Site iconSite icon Janayugom Online

തിയേറ്ററുകളിൽ തരംഗമായി പുഷ്പ 2

ചലച്ചിത്രമേഖലയിൽ തന്നെ ചരിത്രം സൃഷ്ടിച്ച് പുഷ്പ രണ്ട് ദി റൂൾ. നിലവിൽ തിയേറ്ററുകളിലെല്ലാം തരംഗമായി മാറിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ 1000 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഡിസംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ കോടികളായിരുന്നു പുഷ്പ രണ്ടിന്റെ കളക്ഷന്‍. അല്ലുഅര്‍ജുന്‍ പുഷ്പരാജ് എന്ന കഥാപാത്രമായി സ്ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ ഒരോ ദിവസവും ചിത്രത്തിന് മികച്ച ബുക്കിങ്ങും കളക്ഷനുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊടെ ആഗോളതലത്തില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിൽ എത്തുന്ന ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും അല്ലു അർജുൻ ചിത്രത്തിന് സ്വന്തം.

ബാഹുബലി, കെജിഎഫ്, കൽക്കി 2898 എഡി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളെ പിന്നിലാക്കിയാണ് പുഷ്പ രണ്ടിന്റെ ബോക്സ് ഓഫിസ് പ്രയാണം. 2021 ലാണ് സുകുമാറിന്റെ സംവിധാനത്തിൽ പുഷ്പ ദ റെയ്സ് റിലീസ് ചെയ്യുന്നത്. 350 കോടിയായിരുന്നു അന്നത്തെ കളക്ഷന്‍. അന്ന് 250 കോടിയിലാണ് ചിത്രം നിര്‍മ്മിച്ചത്. വൻ വിജയവും, ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാന്‍ ആദ്യഭാഗത്തിന് സാധിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അല്ലു അർജുനെ തേടി എത്തിയിരുന്നു. ഇന്ത്യന്‍ ചിലച്ചിത്രമേഖലയില്‍ തന്നെ ഇത്രയധികം ഹെെപ്പില്‍ വന്ന മറ്റൊരു ചിത്രമുണ്ടോ എന്നത് സംശയമാണ്. ആദ്യഭാഗമായ പുഷ്പ ദ റൈസ് 2021 ലെ പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന് അതേ പാന്‍ ഇന്ത്യന്‍ ലെവല്‍ വിജയം ഇരട്ടിയായി ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് പുഷ്പ രണ്ട് ദ റൂള്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുവിധമാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ഒരു ജില്ലയാകെ അടക്കിവാഴുന്ന വ്യക്തിയായി പുഷ്പ എന്ന പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ ഒഴുക്ക്. ആക്ഷന്‍ രംഗത്തോടെ ആദ്യ രംഗത്തില്‍ തന്നെ അല്ലുഅര്‍ജുന്‍ സ്ക്രീനില്‍ എത്തുന്നു. ഷെഖാവത്ത് എന്ന ഫഹദ് അവതരിപ്പിക്കുന്ന ക്യാരക്ടറും തമ്മിലുള്ള വൈരത്തിന്റെ മൂര്‍ത്തമായ സീനുകളും ചിത്രത്തിലുണ്ട്. നായകന്റെ ഭാര്യയായ ശ്രീവല്ലിയെന്ന കഥാപാത്രമായി രശ്മിക മന്ദാനയുമെത്തുന്നു. ദേവി ശ്രീ പ്രസാദിന്റെ സംഗീതം ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഗംഭീരമായിയെന്നു തന്നെ പറയാം. പുഷ്പ മൂന്നുമായി വീണ്ടും കാണാമെന്ന ഉറപ്പ് കൂടി നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

ചിത്രത്തില്‍ 300 കോടി അടുപ്പിച്ച പ്രതിഫലമാണ് അല്ലു വാങ്ങിയതെന്നാണ് റിപ്പോർട്ടുകളും സിനിമ ലോകത്ത് ചര്‍ച്ചയായിരുന്നു. ആദ്യദിനത്തിലും ചിത്രം ചിരിത്രം സൃഷ്ടിച്ചിരുന്നു. ലോകമാകമാനം 12000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ അഞ്ചിന് പുലര്‍ച്ചെ ഒരു മണിക്ക് ആദ്യ ഷോകള്‍ ആരംഭിച്ചെങ്കില്‍ കേരളമുള്‍പ്പെടെയുള്ള പലയിടങ്ങളിലും പുലര്‍ച്ചെ നാലിനായിരുന്നു ആദ്യ ഷോ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യദിന ആഗോള ഓപണിങ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടു. 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. 2022 മുതല്‍ ആ സ്ഥാനത്ത് ഉണ്ടായിരുന്ന എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിനെ മറികടന്നാണ് പുഷ്പ രണ്ട്, റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 223.5 കോടി ആയിരുന്നു ആര്‍ആര്‍ആറിന്റെ വേള്‍ഡ്‍വൈഡ് ഓപണിങ്. ഇനിയും ചരിത്രങ്ങള്‍ വാരിക്കൂട്ടുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. പുഷ്പ മൂന്ന് എന്താകുമെന്ന ചര്‍ച്ച സജീവമാക്കി സിനിമ ആസ്വാദകരും കാത്തിരിപ്പിലാണ്.

മലയാളത്തിന്റെ സ്വന്തം ഫാ ഫാ

അതേ ഒരോ മലയാളികള്‍ക്കും അഭിമാനിക്കാം. നിലവില്‍ പുഷ്പ രണ്ടിന് ഒരോ ചരിത്രങ്ങള്‍ സൃഷ്ടിക്കുമ്പോഴും. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആ വിജയത്തില്‍ ഒരു മലയാളിയുണ്ട്. അതും പ്രധാന കഥാപാത്രമായി സ്‌ക്രീനില്‍ നിറഞ്ഞാടിയ നമ്മുടെ സ്വന്തം ഫാ ഫാ യെന്ന ഫഹദ് ഫാസില്‍. ചിത്രത്തില്‍ പ്രതിനായകനായെത്തിയ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. ഒരു നോട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ അഭിനയ വിസ്മയമാണ് ഓരോ പ്രേക്ഷകര്‍ക്കും സമ്മാനിച്ചത്. ഷെഖാവത്ത് എന്ന കഥാപാത്രമായെത്തി ഒരോ ആസ്വാദകരുടെയും ഹൃദയം കവര്‍ന്നു ഫാ ഫാ എന്നതില്‍ തര്‍ക്കമില്ല. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ മുന്‍ ഭാഗത്തെ ആപേക്ഷിച്ച് പുഷ്പ രണ്ടില്‍ നീണ്ട ടൈം സ്ക്രീന്‍ സ്പേസ് പങ്കിടുന്നുണ്ട്. അല്ലു അര്‍ജുനുമായി ഫഹദിന് മുഖ്യമായി രണ്ട് സീനുകള്‍ മാത്രമേ ഉള്ളുവെങ്കിലും മത്സരിച്ചുള്ള അഭിനയം തന്നെ ഫഹദ് കാഴ്ചവയ്ക്കുന്നുണ്ട്. ചലച്ചിത്ര ലോകത്തില്‍ തന്നെ ഫഹദ് ഫാസിൽ മറ്റാര്‍ക്കും സ്വപ്നം കാണാനാവാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നിലവിൽ താരമൂല്യം കൊണ്ടും അഭിനയമികവ് കൊണ്ടും മലയാളത്തിലെ ഒന്നാം നമ്പർ നടൻ എന്ന നിലയിലെത്തിക്കഴിഞ്ഞുവെന്നാണ് സമൂഹമാധ്യമ ചര്‍ച്ചകള്‍. ഫാ ഫാ എന്ന പേര് നിലവില്‍ ബ്രാന്റായി മാറുന്ന കാഴ്ചയാണ് എങ്ങും. തന്നെ വിശ്വസിച്ച് ഏല്പിച്ച ഏത് കഥാപാത്രവും മികിച്ച രീതിയില്‍ പകര്‍ന്നാടുന്ന കാഴ്ചയാണ് ഫഹദിന്റെ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക. ഫഹദ് ഫാസിലിന്റെ ചുരുക്കപ്പേരാണ് ഫാ ഫാ. ആദ്യ പേരിലെയും രണ്ടാം പേരിലെയും രണ്ട് ഫ കൾ തുന്നിച്ചേർത്തുണ്ടാക്കിയ ചെല്ലപ്പേര്. പേര് ഹിറ്റാണ് ചലച്ചിത്രമേഖലയില്‍മാത്രമല്ല, സമൂഹമാധ്യങ്ങളില്‍ പോലും.

Exit mobile version