ഈ രാജ്യത്തെയും ഈ രാജ്യത്തെ ജനങ്ങളേയും ഒരുപോലെ കോർപ്പറേറ്റുകൾക്കും മറ്റു സാമ്രാജ്യത്വ ശക്തികൾക്കും വിറ്റ് തുലച്ച് സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര അധികാരികൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ഈ മാർച്ച് മാസം 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ദേശീയ പ്രചരണത്തിന്റെ ഭാഗമായി ‘സമരം പൂക്കേണ്ട കാലം’ എന്ന പുതിയ കാഴ്ച ഒരുങ്ങിയിരിക്കുന്നു. ഈ ദ്വിദിന പണിമുടക്കിനോടനുബന്ധിച്ച് പ്രമോദ് പയ്യന്നൂർ (നാടകചലച്ചിത്ര സംവിധായകൻ, ഇപ്പോൾ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി) സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ചിത്രമാണ് ‘സമരം പൂക്കേണ്ട കാലം’.
ചിത്രത്തിന്റെ ഈ പേര് തന്നെ ധ്വനിപ്പിക്കുന്നു എന്താ സംഭവിക്കേണ്ടത് എന്ന്. പ്രമോദ് തന്റെ ഈ സൃഷ്ടിയിലൂടെ, തെരുവു നാടക സങ്കല്പത്തെ തന്നെ, കലാത്മകമായി, തന്റേതായ കാഴ്ചപ്പാടിലൂടെ മെനഞ്ഞ്, കാണികൾക്ക് ഒരു പുതിയ ദൃശ്യാനുഭവം നല്കുന്നു. തെരുവു നാടകങ്ങൾ കൂടുതലും, ആശയ പ്രചരണത്തിനുള്ളതാണല്ലോ? അത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ബിബിളിക്കൽ കാലം മുതലേ തെരുവ് നാടകങ്ങളും തെരുവ് മൂല നാടകങ്ങളുമൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ആദ്യമായി തെരുവ് നാടകങ്ങളിലൂടെയാണ് ജനങ്ങളിൽ എത്തിച്ചത് എന്നത് സത്യം. തുടർന്ന് ഇന്നും ആശയ പ്രചരണത്തിന് ഇത്തരം നാടകങ്ങൾ കലാകാരന്മാരോട് ഒപ്പം തന്നെ രാഷ്ട്രീയക്കാരും മതപ്രഭാഷകരും ഉപയോഗിക്കുന്നു. തെരുവ് യാഥാർത്ഥ്യമാണെന്നും തെരുവുകളില്ലാതെ മനുഷ്യന് നിലനില്പില്ലെന്നും പ്രമോദിന് നന്നായി അറിയാം. ആ തെരുവ് തന്നെ തന്റെ കലാസാക്ഷാത്ക്കാരത്തിന് പ്രമോദ് തിരഞ്ഞെടുത്തു. ഈ രാജ്യത്തിന്റെ അവസ്ഥ; എവിടേയ്ക്കാണ് ഈ രാജ്യം പോകുന്നത്? സാധാരണക്കാരന് അത്ര എളുപ്പം ഇത് മനസ്സിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സാധുജനങ്ങൾക്ക്… അത് കൊണ്ടാണല്ലോ അവർ വീണ്ടും വീണ്ടും താമര വിടർത്താൻ ശ്രമിക്കുന്നത്. ഒരു നാടോടി നാടക സംഘം തച്ചടിച്ച് അവരുടെ കലാപ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് മുന്നേറുകയാണ്. കണ്ണിന് കുളിർമ നല്കുന്ന വർണ്ണാഭമായ വെളിച്ചത്തിൽ, കാതുകളിലേയ്ക്ക് ഇമ്പമേറ്റ നാടോടി ഗാനങ്ങളുടെ ശീലുകളുമായി, നൃത്തം ചവിട്ടിയും ഭാവങ്ങൾ വാരിവിതറിയും, എല്ലാ അഭിനേതാക്കളും ഇവിടെ അവരുടേതായ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
കേരളത്തിലെ സംയുക്ത തൊഴിലാളി സംഘടനകളിലെ അംഗങ്ങളാണ് വേഷമിടുന്നത് ഈ ഹൃസ്വചിത്രത്തിൽ എന്നത് ശ്ലാഘനീയമാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ കവിതകൾ, മണ്ണിന്റെ മണമുള്ള കവിതകൾ, കേട്ടു കൊണ്ടിരിക്കുക എന്നത് തന്നെ മനസ്സിനെ തണുപ്പിക്കുന്നു. നർത്തകികളുടെ പാദവിന്യാസങ്ങൾ നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്നു. എല്ലാ സുകുമാര കലകളും അളവനുസരിച്ച് സങ്കലനം ചെയ്യുക എന്നത് സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതെല്ലാം തന്നെ പ്രമോദ് ബുദ്ധിപൂർവ്വം, ഗൗരവപൂർവ്വം, നോക്കിക്കൊണ്ട് പ്രാവർത്തികമാക്കിയിരിക്കുന്നു. ഈ മാസം 28, 29 തീയതികളിൽ നടക്കാൻ പോകുന്ന പണിമുടക്കിന് സാക്ഷികളാകാൻ പോകുന്നവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു ഇനിയും കുറെ കാര്യങ്ങൾ കൂടി… അണ്ഡം കീറണ ബഡ്ജറ്റുമായി; പഠിച്ചിറങ്ങിയ വിദ്യാലയത്തെ അവിടെ പഠിച്ചിറങ്ങുന്നവർ മോശക്കാരികളാണെന്ന് വിളിച്ചു കൂവി വരുന്നു ഒരു മന്ത്രിണി. എ.സിയുള്ള ഗുഹയിൽ മുതലകുഞ്ഞുമായി തപസ്സിരിക്കാൻ കൊതിക്കുന്ന, ഡിജിറ്റൽ ഇന്ത്യയിലൂടെ പട്ടിണി നിവാരണം സാധ്യമാകും എന്ന് വിശ്വസിക്കുകയും (ശരിയ്ക്കും അവർ വിശ്വസിക്കാതെയും) ഗീർവാണങ്ങൾ മുഴക്കുന്നവർ വേറെ. കള്ളവും പച്ചകള്ളവും വിളമ്പി, പ്രലോഭനങ്ങളുമായി വരുന്നൂ കോർപ്പറേറ്റ് കമ്പനികളിലെ ഏജന്റുമാർ പക്ഷെ തൊഴിലാളികൾ ഉത്ബുദ്ധരാണ്. അവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഈ കാപട്യക്കാരെ അവർ നാടുകടത്തുന്നതോടൊപ്പം തിരശ്ശീലയിൽ വെളിച്ചം കുറഞ്ഞ് കുറഞ്ഞില്ലാതാവുന്നു. പക്ഷെ, തിരശ്ശീലയിൽ നിഴലുകൾ നമ്മോട് സംവദിച്ചത് എന്തൊക്കെ കാര്യങ്ങളാണ്.
1. നമ്മൾ ഒന്നിച്ച് തോളോട് തോൾ ചേർന്ന് നിന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് നമുക്ക് നേടി എടുക്കാം.
2. വലിയ പോരാട്ടങ്ങളിലൂടെ നാം രാജ്യത്തെ നയിച്ചത് മറന്നു പോകരുത്.
3. അധികാരികളോട് വിരൽ ചൂണ്ടി ആവശ്യപ്പെടാൻ തൊഴിലില്ലായ്മ പരിഹരിക്കാൻ, തൊഴിലില്ലായ്മ വേതനം നല്കാൻ, മിനിമം വേതനം ഉറപ്പു വരുത്താൻ, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കാൻ.
ഈ രാജ്യം കെട്ടിപ്പടുക്കാൻ തൊഴിലാളികളിൽ എണ്ണിയാൽ ഒടുങ്ങാത്ത ആളുകൾ രക്തസാക്ഷികളായി, എത്രയോ പേർ അംഗവൈകല്യം സംഭവിച്ച് വേദനകൾ അനുഭവിച്ച്, ദുരിതമനുഭവിക്കുന്നു – അതുകൊണ്ട് ഒന്നിച്ച് ഒത്തുചേരാം. അത് അനിവാര്യം. വേറിട്ട ജനകീയ ദൃശ്യഭാഷകൾ നാടകവേദിയിലും, മിനിസ്ക്രീനിലും, ചലച്ചിത്രത്തിലും ഒരുക്കാറുള്ള പ്രമോദ് പയ്യന്നൂർ കാലത്തിന് അനുയോജ്യമായ ദൃശ്യസൃഷ്ടിയാണ് ‘സമരം പൂക്കേണ്ട കാല’ത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നത്. ഈ സൃഷ്ടിയുടെ തിരക്കഥ ബഷീർ മണക്കാടിന്റെയും പ്രേംജിത്ത് സുരേഷ്ബാബുവിന്റേതുമാണ്. ഇന്ത്യ മുഴുവൻ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എഴുതാൻ സാധിച്ചതിൽ ഞാൻ ഹൃദാർത്ഥനാണ്.