Site iconSite icon Janayugom Online

അപ്രതീക്ഷിതം അലീസ; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് താരം

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ അലീസ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്ത മാസം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് 35കാരിയായ ഹീലി അറിയിച്ചു.
16 വര്‍ഷം നീണ്ട കരിയറിനാണ് ഹീലി വിരാമമിടുന്നത്. 2010ലാണ് ഓസ്‌ട്രേലിയൻ കുപ്പായത്തിൽ അരങ്ങേറിയത്. എട്ട് ലോകകപ്പുകൾ നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. ഇതിൽ ആറ് ടി20 ലോകകപ്പുകളും രണ്ട് ഏകദിന ലോകകപ്പുകളും ഉൾപ്പെടുന്നു. 35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്ട്രേലിയയ്ക്കായി കളിച്ചു. ഏകദിനത്തിൽ 3,563 റൺസും ടി20യിൽ 3,054 റൺസും ടെസ്റ്റിൽ 489 റൺസും നേടിയിട്ടുണ്ട്. കരിയറിൽ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ഹീലി. 2023ൽ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റു. രണ്ടുതവണ ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

2022 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 170 റൺസ്, ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പർ (126). ‘ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിരമിക്കാൻ തയ്യാറെടുത്തിരുന്നു’ — അലീസ ഹീലി പറഞ്ഞു. ഹീലിയുടെ അവസാന മത്സരം ഇന്ത്യക്കെതിരെയായിരിക്കും. ഫെബ്രുവരിയിൽ നടക്കുന്ന മൂന്ന് ടി20, രണ്ട് ഏകദിനങ്ങൾ, ഒരു ടെസ്റ്റ് എന്നിവ അടങ്ങുന്ന പരമ്പരയോടെ താരം കരിയർ അവസാനിപ്പിക്കും. ഓസ്‌ട്രേലിയൻ പുരുഷ ടീം താരം മിച്ചൽ സ്റ്റാർക്കിന്റെ പങ്കാളിയാണ് ഹീലി.

Exit mobile version