Site iconSite icon Janayugom Online

സാമൂഹ്യ ബന്ധങ്ങളുടെ സാര്‍വത്രിക ഭാഷ

കട്ടിയായ മഞ്ഞിനടിയില്‍ കിടക്കുന്ന നോട്ട് കണ്ടെത്തി അത് അവകാശപ്പെടാൻ ശ്രമിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍, വഴിതെറ്റിയ രീതിയില്‍ ഒരു കൂട്ടം വിനോദസഞ്ചാരികളെ നയിക്കുന്ന ടൂര്‍ ഗൈഡ് മസൂദ്, ക്യൂബെക്കിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമ്മയെ കാണാൻ ജന്മനാട്ടിലേക്ക് മടങ്ങുന്ന മാത്യു. ഇവരെല്ലാം ഏത് തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു? ആ സാമൂഹിക ബന്ധങ്ങളാണ് മാത്യു റാന്‍കിന്‍ സംവിധാനം ചെയ്ത യൂണിവേഴ്സല്‍ ലാംഗ്വേജ്.
അപ്രതീക്ഷിതമായ രീതിയിൽ ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിതത്തെ സിനിമ നെയ്തെടുക്കുന്നു. ആശയവിനിമയത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും പ്രാധാന്യത്തെ ചിത്രം പ്രതീകവല്‍ക്കരിക്കുന്നു. ഓരോ വ്യക്തിയും ഒരു വലിയ മനുഷ്യ കൂട്ടായ്മയുടെ ഭാഗമാണ്. പരസ്പര ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെ തന്നെയും നാശത്തിലേക്ക് നയിച്ചേക്കാം. അതിജീവനത്തിന് പരസ്പര സഹകരണം അത്യന്താപേക്ഷിതമാണെന്നും ചിത്രം നിർദേശിക്കുന്നു. തങ്ങളേയും സമൂഹത്തേയും വീടിനെയും തിരയുന്ന വ്യത്യസ്തരായ വ്യക്തികളെക്കുറിച്ചുള്ള വിവിധ കഥകള്‍ ഒടുവില്‍ പരസ്പരബന്ധം കണ്ടെത്തുന്നു.
ഡാര്‍ക്ക് കോമഡിയെന്ന് പൊതുവെ വിശേഷിപ്പിക്കാവുന്ന യൂണിവേഴ്സല്‍ ലാംഗ്വേജില്‍ ഇടം, സമയം, വ്യക്തിത്വം എന്നിവയ്ക്കെല്ലാം നേര്‍ത്ത അതിരുകളാണുള്ളത്. ഇറാനിലെ ടെഹ്‌റാനും കാനഡയിലെ വിന്നിപെഗിനും ഇടയിൽ എവിടെയോ സ്ഥിതി ചെയ്യുന്ന നിഗൂഢമായ സാങ്കല്പിക മേഖലയിലാണ് കഥ നടക്കുന്നത്. സമയം കൃത്യമായി വ്യക്തമാക്കിയിട്ടില്ല, എങ്കിലും 1958 നും 1978 നും ഇടയില്‍ നടന്ന സംഭവങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ലോകഭാഷയായി വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് അല്ല കഥാപാത്രങ്ങളുടെ ഭാഷ. പകരം പേര്‍ഷ്യനാണ്. ഇടയ്ക്ക് ഫ്രഞ്ചും കടന്നുവരുന്നു. യഥാര്‍ത്ഥത്തില്‍ വിന്നിപെഗ് മാനിറ്റോബ പ്രവിശ്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരമാണ്, ഫ്രഞ്ച് സംസാരിക്കുന്ന വലിയ ജനസംഖ്യയും ഇവിടെയുണ്ട്. എന്നാല്‍ യൂണിവേഴ്സല്‍ ലാംഗ്വേജില്‍ പ്രധാനഭാഷ പേര്‍ഷ്യനാണ്. ഇവയ്ക്കൊന്നും ഒരു വിശദീകരണവും ചിത്രം നല്‍കുന്നില്ല. യുഎസ് ഡോളറോ കനേഡിയന്‍ ഡോളറോ അല്ല ഇവിടെ പ്രചാരത്തിലുള്ള നാണയം. മറിച്ച് മാനിറ്റോബയിലെ വിമതനേതാവായിരുന്ന ലോയിസ് റിയെലിന്റെ പേരിലുള്ള റിയെല്‍ എന്ന കറന്‍സിയാണ്.
കാൻ, ടൊറന്റോ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച യൂണിവേഴ്സൽ ലാംഗ്വേജ് ഈ വർഷത്തെ ഏറ്റവും വിചിത്രമായ ചിത്രമെന്ന വിശേഷണത്തിനും അര്‍ഹമാണ്. കഥാപാത്രങ്ങൾ ആരാണെന്നും അവർ എന്താണ് ചെയ്യുന്നതെന്നും വിശദീകരിക്കുന്നതിന് മുമ്പേ കാഴ്ചക്കാരെ ഒന്നിനുപുറകെ ഒന്നായി വിചിത്രമായ സാഹചര്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നെഗിന്റെയും നാസ്ഗോളിന്റെയും സഹപാഠിയായ ഒനിദിന്റെ കണ്ണട ഒരു കാട്ടു ടർക്കി മോഷ്ടിച്ചിരിക്കുന്നു. സ്കൂളിലെ നിരാശനായ അധ്യാപകന്‍, നിയന്ത്രിക്കാന്‍ കഴിയാത്ത വിദ്യാർത്ഥികള്‍, ക്രിസ്മസ് ട്രീയുടെ വേഷം ധരിച്ച് അലഞ്ഞുനടക്കുന്ന ഒരു മനുഷ്യന്‍, പിങ്ക് കൗബോയ്-തൊപ്പി ധരിച്ച് പാടുന്ന ടർക്കി ഷോപ്പ് ഉടമസ്ഥന്‍, നടപ്പാതയോരത്തെ ബെഞ്ചിൽ 1978 മുതൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ, ഇതുവരെ തുറക്കാത്ത പെട്ടിക്ക് യുനെസ്കോ ലോക പൈതൃക പദവി നല്‍കിയിരിക്കുന്നു. അങ്ങനെ വിചിത്രമെന്ന് തോന്നുന്ന പല പ്രതീകാത്മക ഘടകങ്ങളും യൂണിവേഴ്സല്‍ ലാംഗ്വേജില്‍ സമന്വയിക്കുന്നു. സംഭാഷണങ്ങള്‍പോലും സ്വാഭാവികമായി അനുഭവപ്പെടുന്നില്ല.
ഉറഞ്ഞുകിടക്കുന്ന മഞ്ഞില്‍ മൂടിയ പണം സ്വന്തമാക്കാന്‍ ഒരു കോടാലിക്കായുള്ള അന്വേഷണത്തിലാണ് നെഗിനും നാസ്ഗോളും. ഈ പണം എടുത്താന്‍ തങ്ങള്‍ക്ക് ഏറെ സോക്സുകള്‍ വാങ്ങാമെന്നും ഒനിദിനായി പുതിയ കണ്ണട വാങ്ങാമെന്നും അവര്‍ കരുതുന്നു. അപ്പോള്‍ അവിടേക്കെത്തിയ മസൂദ് താന്‍ അവര്‍ തിരിച്ചുവരുന്നതുവരെ പണം മറ്റാരും എടുക്കാതെ സൂക്ഷിച്ചോളാമെന്ന് ഉറപ്പുനല്‍കി. മസൂദിനെ വിശ്വാസമില്ലെങ്കിലും കുട്ടികള്‍ ഒടുവില്‍ കോടാലി തിരഞ്ഞ് പോകുന്നു. പലയിടത്തും അന്വേഷിച്ചിട്ടും കോടാലി കിട്ടാതെ മടങ്ങുമ്പോള്‍ മാത്യുവിനെ കണ്ടുമുട്ടുന്നു. കോടാലിക്കുപകരം ചൂടുവെള്ളം നിറച്ച കെറ്റിലുമായി മാത്യുവിനൊപ്പം കുട്ടികള്‍ എത്തിയപ്പോഴേക്കും പണവും ഒപ്പം മസൂദും അപ്രത്യക്ഷമായിരുന്നു. മടങ്ങുംവഴി നാസ്ഗോള്‍ അപ്രതീക്ഷിതമായി കാട്ടു ടര്‍ക്കിയെ നേരിടുന്നു. ഏറ്റുമുട്ടലിനൊടുവില്‍ ഒനിദിന്റെ കണ്ണട അവള്‍ തിരിച്ചുപിടിച്ചു.
വീട്ടിലേക്കുള്ള മാത്യുവിന്റെ ഫോൺ കോളിന് അജ്ഞാതനായ ഒരാൾ മറുപടി നൽകുന്നു. മസൂദുമായുള്ള കൂടിക്കാഴ്ചയില്‍ വീട്ടിലെ തന്റെ സ്ഥാനം ഇപ്പോള്‍ അയാള്‍ക്കാണെന്ന് മാത്യു മനസിലാക്കുന്നു. അമ്മയെ കാണുമ്പോള്‍ വീട്ടില്‍ ഇടയ്ക്ക് ജോലിക്കുവരാറുള്ള മസൂദായാണ് മാത്യു തിരിച്ചറിയപ്പെടുന്നത്. ഇതിന് പിന്നാലെ ഒനിദിനൊപ്പം നെഗിനും നാസ്ഗോളും അവിടെയെത്തുന്നു. കഥാപാത്രങ്ങളെല്ലാം ഒരുമിക്കുന്നു. കുട്ടികള്‍ കണ്ടെത്തിയ പണം കൈക്കലാക്കിയ മസൂദിന് അവരെ നേരിടാന്‍ കഴിയുന്നില്ല. ഒനിദ് തന്റെ കണ്ണട ധരിക്കുന്നതോടെ കഥാപാത്രങ്ങള്‍ പരസ്പരം മാറുന്നു. മസൂദ് മാത്യുവായും മാത്യു മസൂദായും മാറിമറിയുന്നു. ശരിയായ കാഴ്ചപ്പാട് ഇല്ലാത്തതിനാൽ ലോകത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് നമ്മളെന്ന് ചിത്രം അര്‍ത്ഥമാക്കുന്നു. പുതിയ കണ്ണട ധരിച്ച് ലോകമനുഷ്യത്വത്തെയും ജീവിതത്തെയും വ്യക്തതയോടും സത്യത്തോടും കൂടി കാണാന്‍ ആവശ്യപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ സൗഹാർദത്തിനുവേണ്ടിയുള്ള അഭ്യർത്ഥനയായാണ് ചിത്രം അവസാനിക്കുക.
മാത്യുവായി സംവിധായകന്‍ തന്നെയാണ് വേഷമിടുന്നത്. ഇറാനിയന്‍ സിനിമയുടെയും സ്വീഡിഷ് സംവിധായകന്‍ റോയ് ആന്‍ഡേഴ്സണിന്റെയും സ്വാധീനം ചിത്രത്തിലുടനീളം കാണാം. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാഗത്തില്‍ ആദ്യ പ്രേക്ഷക അവാർഡ് യൂണിവേഴ്സല്‍ ലാംഗ്വേജിനായിരുന്നു. 2025 ഓസ്കറില്‍ മികച്ച വിദേശഭാഷാ ചിത്ര വിഭാഗത്തില്‍ കാന‍ഡയുടെ ഔദ്യോഗിക എന്‍ട്രിയായ ചിത്രം അന്തിമപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 

Exit mobile version