Site iconSite icon Janayugom Online

‘നിങ്ങള്‍ക്കീ വിറ്റുതൊലക്കണ കാര്യം മാത്രമേ പറയാനുള്ളോ?’

bennybenny

പ്രേക്ഷകരിൽ ചിരിയുടെ അലമാലകളുയർത്തി ‘തീപ്പൊരി ബെന്നി‘യുടെ ട്രെയിലർ ഹിറ്റ്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം ‘തീപ്പൊരി ബെന്നി‘യുടെ രണ്ടുമിനിറ്റിലേറെയുള്ള രസികൻ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രത്തിന്റെ മൂഡാണ് ട്രെയിലർ നൽകുന്നത്. ഈമാസം 22‑ന് ചിത്രം തിയേറ്ററുകളിലെത്തും. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി യെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് തീപ്പൊരി ബെന്നി സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന മകൻ ബെന്നിയുടെ കഥയാണ് തീപ്പൊരി ബെന്നി. ഹാസ്യ നടനായെത്തി പിന്നീട് നായകനായും ക്യാരക്ടർ റോളുകളിലും ഒട്ടേറെ സിനിമകളിൽ തിളങ്ങിയ നടൻ ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായി ആയി വെള്ളിത്തിരയിൽ എത്തുന്നത്. മകനായി അ‍‍‍‍ർജുൻ അശോകനും. കറകളഞ്ഞ സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് പാർട്ടി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എന്നാൽ രാഷ്ട്രീയത്തെ കണ്ണിന് കണ്ടൂടാത്തയാണ് അയാളുടെ മകൻ ബെന്നി. ബെന്നി ഇഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിക്കാകട്ടെ രാഷ്ട്രീയം അവളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവരുടെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ‘തീപ്പൊരി ബെന്നി‘യുടെ നർമ്മം നിറച്ച ട്രെയിലറാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുള്ള ഈ വടംവലി പ്രേക്ഷകർക്ക് ഒത്തിരി നർമ്മ മൂഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.

‘രോമാഞ്ചം’, ‘പ്രണയവിലാസം’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുൻ നായകനാകുന്ന ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി‘യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായ പൊന്നില എന്ന കഥാപാത്രമായെത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവുമെല്ലാം നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്നറാണ് ‘തീപ്പൊരി ബെന്നി’.

അജയ് ഫ്രാൻസിസാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീരാഗ് സജി സംഗീതം നൽകുന്നു. കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ. എഡിറ്റർ: സൂരജ് ഇ എസ്. പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ. സൗണ്ട് ഡിസൈൻ: അരുൺ വർമ, എംപിഎസ്ഇ. സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്. കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ. സ്റ്റണ്ട്: മാഫിയ ശശി. മേക്കപ്പ്: മനോജ് കിരൺരാജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി. അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

You may also like this video

Exit mobile version