Site iconSite icon Janayugom Online

വിയോജിപ്പുകളോട് അസഹിഷ്ണുത കാട്ടേണ്ടതില്ല

എന്റെ അഭിപ്രായത്തെ എതിര്‍ക്കാനുള്ള നിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ എന്റെ ജീവന്‍ കൊടുത്ത് സംരക്ഷിക്കും എന്ന് പറഞ്ഞത് വോള്‍ട്ടയര്‍ ആണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം വിയോജിക്കുവാനുള്ള അവകാശമാണ്. അഭിപ്രായങ്ങള്‍ നിര്‍ഭയത്വത്തോടെ വിളിച്ചു പറയുന്ന സാംസ്കാരിക പ്രവര്‍ത്തകനാണ് ആലങ്കോട് ലീലാകൃഷ്ണന്‍. നമ്മുടെ കാലഘട്ടത്തിലെ സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ ആലങ്കോട് ലീലാകൃഷ്ണന്‍ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്നു. സമകാലിക രാഷ്ട്രീയ- സാംസ്കാരിക അവസ്ഥകളോട് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതികരിക്കുന്നു…

ചോദ്യം: എഴുത്തുകാർക്കും കലാകാരന്മാർക്കും യജമാനന്മാർ ഉണ്ടാകരുത്. അവർക്ക് പ്രതികരിക്കാൻ പൂർണസ്വാതന്ത്ര്യം ഉണ്ടാവണം. ഇന്ന് പലതിനോടും മിണ്ടാതിരിക്കേണ്ട അവസ്ഥയാണ്. താങ്കൾ എന്തു പറയുന്നു?

എഴുത്തുകാരുടെ യജമാനൻ അവരുടെ മനസാക്ഷി തന്നെയായിരിക്കണം. സ്വാതന്ത്ര്യം എന്നത് ഒരു താന്തോന്നിത്തമല്ല. കപടമായ നിഷ്പക്ഷതയുമല്ല. പുരോഗമന ജീവൽസാഹിത്യ പ്രസ്ഥാനകാലത്ത് എഴുത്തുകാർ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടിരുന്നു. അക്കാലത്ത് യാഥാസ്ഥിതിക പണ്ഡിതനായി മുദ്രകുത്തപ്പെട്ടിരുന്ന കുട്ടികൃഷ്ണമാരാർ പോലും ഇങ്ങനെ പറയുകയുണ്ടായി. ഏതുകാലത്തും അടിച്ചമർത്തപ്പെട്ടവരുടെ ചേരിയിൽ തന്നെയായിരുന്നു എഴുത്തുകാർ. വ്യാസനായാലും ലോകത്തുള്ള ഏതു വലിയ എഴുത്തുകാരൻ ആണെങ്കിലും അടിച്ചമർത്തപ്പെട്ടവരുടെയും ബഹിഷ്കൃതരുടെയും ദരിദ്രരുടെയും പക്ഷത്താണ് ആത്യന്തികമായി നിലനിന്നിരുന്നത്. അവർ അത്തരം എഴുത്തുകാരാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് വേണ്ടി അടിമവേല ചെയ്യുന്നവനല്ല എഴുത്തുകാരൻ. സ്വതന്ത്രമായി ഏത് വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള തന്റേടം എഴുത്തുകാരന് ഉണ്ടാവണം. എന്നുവച്ച് ഏത് വിഷയങ്ങൾക്കും പ്രതികരണം ഉല്പാദിപ്പിക്കുന്ന പ്രതികരണ തൊഴിലാളിയായി അധപതിക്കേണ്ടതില്ല. ദീർഘകാല അടിസ്ഥാനത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള സ്വതന്ത്ര നിലപാട് എഴുത്തുകാരൻ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ആ സ്വാതന്ത്ര്യം അടിമത്വത്തിന് എതിരാണ്. അത് കള്ളമായ ഒരു നിഷ്പക്ഷതയുമല്ല. 

ചോദ്യം: എഴുത്തുകാരുടെ വാക്കുകൾ ഫാസിസത്തെ തുറന്ന് എതിർക്കുന്നതിൽ നേരിയ ഞരക്കം മാത്രമായി മാറുകയാണോ? 

ഫാസിസം സർഗാത്മകതക്ക് ഭീഷണിയായി നിൽക്കുമ്പോൾ തന്നെയാണ് ശക്തമായ എഴുത്ത് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. എവിടെ അടിച്ചമർത്തലുകൾ ഉണ്ടോ അവിടെ വ്യക്തമായ പ്രതിരോധവും ഉണ്ട്. സർഗശേഷിയെ പ്രയോജനപ്പെടുത്താൻ മുമ്പില്ലാത്ത ജാഗ്രത ഉണ്ടാവണം. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് തന്നെ ഫാസിസത്തിന്റെ മനുഷ്യവിരുദ്ധത കണ്ട് മാർക്സിം ഗോർക്കിയെ പോലെയുള്ള എഴുത്തുകാർ അവരുടെ ചേരി പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. അക്കാലത്ത് സ്വജീവൻ തൃണവത്ഗണിച്ചും എഴുത്തുകാർ മാനവികതയ്ക്ക് വേണ്ടി പോരാടി. ഫാസിസത്തെ ഫാസിസം കൊണ്ടല്ല തോൽപ്പിക്കേണ്ടത്. യഥാർത്ഥ ബലം മാനവികതയാണ്. ചിലപ്പോൾ നേരിട്ടുള്ള ഒരു പ്രത്യാക്രമണം ആയിട്ടല്ല പ്രവർത്തിക്കുക. മനുഷ്യ മനസുകളെ പ്രതിരോധത്തിന്റെ പടയണിയിക്കുന്ന ഒരു ഭാവം. തെരുവിൽ നിന്നുള്ള ചോദ്യം എഴുത്തുകാരൻ കേൾക്കേണ്ടതുണ്ട്. വ്യക്തികളുടെ പ്രതാപവും ഗുണഗണങ്ങളും വാഴ്ത്തിപ്പാടുന്ന കൊട്ടിപ്പാടി സേവ നടത്തുന്ന കൊട്ടാരം സേവകരായ എഴുത്തുകാരെ ജനത എളുപ്പത്തിൽ തിരിച്ചറിയുന്നുണ്ട്. അവർ കാലഹരണപ്പെട്ട നാണയങ്ങൾ പോലെ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ എറിയപ്പെടും. തീർച്ചയായും എഴുത്തുകാരൻ എഴുത്തിന്റെ മുനകൂർപ്പിച്ചു തന്നെ നിൽക്കണം.

ചോദ്യം: തുടര്‍ ഭരണത്തെപ്പറ്റി സാറാ ജോസഫിന്റെയും സച്ചിദാനന്ദന്റെയും അഭിപ്രായങ്ങളെ കുറിച്ച് എന്ത് പറയുന്നു? 

സച്ചിദാനന്ദൻ മാഷുടെയും സാറാ ജോസഫ് ടീച്ചറുടെയും ചില പ്രതികരണങ്ങളായി കണക്കാക്കിയാൽ മതി. സച്ചിദാനന്ദൻ മാഷ് അദ്ദേഹത്തിന്റെ ജീവിതകാലത്തുടനീളം രാഷ്ട്രീയ നൈതികതയോടൊപ്പം നിന്നയാളാണ്. അതിനുവേണ്ടി വലിയ പോരാട്ടങ്ങൾ നേരിട്ട് നിർവഹിച്ച ആളാണ്. ഒരു ചിന്തകൻ എന്ന നിലയിലും കവിയെന്ന നിലയിലും ലോക വിപ്ലവ പുരോഗമന മുന്നണിയിൽ മുന്നേറ്റങ്ങളുടെ ഗതിവിഗതികളെ കൃത്യമായി മനസിലാക്കിയ ഒരാളാണ് അദ്ദേഹം. ഒരിക്കലും ഒരു ഇടതുപക്ഷ വിരുദ്ധമായിട്ട് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. സച്ചിദാനന്ദൻ ഉയർന്ന ചിന്തയുള്ള ആളാണ്, മലയാളത്തിന്റെ ചിന്തകൾക്ക് ലോകനിലവാരത്തിൽ അംഗീകാരം നേടിക്കൊടുത്ത ആളാണ്. അത്രയും ഔന്നത്യം ഉള്ള ഒരാൾ ഒരു അഭിപ്രായം പറയുന്നതിൽ അസഹിഷ്ണുത കാണിക്കേണ്ടതില്ല. അദ്ദേഹം പറയുന്നതിൽ സ്വീകരിക്കേണ്ടത് സ്വീകരിക്കാൻ നമ്മൾ മടിക്കേണ്ടതില്ല. ഇടതുപക്ഷം മാനവിക വിരുദ്ധം ആകരുത്. അത് സാമുദായിക ശക്തികളുടെ പിടിയിൽ പെട്ടുപോകരുത്. വോട്ടിനു വേണ്ടി വിട്ടുവീഴ്ച ചെയ്യരുത്. അക്കാര്യത്തിൽ നിർദ്ദേശങ്ങൾ ഇടതുപക്ഷ പാർട്ടികൾക്ക് സ്വീകരിക്കാവുന്നതാണെന്ന് എനിക്ക് തോന്നുന്നു. തുടർഭരണം എന്നത് ഒരു എഴുത്തുകാരൻ പറഞ്ഞതുകൊണ്ട് മാത്രം ഇല്ലാതാകുന്നതല്ല . അത്ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങൾ തുടർഭരണത്തിനെതിരായി വിധിയെഴുതുമെന്ന് തോന്നുന്നില്ല. അങ്ങനെയൊരു മൗഢ്യം നമ്മൾ കൊണ്ട് നടക്കേണ്ടതില്ല. സാറാ ജോസഫും ഇടതു സഹായാത്രിക ആയിരുന്ന ആളാണ്. എന്നാൽ വ്യക്തിനിഷ്ടമായ പല അഭിപ്രായപ്രകടനങ്ങളും അവർ നടത്താറുണ്ട്. അതേസമയം തന്നെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച ആളാണ്. അവർ ചെറിയ ഒരു വ്യക്തിയല്ല.
സാറാജോസഫ് അവരുടെ അഭിപ്രായങ്ങൾ പറയുന്നത് നമ്മൾ കേൾക്കുമ്പോൾ, സ്വീകരിക്കാവുന്നത് സ്വീകരിക്കണം. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പ്രത്യേകിച്ചും മുതിർന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ. വിയോജിപ്പുകൾ പറഞ്ഞാൽ അതിനോട് അസഹിഷ്ണുത കാണിക്കുന്ന നിലപാട് നമ്മൾ എടുക്കേണ്ടതില്ല. തുറന്ന മനസോടെ അതിനെ കേൾക്കാനുള്ള മനസ് നമുക്ക് ഉണ്ടാകണം. സച്ചിദാനന്ദൻ മാഷ് ഇടതുവിരുദ്ധനാണെന്ന് എനിക്ക് തോന്നുന്നില്ല. അതിന് അദ്ദേഹത്തിന് കഴിയുകയില്ല. 80 ആണ്ടുകൾ പിന്നിട്ട അദ്ദേഹത്തിന്റെ ജീവിതം സാഹിത്യം കൊണ്ടും ഇടപെടൽകൊണ്ടും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. സച്ചിദാനന്ദൻ മാഷ് ലോകരംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളും മാർക്സിയൻ ചിന്തകളുടെ മാനുഷിക വശങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ച ഒരാളാണ്. സാറ ടീച്ചറുടെ അഭിപ്രായങ്ങളെക്കാൾ സച്ചിദാനന്ദൻ മാസ്റ്ററുടെ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. അതുകൊണ്ട് വ്യക്തിപരമായി അദ്ദേഹത്തെ പൂർണമായും തള്ളിക്കളയേണ്ടതില്ല. അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ല. 

ചോദ്യം: ഇടതുപക്ഷ ഭരണത്തുടർച്ച നാടിന് വേണ്ടതല്ലേ? 

ഇടതുപക്ഷ തുടർഭരണം ഉണ്ടാകുന്നതാണ് നമ്മുടെ നാടിന് നല്ലത് എന്നാണ് പറയാനുള്ളത്. കാരണം പത്തുവർഷംകൊണ്ട് അടിത്തട്ടിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒട്ടുവളരെ കാര്യങ്ങൾ ഇടതുപക്ഷ സർക്കാർ ചെയ്തിട്ടുണ്ട്. സാധാരണക്കാരായവർക്കും പാവപ്പെട്ടവർക്കും തള്ളി മാറ്റപ്പെട്ടവർക്കും ഇടതുപക്ഷത്തിന്റെ ഭരണം കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. പല വികസന പ്രവർത്തനങ്ങളും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. അതിൽ വേണ്ടത്ര പ്രചാരണം കൊടുക്കാൻ ഇടതുപക്ഷ പാർട്ടികൾക്കും സർക്കാരിനും സാധിച്ചിട്ടില്ല. എന്ന് മാത്രമല്ല മാധ്യമങ്ങൾ പലതും അത് കാണാതിരിക്കുകയും അനാവശ്യമായ വിവാദങ്ങൾ വഴി ഇവിടെയുണ്ടാക്കിയ പുരോഗതി ജനശ്രദ്ധയിൽ നിന്നും മാറ്റുകയും ചെയ്തിട്ടുണ്ട്. യുഡിഎഫിന്റെ മുൻഗണനകൾ വേറെയാണ്. ഇടതുപക്ഷ മുന്നണിയുടെ മനുഷ്യരോടുള്ള പ്രതിബദ്ധത യുഡിഎഫിന് ഇല്ല. നെഹ്റുവിന്റെ പഴയ കോൺഗ്രസ് സോഷ്യലിസ്റ്റ് വീക്ഷണങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നതില്ല. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയൻ പോലും നെഹ്റുവിനെ പിന്തുണച്ചിരുന്നു. എന്നാൽ മൻമോഹൻസിങ്ങിന്റെ കാലം തൊട്ട് ജനപക്ഷത്ത് അല്ല കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാട്. ആഗോളീകരണവും ഉദാരീകരണവും പോലുള്ള സാമ്രാജ്യത്വ, വികസിത മുതലാളിത്ത അജണ്ടകൾ ഭരണകൂടത്തിന്റെ ഭാഗമാക്കി മാറ്റിയതിൽ ദേശീയതലത്തിൽ കോൺഗ്രസിന് വലിയ പങ്കുണ്ട്. അതിൽ നിന്ന് പിന്മാറാൻ കേരളത്തിലെ യുഡിഎഫിനും സാധിക്കില്ല. ബിജെപിയുടെ സാമ്പത്തിക നിലപാട് തന്നെയാണ് കോൺഗ്രസും പിന്തുടരുന്നത്. കോൺഗ്രസ് ഒരു ജനാധിപത്യ മതേതര പ്രസ്ഥാനമാണ്. അതേസമയം തന്നെ ഇന്ത്യയിൽ കോൺഗ്രസിനെ അവഗണിക്കാൻ സാധിക്കുകയുമില്ല. ബിജെപിക്ക് എതിരായ ഒരു മുന്നേറ്റത്തിന് കോൺഗ്രസ് ഇന്ത്യയിൽ അനിവാര്യമാണ്. പക്ഷേ കേരളത്തിൽ ഇടതുപക്ഷം ഇതുവരെ കൊണ്ടുവന്നിരിക്കുന്ന ഈ പുരോഗതിയുടെയും വളർച്ചയുടെയും ഗ്രാഫ് ഭരണ മാറ്റത്തോടെ വഴിതിരിഞ്ഞു പോകാനാണ് സാധ്യത.
ഇപ്പോൾ പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് ഭവനങ്ങൾ കിട്ടി. പ്രത്യേകിച്ച് കോവിഡ് കാലത്ത് സർക്കാർ ഉണർന്നു പ്രവർത്തിച്ചത് കേരളീയർക്ക് മറക്കാനാവില്ല. ലോകത്തെവിടെയും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെട്ട ഇതുപോലെയുള്ള ഒരു സർക്കാർ എവിടെയും ഉണ്ടായിട്ടില്ല. ഇവിടെ ചികിത്സ കിട്ടാതെ ഒരാളും മരിച്ചിട്ടില്ല. ഒരാളും പട്ടിണി കിടന്നില്ല. പൊതു അടുക്കളകൾ സജീവമായി പട്ടിണിയെ ദൂരെ നിർത്തി നാടിനെ രക്ഷിച്ചു. പ്രളയകാലത്ത് ജനങ്ങളോടൊപ്പം നിൽക്കാനുള്ള ശക്തി ഇടതുപക്ഷ സർക്കാർ കാണിച്ചു. പ്രതിസന്ധികളിൽ ഇടതുപക്ഷം ശക്തമായ നിലപാട് കൈകൊണ്ടു. അത് മറക്കാൻ പാടില്ല. പാവപ്പെട്ടവരുടെ പല മേഖലകളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ സർക്കാരിന് സാധിച്ചു. പ്രത്യേകിച്ച് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ഇടതുസർക്കാരിന് കൈവരിക്കാൻ സാധിച്ചത്. ആ രംഗത്ത് വലിയ തോതിലുള്ള നവീകരണങ്ങളുണ്ടാക്കി. കേന്ദ്ര ഗവൺമെന്റ് സാമ്പത്തികമായി ഞെരുക്കിയപ്പോഴും സമാന്തരമായ സംവിധാനങ്ങൾ ഉണ്ടാക്കി കേരളത്തെ പുരോഗതിയിലേക്ക് നയിച്ചു. പാവപ്പെട്ടവന്റെ ജീവിതനിലവാരം ഉയർത്തുന്നതിന് ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. അത്തരം പദ്ധതികൾ തുടർന്നു പോകേണ്ടതുണ്ട്. അടുത്ത ഇടതുപക്ഷ സർക്കാർ ഈ തുടർച്ച അനുസ്യൂതം മുന്നോട്ടു കൊണ്ടുപോകണം. വിശേഷിച്ചും മതേതരവാദികളായ കേരളത്തിലെ ജനങ്ങൾക്ക് അത് വലിയൊരു ആശ്വാസമാകും.

ചോദ്യം: ഇടതു സർക്കാരിന്റെ മതേതര നിലപാടും വികസന കാഴ്ചപ്പാടും സംബന്ധിച്ച് താങ്കളുടെ വിലയിരുത്തൽ എന്താണ് ?

തീർച്ചയായും, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മതേതര നിലപാട് കേരളത്തെ ശാന്തിതീരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിൽ കഴിഞ്ഞ 10 വർഷമായി യാതൊരുവിധ വർഗീയ സംഘർഷങ്ങളും ഉണ്ടായില്ല എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. അങ്ങനെ കേരളത്തെ കാത്തു രക്ഷിച്ചിട്ടുണ്ട്. ഭൂരിപക്ഷ വർഗീയതയുടെയും ന്യൂനപക്ഷ വർഗീയതയുടെയും പരീക്ഷണശാലയാക്കി കേരളത്തെ മാറ്റാൻ ഇടതുപക്ഷം അനുവദിച്ചില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങൾ മറ്റു സംസ്ഥാനങ്ങൾ പോലെ അത്ര ന്യൂനപക്ഷമല്ല. ഭൂരിപക്ഷ വർഗീയത ചെറുക്കാൻ എന്ന മട്ടിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നത് സമീപകാലത്ത് നമ്മൾ കാണുകയാണ്. മതേതരപക്ഷത്ത് നിന്ന് ഭൂരിപക്ഷ വർഗീയതയെ നേരിടാനുള്ള കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ നിർഭാഗ്യവശാൽ, കേരളത്തിന്റെ അടിയൊഴുക്കുകളിൽ മൂന്ന് പ്രബല മതവിഭാഗങ്ങളുടെയും വർഗീയത കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന കാഴ്ചയാണ് ഈ അടുത്തകാലത്ത് കാണുന്നത്. ഒരു പ്രീണന നയത്തിലൂടെ അത് ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. ഒരുതരം വർഗീയതയോടും ഇടതുപക്ഷം സന്ധി ചെയ്യാതെ മാനവികതയും പുരോഗതിയും മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ മതേതര നിലപാട് ഉയർത്തിപ്പിടിക്കണം. അത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയം തന്നെയാണ്. അതിൽ വെള്ളം ചേർക്കരുത്. ആ നിലപാട് അനിവാര്യമായിട്ടുള്ളത് തന്നെയാണ്. അതിൽ ഞാൻ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ സമീപകാലത്ത് ചില സാമുദായിക ശക്തികളുമായി ഇടതുപക്ഷം സഖ്യം ഉണ്ടാക്കുന്നു എന്നൊരു തോന്നൽ പൊതുബോധത്തിൽ ഉണ്ടായിവന്നിട്ടുണ്ട്. അക്കാര്യത്തിൽ മാധ്യമത്തിന്റെ ഒരു നിഷേധാത്മക നിലപാടും ഉണ്ടായിട്ടുണ്ട്. ഏതായിരുന്നാലും ഒരു സംശയത്തിന് അത് കാരണമായിട്ടുണ്ട്. സമുദായ നേതാക്കളുമായുള്ള സഖ്യങ്ങൾ ഇടതുപക്ഷം പൂർണമായും വർജിക്കണം. അതാണ് വ്യക്തിപരമായി എനിക്കുള്ള കാഴ്ചപ്പാട്. വോട്ടിനു വേണ്ടി ഇടതുപക്ഷം അത്തരം ഒരു സമീപനത്തിലേക്ക് പോകില്ല എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. വെള്ളാപ്പള്ളി നടേശനെ പോലുള്ള വർ നിരവധി വർഗീയമായ പരാമർശങ്ങൾ നടത്തിയപ്പോൾ ഇടതുപാർട്ടികൾ ശക്തമായി പ്രതികരിച്ചില്ല എന്ന ഒരു തോന്നൽ പൊതുസമൂഹത്തിലുണ്ട്. അതൊരു പോരായ്മയാണ്. അത് തിരുത്തേണ്ടതായിരുന്നു.
വികസനരംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് ദേശീയപാതയുടെ കാര്യത്തിൽ. സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്നതിൽ ഉൾപ്പെടെ വളരെ വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇടതുപക്ഷം കാണിച്ച ഇച്ഛാശക്തി എടുത്തു പറയേണ്ടതാണ്. അത് വളരെ വലിയ കാര്യമാണ്. അതുപോലെ ഗെയിൽ പദ്ധതി പോലുള്ള നിരവധി കാര്യങ്ങളിൽ ദൃഢമായ നിലപാട് ഇടതു സർക്കാർ പ്രകടിപ്പിച്ചു. പല മേഖലയിലും വികസനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് അതേസമയം പരിസ്ഥിതി സൗഹൃദമായ നയവും നടപടിയും ഉണ്ടാകണമെന്ന് അഭിപ്രായമുണ്ട്. യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് എന്നുള്ള നിലയിൽ വേണ്ടത്ര മുൻകരുതലില്ലാതെ പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെതിരായി ഞങ്ങൾ ശബ്ദിച്ചിട്ടുണ്ട്. ആ പ്രതികരണത്തോട് ഇടതുപക്ഷം വലിയ അസഹിഷ്ണുത കാണിച്ചില്ല. അത് ഉൾക്കൊള്ളുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. ഹരിത പദ്ധതി എന്ന നിലയിലല്ല അന്നത്തെ പദ്ധതി മുന്നോട്ടുവന്നത്. വലിയതോതിൽ പരിസ്ഥിതിക്ക് ഹാനികരമാകുന്ന ഒരു പദ്ധതിയായിരുന്നു. അതുപോലെ വൻതോതിൽ ആളുകളെ കുടിയിറക്കേണ്ടി വരുമായിരുന്നു. ഇനിയുള്ള വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി സൗഹൃദമായ കാഴ്ചപ്പാട് ഉണ്ടാകും, പരമാവധി ആളുകളെ കുടിയിറക്കാതെ സാധിക്കണം. വികസനം ആവശ്യമാണ്. പക്ഷെ പരിസ്ഥിതിയെ പൂർണമായും നശിപ്പിച്ചുകൊണ്ട് ആവരുത് അത്. ഇതുപോലുള്ള വിഷയങ്ങളിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഇന്നും ചർച്ചയാണ്. അത്തരത്തിലൊരു പുനർവിചിന്തനം ഇക്കാര്യങ്ങളിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിന്റെ പരിസ്ഥിതി കേടുകൂടാതെ വരും തലമുറക്ക് കൈമാറാൻ നമുക്ക് സാധിക്കണം. ആ പ്രതിബദ്ധത ഇടതുപക്ഷം കാണിക്കണം. ഏംഗൽസിന്റെ പരിസ്ഥിതിയെ കുറിച്ചുള്ള കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ടതാണ്. ഒരു മാനിഫെസ്റ്റോ തന്നെ എംഗൽസ് അക്കാര്യത്തിൽ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അത് കമ്മ്യൂണിസ്റ്റുകാർ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. പരിസ്ഥിതി നാശം ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച ആളാണ് കാറൽ മാർക്സ്. പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശം തൊഴിലാളി വർഗത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. തൊഴിലാളി വർഗത്തിന് ദീർഘകാലത്തേക്ക് പ്രകൃതിയെ ആവശ്യമായിട്ടുള്ളതാണ്. വികസിത മുതലാളിത്തം ഒറ്റയടിക്ക് ലാഭം ഉണ്ടാക്കാനാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. അതിനെതിരായ ഒരു കാഴ്ചപ്പാട് മാർക്സിസ്റ്റ് വീക്ഷണത്തിൽ തന്നെ കൊണ്ടുവരാൻ കേരളത്തിലെ ഇടതുപക്ഷം അനുസ്യൂതമായ പ്രവർത്തനം നടത്തണം

ചോദ്യം:ഫാസിസം സർഗാത്മകതക്ക് ഭീഷണിയായി നിൽക്കുമ്പോൾ മുനകൂർത്ത എഴുത്ത് നടക്കുമോ?

തീർച്ചയായും ശരിയാണത്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങൾ എക്കാലത്തെയും ഏകാധിപത്യത്തെയും കേന്ദ്രീകൃത അധികാരത്തെയും ചോദ്യം ചെയ്തിട്ടുണ്ട്. ഫാസിസം അതിനെ ഭയക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഭീരുക്കളുടെ പ്രസ്ഥാനമാണ് ഫാസിസം. ഭീരുക്കൾ പലതവണ മരിക്കും. ധീരൻ ഒരിക്കലേ മരിക്കൂ. അതുകൊണ്ട് ധീരൻ ആയുധം എടുത്തില്ലെങ്കിലും അവന്റെ ചിന്തയുടെ സർഗാത്മകമായ നിലപാടുകളുടെ ധീരത കൊണ്ട് ഏത് ഫാസിസത്തെയും അതിജീവിക്കും. ഭീരുക്കൾ ആയുധമെടുത്തു പോരാടും. എപ്പോഴും ആയുധം കൂമ്പാരമാക്കി വെക്കും. പക്ഷേ അവർ നിരവധി തവണ മരിക്കുകയും ചെയ്യും. ജനങ്ങൾക്ക് രാഷ്ട്രീയ അവബോധം ഉണ്ടാകുന്നതും ചിന്തിക്കുന്നതും ജനങ്ങൾ വായിക്കുന്നതും ജനങ്ങൾ സാംസ്കാരിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതും ഒക്കെ അവരുടെ ഏകാധിപത്യത്തെ ചെറുക്കുമെന്ന് അവർക്കറിയാം. കേന്ദ്രീകൃതമായ ഏകാധിപത്യ അധികാരം എവിടെ ആയിരുന്നാലും അത് ജനാധിപത്യത്തെ ഇല്ലാതാക്കും. അതുകൊണ്ട് ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കേണ്ടത് കൂടുതൽ ജനാധിപത്യം സൃഷ്ടിച്ചുകൊണ്ടാണ്. അങ്ങനെ ചിന്തിക്കുന്ന ഒരു ജനത ആവശ്യമാണ്. അതുകൊണ്ടുതന്നെ ചിന്തിക്കുകയും രാഷ്ട്രീയ പ്രബുദ്ധത ഉൾക്കൊള്ളുകയും ചെയ്യുന്ന ജനങ്ങളെ ഫാസിസ്റ്റുകൾ ഭയപ്പെടും.

ചോദ്യം: സംഘടിത രാഷ്ട്രീയത്തിന്റെ ഫോർമുലകൾക്ക് വെളിയിലും സ്വതന്ത്ര ചിന്തയുടെ മറ്റൊരു രാഷ്ട്രീയം വേണ്ടതല്ലേ? ഇന്നതുണ്ടോ? 

തീർച്ചയായും. സംഘടിത രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കനുസരിച്ച് മാത്രം സ്വന്തം കാലും കൈയും തലയും മുറിച്ച് ചെറുതാകേണ്ടവരല്ല എഴുത്തുകാർ. അത്തരക്കാരുടെ കൂട്ടുകാരായി മാത്രം എഴുത്തുകാരൻ മാറാനും പാടില്ലെങ്കിലും കക്ഷിരാഷ്ട്രീയക്കാർ ഉണ്ടാക്കിയെടുക്കുന്ന നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ എഴുത്തുകാർക്ക് ചിലപ്പോൾ പക്ഷം ചേരേണ്ടിവരും. യഥാർത്ഥത്തിൽ സംഘടിത രാഷ്ട്രീയത്തെ രൂപീകരിക്കുന്നത് എഴുത്തുകാരന്റെ മൗലിക സ്വതന്ത്ര ചിന്തകൾ തന്നെയാണ്. മുമ്പിൽ നടന്നത് എഴുത്തുകാരാണ്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലം ഒരുക്കിയത് എഴുത്തുകാരാണ്. മുമ്പേ പറക്കുന്ന പക്ഷികളെ പോലെ എഴുത്തുകാരുടെ ചിന്തയും സങ്കല്പങ്ങളും മാനവിക ബോധവുമാണ് എല്ലാ സംഘടിത രാഷ്ട്രീയ കക്ഷികൾക്കും യഥാർത്ഥ വിഭവങ്ങൾ ഒരുക്കി കൊടുക്കുന്നത്. കമ്മ്യൂണിസത്തിന് അടിത്തറയിട്ടത് വാസ്തവത്തിൽ ചിന്തയുടെയും ദർശനത്തിന്റെയും കരുത്ത് പകർന്നു. അവരുടെ വലയിൽ അവസാനം എഴുന്നേൽക്കാൻ വയ്യാതെ നിൽക്കുകയല്ല നല്ല എഴുത്തുകാരൻ ചെയ്യേണ്ടത്. എഴുത്തുകാർ അവരുടെ സ്വാതന്ത്ര്യത്തിന്റെ പുതുവഴികൾ വെട്ടിക്കൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാനവികതയുടെ വഴിയിലേക്ക് നയിക്കുകയാണ് വേണ്ടത്.

Exit mobile version