മഞ്ജുവാര്യരെ നായികയാക്കി എഡിറ്റര്‍ ഷജില്‍ ശ്രീധര്‍ സംവിധാനം ചെയ‍്ത ഫുട്ടേജ് പതിവ് സിനിമാ കാഴ്ചകളില്‍ നിന്ന് മാറി സഞ്ചരിക്കുന്നു. ഗായത്രി വര്‍ഷയും വിവേക് നായരും അവതരിപ്പിക്കുന്ന വ്ളോഗര്‍മാരായ കമിതാക്കള്‍ മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ദുരൂഹമായ കഥാത്രത്തിന്റെ ലോകത്തേക്ക് എത്തുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ഫുട്ടേജ്. കോവിഡ് ലോക‍്ഡൗണ്‍ കാലത്ത് നടന്ന ദുരൂഹ മരണങ്ങള്‍ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വല്ലാതെ വേട്ടയാടുന്നു. ഒറ്റപ്പെട്ട് ഫ്ളാറ്റില്‍ കഴിയുന്ന അവരെ കുറിച്ചുള്ള കാര്യങ്ങള്‍ വേലക്കാരി വഴിയാണ് കമിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് അവരില്ലാത്തപ്പോള്‍ ഫ്ളാറ്റില്‍ കയറി പരിശോധന നടത്തുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അതിന് ശേഷം ഇരുവരും മഞ്ജുവിന്റെ കഥാപാത്രത്തിന് പിന്നാലെ പോകുന്നു.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഒരു സംഭാഷണം പോലുമില്ലാതെയാണ് മഞ്ജുവാര്യര്‍ തന്റെ കഥാപാത്രത്തെ വ്യത്യസ്തമാക്കിയത്. മഞ്ജുവാര്യര്‍ സിനിമകളില്‍ ഇതുവരെ കാണാത്ത ആക്ഷന്‍ സീക്വന്‍സുകളും ഫുട്ടേജില്‍ കാണാം. അതുപോലെ ലൊക്കേഷനുകളും എടുത്ത് പറയേണ്ടതാണ്. മനുഷ്യന്റെ വന്യത പറയാന്‍ കാടിന്റെ വന്യതയാണ് സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സൗണ്ടും കലാസംവിധാനവും സംവിധായകന്റെ രണ്ട് കരങ്ങളായി മാറിയിരിക്കുന്നു. എന്നാല്‍ തിരക്കഥ കൂറേക്കൂടി മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഈ പരീക്ഷണ ചിത്രത്തിന്റെ ജാതകം മാറിയേനെ.
വിവേക് നായര്‍ക്കും ഗായത്രി വര്‍ഷയ്ക്കും കരിയറില്‍ ഇതുവരെ ലഭിച്ച മികച്ച വേഷങ്ങളാണ് ഫുട്ടേജിലുള്ളത്. ലിവിംഗ് ടുഗദര്‍ ആയി ജീവിക്കുന്ന രണ്ട് പേരും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും ആക്ഷന്‍ സീനുകളും വളരെ സ്വാഭാവികമായി ചെയ്തിരിക്കുന്നു. ഛായാഗ്രാഹകന്‍ ഷിനോസ് റഹ്മാനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.