയ അധികൃതര്‍ പരിശോധിച്ചിരുന്നു. അവസാന ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കമ്പനിയുടെ സര്‍ട്ടിഫിക്കറ്റു ലഭിച്ചു.

വാഹനം ഉള്‍പ്പെടെ 7.40 മീറ്റര്‍ ഉയരവും 5.8മീറ്റര്‍ വീതിയുമാണിപ്പോള്‍ ഉള്ളത്. ഇതിനനുസരിച്ച് റോഡില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങി. വൈദ്യുതി ലൈനുകള്‍ ഓഫാക്കി പൊക്കാവുന്ന ലൈനുകള്‍ മുളയുപയോഗിച്ചു പൊക്കിയും അല്ലാത്തതുമാത്രം അഴിച്ചുമാറ്റിയുമായിരിക്കും കപ്പലിനു വഴിയൊരുക്കുന്നത്. ആദ്യദിവസം തന്നെ പ്രധാനവെല്ലുവിളിയായ തണ്ണീര്‍മുക്കം-ചേര്‍ത്തല കടന്ന് ദേശീയപാതയിലെത്തിക്കാനുള്ള ലക്ഷ്യമാണിട്ടിരിക്കുന്നത്. നാവികസേനയുടെ ഡീകമ്മീഷന്‍ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇന്‍ഫാക്ട്-81 കപ്പലാണ് തണ്ണീര്‍മുക്കത്ത് കായലിലെത്തിച്ച് കരമാര്‍ഗം ആലപ്പുഴയിലേക്കു കൊണ്ടുപോകുന്നത്. എഞ്ചിനില്ലാത്ത കപ്പല്‍ കൊച്ചിനാവികസേനാ ആസ്ഥാനത്തുനിന്നും പ്രത്യേക ടഗ്ഗ് ബോട്ടില്‍ കെട്ടിവലിച്ച് തണ്ണീര്‍മുക്കത്തും എത്തിച്ചിരുന്നത്.

20മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ളതാണ് കപ്പല്‍. 96ചക്രങ്ങളുള്ള 12 ആക്‌സില്‍ സംവിധാനത്തിലേക്കാണ് കപ്പല്‍ കയറ്റിയരിക്കുന്നത്. ഇതുവലിക്കുന്ന പ്രത്യേക പുള്ളറിലാണ് ഘടിപ്പിക്കുന്നത്. തണ്ണീര്‍മുക്കത്തുനിന്നും ആലപ്പുഴയിലെത്താന്‍ നാലു ദിവസമാണ് പ്രതീക്ഷിക്കുന്നത്. നാവികസേനക്കൊപ്പം അഗ്നിശമനസേന, പോലീസ്, കെഎസ്ഇബി, പൊതുമരാമത്തുവകുപ്പ് സഹകരണത്തിലായിരിക്കും യാത്ര. ദിവസം ആറുകിലോമീറ്റര്‍ യാത്രയാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങളും നടത്തും. ഏറ്റവും തിരക്കേറിയ റോഡാണ് ചേർത്തല — തണ്ണീർമുക്കം റോഡ്‌. ഗതാഗതം തിരിച്ചു വിടുന്നതും നിർണ്ണായകമാകും.

Exit mobile version