Site iconSite icon Janayugom Online

ഏഴില്‍ നാലിലൊന്നാകാന്‍

ഐപിഎല്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ് എന്നീ ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ഇനി ഏഴ് ടീമുകളാണ് ആദ്യ നാലിലെത്താന്‍ മത്സരിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷയുണ്ടായിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് മഴ വില്ലനായി. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരം മഴയെടുത്തതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് മോഹം അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത് ഡിസി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ചെറിയ വിജയലക്ഷ്യം മറികടന്ന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഹൈദരാബാദ് കരുതിയെങ്കിലും മഴയെടുത്തതോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ജയിച്ചാല്‍ ലഭിക്കേണ്ടിയിരുന്ന ഒരു അധികം പോയിന്റാണ് രണ്ടു ടീമുകള്‍ക്കും നഷ്ടമായത്. പ്ലേ ഓഫിലേക്ക് എല്ലാ ടീമുകളും വാശിയോടെ പോരാടുമ്പോള്‍ വിജയിച്ചിരുന്നെങ്കില്‍ ലഭിക്കേണ്ടിയിരുന്ന രണ്ട് പോയിന്റാണ് ഈ ടീമുകള്‍ക്ക് നഷ്ടമായത്. അവസാന ഘട്ടത്തില്‍ ഈ പോയിന്റിന്റെ കുറവാകാം പ്ലേ ഓഫിന് പുറത്തേക്കുള്ള വഴി തുറക്കുന്നതും. 

ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത പഞ്ചാബ് കിങ്സ് 2014ന് ശേഷമാണ് വീണ്ടുമൊരു പ്ലേ ഓഫിലേക്ക് കടക്കാനൊരുങ്ങുന്നത്. 11 കളികളില്‍ നിന്ന് എട്ട് ജയവുമായി 16 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ് തലപ്പത്ത്. ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഒന്നാം സ്ഥാനത്താണെങ്കിലും ബംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ബംഗളൂരുവിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുമായാണ് ബംഗളൂരുവിന്റെ മത്സരങ്ങള്‍. തൊട്ടുപിന്നില്‍ പഞ്ചാബ് കിങ്സാണ്. 11 മത്സരങ്ങളില്‍ അഞ്ച് ജയവും 15 പോയിന്റുമുള്‍പ്പെടെയാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തുള്ളത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ എന്നിവരാണ് അടുത്ത എതിരാളികള്‍.

സീസണില്‍ തുടര്‍ച്ചയായ വന്‍ പരാജയങ്ങള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവിലൂടെ പിന്നീടുള്ള മത്സരങ്ങള്‍ വിജയിച്ചെത്തിയ മുംബൈ നിലവില്‍ മൂന്നാമതാണ്. ഏഴ് ജയമുള്‍പ്പെടെ 14 പോയിന്റാണ് മുംബൈക്കുള്ളത്. ഇടയ്ക്ക് ഒന്നാം സ്ഥാനത്തെത്താനും മുംബൈക്കായിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളുമായാണ് അടുത്ത മൂന്ന് മത്സരങ്ങള്‍. ഗുജറാത്ത് ടൈറ്റന്‍സാണ് നാലാമത്. 14 പോയിന്റാണ് ഗുജറാത്തിനുള്ളത്. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തൊട്ടുപിന്നിലുണ്ട്. ഈ അഞ്ച് ടീമുകളും തമ്മില്‍ വലിയ പോയിന്റ് വ്യത്യാസമില്ല. അതിനാല്‍ തന്നെ നെറ്റ് റണ്‍റേറ്റ് പ്ലേ ഓഫിലേക്ക് നിര്‍ണായക ഘടകമാകും. അതിനാല്‍ മികച്ച വിജയങ്ങള്‍ ലക്ഷ്യമിട്ടാകും ഇനി ഓരോ ടീമുകളുമെത്തുക. 

Exit mobile version