നയതന്ത്ര പ്രതിനിധി, രാഷ്ട്രീയ പ്രവർത്തകൻ, കേന്ദ്രമന്ത്രി, എഴുത്തുകാരൻ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമാണ് വി കെ കൃഷ്ണമേനോൻ. കേരളത്തിന്റെ അഭിമാനമായ അദ്ദേഹം ലോകസഭ, രാജ്യസഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചും മേനോൻ പാർലമെന്റിൽ എംപിയായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദേശനയം കരുത്താർജിച്ചതിൽ കൃഷ്ണമേനോനുള്ള പങ്ക് വളരെ വലുതാണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് പ്രിയപ്പെട്ടവനായിരുന്നു കൃഷ്ണമേനോൻ. എന്നാൽ കേരളം കൃഷ്ണമേനോന് അർഹമായ ആദരവ് നല്കുന്നതിന് തയ്യാറായിട്ടുണ്ടോ? മേനോന്റെ സ്മരണ സ്ഥിരമായി തൊട്ടുണർത്തുന്നതിന് ഒരു സ്മാരകം കേരളത്തിൽ ഇല്ലാ എന്നുള്ളത് ലജ്ജാകരമാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൃഷ്ണമേനോന്റെ പേരിൽ നാമകരണം ചെയ്യുന്നതിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കേണ്ടതാണ്. അഡാനിയുടെ കൈവശമാണ് വിമാനത്താവളമെങ്കിലും കൃഷ്ണമേനോനെ അഡാനിക്കും അവഗണിക്കാൻ കഴിയുകയില്ലല്ലോ.