Site iconSite icon Janayugom Online

ഇത്തവണ നടക്കുക കരീബിയന്‍ ടീമില്ലാത്ത ആദ്യ ലോകകപ്പ്

ആദ്യ രണ്ടു തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോക കപ്പിനില്ല. യോഗ്യതാ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ സിക്‌സ് ആദ്യ മത്സരം പിന്നിട്ടപ്പോഴേക്കും വിന്‍ഡീസിന്റെ സാധ്യതകള്‍ അവസാനിച്ചു. ആദ്യമായാണ് വിന്‍ഡീസ് ടീമില്ലാതെ ലോകകപ്പ് അരങ്ങേറുക. 

സിംബാബ്‌വെയോടും നെതര്‍ലാന്റ്‌സിനോടും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ വിന്‍ഡീസിന് സൂപ്പര്‍ സിക്‌സിലെ മൂന്നു കളികളും ജയിച്ചാലേ യോഗ്യത നേടാന്‍ നേരിയ സാധ്യതയെങ്കിലുമുണ്ടായിരുന്നുള്ളൂ. എന്നാല്‍ സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന് സ്‌കോട്‌ലന്റിന് മുന്നില്‍ വിന്‍ഡീസ് മുട്ടുമടക്കി. ശ്രീലങ്ക, സിംബാബ്‌വെ, സ്‌കോട്‌ലന്റ്, നെതര്‍ലാന്റ്‌സ് ടീമുകളില്‍ രണ്ടെണ്ണം ലോകകപ്പിന് യോഗ്യത നേടിയേക്കും. സ്‌കോര്‍: വിന്‍ഡീസ് 43.5 ഓവറില്‍ 181, സ്‌കോട്‌ലന്റ് 43.3 ഓവറില്‍ മൂന്നിന് 185.

1975 ലും 1979 ലും ലോകകപ്പ് നേടിയ വെസ്റ്റിന്‍ഡീസ് 1983 ല്‍ ഇന്ത്യയോട് ഫൈനലില്‍ തോറ്റ ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്പ്യന്മാരായിട്ടില്ല. 1996 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ലോകകപ്പ് നടത്തിയപ്പോള്‍ വിന്‍ഡീസ് സെമി ഫൈനലിലെത്തിയിരുന്നു. 2011 ല്‍ ഇന്ത്യ സംയുക്തമായി ലോകകപ്പ് നടത്തിയപ്പോള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.

Eng­lish Sum­ma­ry: This is the first World Cup with­out a Caribbean team

You may also like this video

Exit mobile version