സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽക്കുളത്തിൽ സ്വര്‍ണക്കൊയ്ത്തുമായി തിരുവനന്തപുരം. അക്വാട്ടിക്സ് വിഭാഗങ്ങളിലെ മത്സരങ്ങളില്‍ രണ്ടാം ദിനത്തിലും ആതിഥേയ ജില്ല ബഹുദൂരം മുന്നിലാണ്. ഇന്നലെ 50 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 294 പോയിന്റുമായി തിരുവനന്തപുരം ജൈത്രയാത്ര തുടരുകയാണ്. 34 സ്വർണം, 33 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നില. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയ്ക്ക് 58 പോയിന്റുകളാണ് നേടാനായത്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും 11 വെങ്കലവുമാണ് തൃശൂരിന്റെ നേട്ടം. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ 54 പോയിന്റുകളുമായി എറണാകുളം ജില്ല തൊട്ടുപിന്നിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾ തമ്മിലുള്ള മത്സരമാണ് നീന്തല്‍ക്കുളങ്ങളിലുള്ളത്. കൂടുതൽ പോയിന്റ് നേടിയ സ്കൂളുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്തും തിരുവനന്തപുരം ജില്ലയാണുള്ളത്. 65 പോയിന്റുകളോടെ തുണ്ടത്തില്‍ എംവിഎച്ച്എസ്എസാണ് മുന്നില്‍. 37 പോയിന്റുകള്‍ നേടിയ പിരപ്പന്‍കോട് ഗവ. വിഎച്ച്എസ്എസ്, 31 പോയിന്റുകളോടെ കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസ്, 25 പോയിന്റുകളോടെ തിരുവല്ലം ബിഎന്‍വിവി ആന്റ് എച്ച്എസ്എസ്, 22 പോയിന്റുകള്‍ നേടിയ വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് സ്കൂളുകള്‍.

