സിലിക്കണ്‍ വാലി ബാങ്ക് (എസ്‌വിബി) തകര്‍ച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ എസ്‌വിബിക്ക് നിക്ഷേപമുണ്ട്. പലതിന്റെയും നിക്ഷേപം ബാങ്കിന്റെ തകര്‍ച്ചയോടെ മരവിച്ചിരിക്കുകയുമാണ്. ഇന്ത്യന്‍ ഗെയിമിങ് കമ്പനിയായ നസാറയുടെ രണ്ട് ഉപകമ്പനികളുടെ 64 കോടി എസ്‌വിബിയിലുള്ളതായി കമ്പനി അറിയിച്ചു. കിഡോപീഡിയ, മീഡിയവര്‍ക്സ് എന്നിവയാണ് കമ്പനികള്‍. ഡിജിറ്റല്‍ ഫാന്റസി ഗെയിമുകളുടെ നിര്‍മ്മാതാക്കളാണ് നസാറ ടെക്നോളജീസ്. രണ്ട് കമ്പനികളുടെയും ദൈനംദിന പ്രവര്‍ത്തനത്തെ ബാങ്കിന്റെ തകര്‍ച്ച ബാധിക്കില്ലെന്നും മതിയായ പണലഭ്യത ഉറപ്പാക്കിയെന്നും അധികൃതര്‍ പറയുന്നു.
എസ്‌വിബി ഇന്ത്യയിലെ 21 കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നിക്ഷേപ ഡാറ്റാബേസായ ട്രാക്സിന്റെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ആകെയുള്ള മൂല്യം എത്രയെന്ന് പുറത്തുവന്നിട്ടില്ല. പേടിഎം, പേടിഎം മാള്‍, ബ്ലൂസ്റ്റോണ്‍, കാര്‍വാലെ, ഇന്‍മോബി, വണ്‍97 തുടങ്ങിയവ എസ്‌വിബി നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നു. 2011 ന് ശേഷം ഇന്ത്യയിലേക്ക് എസ്‌വിബി കാര്യമായി ശ്രദ്ധപതിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പേടിഎമ്മില്‍ എസ്‌വിബിക്ക് നിക്ഷേപമില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
എസ്‌വിബിയുടെ തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് തടസപ്പെടുത്തുമെന്ന് സംരംഭകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. എസ്‌വിബിയുടെ പ്രത്യേക സ്റ്റാര്‍ട്ടപ്പ് നിക്ഷേപസ്ഥാപനമായ വൈ കോംബിനേറ്റര്‍ വഴി ഫണ്ട് ലഭിച്ച 40 ലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പണം സിലിക്കണ്‍ വാലി ബാങ്കിലുണ്ട്. ഇവയില്‍ പകുതിയോളം കമ്പനികള്‍ക്ക് ഒരു മില്യണ്‍ ഡോളറിന് മുകളില്‍ നിക്ഷേപമുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലും യുഎസിലുമായി പ്രവര്‍ത്തിക്കുന്ന മിക്കവാറും സ്റ്റാര്‍ട്ടപ്പുകളെല്ലാം എസ്‌വിബിയിലൂടെയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
പിന്തുണയുമായി നിക്ഷേപകര്‍
സിലിക്കണ്‍ വാലി ബാങ്കിന് പിന്തുണയുമായി 110 നിക്ഷേപക സ്ഥാപനങ്ങള്‍ രംഗത്തെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ജനറല്‍ കാറ്റലിസ്റ്റ് അടക്കമുള്ള കമ്പനികള്‍ പങ്കുവയ്ക്കുന്നു. പ്രതിസന്ധിയില്‍ സംരംഭക ലോകത്തെ ആശങ്കയകറ്റാന്‍ എന്ത് ചെയ്യാനാകുമെന്ന പരിശോധന ഇന്ത്യന്‍ സര്‍ക്കാരും നടത്തുന്നുണ്ട്. സംരംഭകരുമായി ഈയാഴ്ചതന്നെ നേരില്‍കാണുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് എസ്‌വിബി അടച്ചുപൂട്ടി ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഏറ്റെടുത്തത്. ബാങ്ക് ശാഖകള്‍ ഇന്ന് തുറക്കുന്നതോടെ നിക്ഷേപകര്‍ക്ക് 2,50,000 ഡോളര്‍ വരെയുള്ളവ കൈകാര്യം ചെയ്യാനാകും.
You may also like this video