Site iconSite icon Janayugom Online

ബോക്സ് ഓഫീസ് കീഴടക്കി ‘തുടരും’; 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം

മോഹൻലാൽ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചത്. വെറും 17 ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി ‘തുടരും’. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. അതേസമയം പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ. 

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് ‘തുടരും’. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്. “ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും അതിൻ്റെ സ്ഥാനം കണ്ടെത്തി. ചില യാത്രകൾക്ക് ആരവങ്ങൾ ആവശ്യമില്ല, മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയങ്ങൾ മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നോട്ട്. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.

Exit mobile version