ആഗോളവ്യാപകമായി എല്ലാവര്‍ഷവും ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളാണിതിലുള്ളത്.1972ല്‍ ഐക്യരാഷ്ട്ര സംഘടന ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി അംഗീകരിക്കുകയും ഐക്യരാഷ്ട്രസഭയുടെ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (United Nations Environment programme-UNEP)) പങ്കാളിത്തത്തോടെ ഓരോ വര്‍ഷവും ഓരോരോ രാജ്യങ്ങളെ ആതിഥേയരാക്കി ആഘോഷപരിപാടികള്‍ നടത്താന്‍ തീരുമാനിക്കുകയുമുണ്ടായി. ഈ വര്‍ഷം നെതര്‍ലന്‍ഡിന്റെ സഹായത്തോടെ ആതിഥേയത്വം വഹിക്കുന്നത് കോട്ടെഡില്‍ വോയര്‍ എന്ന രാജ്യമാണ്. പ്ലാസ്റ്റിക് മാലിന്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിഹാരമാര്‍ഗത്തിന്റെ ഭാഗമായി ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ (Beat plastic pollution) എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം.
ഭൗമോപരിതലത്തിലെ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അടങ്ങുന്ന എല്ലാ ജീവജാലങ്ങളും മണ്ണ്, ജലം, വായു എന്നീ പ്രകൃതിഘടകങ്ങളും ഉള്‍പ്പെടുന്ന വ്യവസ്ഥയാണ് പരിസ്ഥിതി. ഇവ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ട് നിലനിന്നുവരുന്നു. പണ്ട് ജൈവവൈവിധ്യത്തിന്റെ നിറകുടമായിരുന്നു നമ്മുടെ ഭൂമി. അമിതമായ ജനസംഖ്യാവര്‍ധനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ പ്രകൃതിചൂഷണവും പരിസ്ഥിതിക്ക് നാശം വരുത്തുകയുണ്ടായി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളാണ്. ദുരന്തങ്ങളും അതുമൂലമുള്ള ദുരിതങ്ങളും ജീവസമൂഹം അനുഭവിച്ചുവരുന്നു. നിരവധി ജന്തുക്കളും സസ്യങ്ങളും വംശനാശഭീഷണി നേരിടുന്നു.
പരിസ്ഥിതി നാശം ഉണ്ടാക്കുന്ന ഖരമാലിന്യങ്ങളില്‍ പ്രധാനപ്പെട്ടത് പ്ലാസ്റ്റിക്കാണ്. കരയെയും കടലിനെയും വായുവിനെയും ഇത് മലിനപ്പെടുത്തുന്നു. ആയതിനാല്‍ പ്ലാസ്റ്റിക് കൂടുകള്‍ക്കുപകരം തുണിസഞ്ചികളേയും പേപ്പര്‍ കൂടുകളേയും നമുക്കാശ്രയിക്കാം. വീടും സ്കൂള്‍ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പരിശ്രമിക്കാം. ശുചിത്വ കേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ “ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍” എന്ന മുദ്രാവാക്യം ഏറ്റുചൊല്ലാം.