സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് മത്സരങ്ങളുടെ ആദ്യദിനം പാലക്കാടിന്റെ കുതിപ്പ്. മുണ്ടൂര്‍ എച്ച്എസും പറളി എച്ച്എസുമാണ് പാലക്കാടിന്റെ ട്രാക്കിലെ കുതിപ്പിന് ഊര്‍ജമായത്. മുണ്ടൂര്‍ എച്ച്എസ് 13 പോയിന്റും പറളി എച്ച്എസ് 10 പോയിന്റും നേടി. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 30 പോയിന്റുകളാണ് പാലക്കാട് ജില്ല നേടിയത്. ദീർഘദൂര ഓട്ട മത്സരങ്ങളിൽ പാലക്കാട് മുണ്ടൂർ എച്ച്എസിലെ കുട്ടികൾ ഇത്തവണയും തങ്ങളുടെ പെരുമ നിലനിർത്തി. 3000 മീറ്റർ ഓട്ടത്തില്‍ രണ്ടു സ്വർണവും ഒരു വെള്ളിയും ഉള്‍പ്പെടെ 13 പോയിന്റാണ് സ്കൂൾ കരസ്ഥമാക്കിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളും കരസ്ഥമാക്കിയത് എസ് ജഗന്നാഥനും മുഹമ്മദ് ഷബീറുമാണ്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ എസ് അർച്ചന ഒന്നാം സ്ഥാനം നേടി.
അർച്ചനയും ജഗന്നാഥനും കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ കൊല്ലവും അത് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. സ്കൂളിൽ നിന്നുള്ള കൃത്യമായ പരിശീലനമാണ് അവരെ ഇവിടെ എത്തിച്ചതെന്ന് മൂന്നു പേരും പറഞ്ഞു. 3000 മീറ്ററില്‍ ജൂനിയര്‍ ബോയ്സ് വിഭാഗത്തിലും സീനിയര്‍ ഗേള്‍സ് വിഭാഗത്തിലും പറളി എച്ച്എസിലെ താരങ്ങളാണ് സ്വര്‍ണം നേടിയത്. യഥാക്രമം ആദര്‍ശ് സി പി, ഇനിയ എം എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. സ്കൂളിൽ നിന്ന് 26 കുട്ടികൾ പല ഇനങ്ങളിലായി പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം പനങ്ങാട്ടിരി ആര്‍പിഎംഎച്ച്എസിലെ അക്ഷയ ജി സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ അരുള്‍ സി വിയാണ് ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്. പാലക്കാട് ജില്ലയിലെ തന്നെ വടവന്നൂര്‍ വിഎംഎച്ച്എസിലെ അഭിശ്രീ എം ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.

