Site iconSite icon Janayugom Online

കിരീടമുറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സിൽ മലപ്പുറം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടി ഇറങ്ങുമ്പോൾ ഓവറോൾ ചാമ്പ്യൻപട്ടം ഉറപ്പിച്ച് തിരുവനന്തപുരം. ഗെയിംസ് ഇനങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇരിപ്പുറപ്പിച്ച തിരുവനന്തപുരം അത്റ്റലറ്റിക്‌സ് ഇനങ്ങളിൽ പിന്നാക്കം പോയെങ്കിലും ചാമ്പ്യൻപട്ടം മുറുകെ പിടിക്കുകയായിരുന്നു. 226 സ്വർണവും 149 വെള്ളിയും 163 വെങ്കലവും ഉൾപ്പെടെ 1,926 പോയിന്റ് നേടിയാണ് തിരുവനന്തപുരം കായികരാജ പട്ടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തൃശൂരിന് 79 സ്വർണവും 65 വെള്ളിയും 95 വെങ്കലവും ഉൾപ്പെടെ 833 പോയിന്റാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 60 സ്വർണവും 81 വെള്ളിയും 134 വെങ്കലവും അടക്കം 759 പോയിന്റുണ്ട്. 

അത്‌ലറ്റിക്‌സിലെ ചാമ്പ്യൻപട്ടം ഏറെക്കുറെ മലപ്പുറം ഉറപ്പിച്ചെന്ന് പറയാം. 19 സ്വർണവും 23 വെള്ളിയും 20 വെങ്കലവും അടക്കം 192 പോയിന്റാണ് മലപ്പുറം നേടിയെടുത്തത്. കഴിഞ്ഞ തവണ കുന്നംകുളത്ത് കിരീടം ഉയർത്തിയ പാലക്കാട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 162 പോയിന്റ് നേടിയ പാലക്കാട് 20 സ്വർണമാണ് ട്രാക്കിൽ നിന്ന് ഓടിയെടുത്തത്. 12 വെള്ളിയും 14 വെങ്കലവും പാലക്കാടിന്റെ മെഡൽ ശേഖരത്തിലുണ്ട്. സ്കൂളുകളിൽ ചാമ്പ്യൻപട്ടം നിലവിലെ ജേതാക്കളായ കടകശേരി ഐഡിയൽ ഇഎച്ച് എസ്എസ് 66 പോയിന്റുമായി ഉറപ്പിച്ചു. രണ്ടാംസ്ഥാനക്കാരായ മാർ ബേസിൽ കോതമംഗലത്തിന് 38 പോയിന്റുണ്ട്. 

ഇന്നലെ റിലേ മത്സരങ്ങളിൽ അടക്കം റെക്കോഡുകൾ പിറന്നു. 400 മീറ്റർ റിലേയിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റെക്കോഡ് നേട്ടവുമായിട്ടാണ് ആലപ്പുഴയിലെ കുട്ടികൾ മൈതാനം വിട്ടത്. 43.50 സെക്കൻഡിൽ ഓടിയെത്തി 2018ൽ സ്ഥാപിച്ച റെക്കോഡാണ് ഇവർ മറികടന്നത്. കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസ് വിദ്യാർത്ഥി കെ സി സെർവന്‍ ഒറ്റ ദിവസം എറിഞ്ഞിട്ടത് രണ്ട് റെക്കോഡുകളാണ്. രാവിലെ സീനിയർ ബോയ്‌സ് (അഞ്ച് കിലോ) ഷോട്ട് പുട്ടിൽ 17.74 മീറ്റർ ദൂരം എറിഞ്ഞു റെക്കോഡ് സ്വന്തമാക്കിയപ്പോൾ ഉച്ചയ്ക്ക് ശേഷം ഡിസ്കസ് ത്രോയിൽ (1.5 കിലോ) 60.24 മീറ്റർ എറിഞ്ഞു മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി.

Exit mobile version