Site iconSite icon Janayugom Online

ഇന്ന് ദേശീയ ഊര്‍ജസംരക്ഷണ ദിനം: ഊര്‍ജ സംരക്ഷണവും ഭാവി ജീവിത സുരക്ഷയും

energyenergy

കാലാവസ്ഥാ ദുരന്തങ്ങള്‍ വളരെയധികം സംഭവിച്ച വര്‍ഷമാണിത്. കാട്ടുതീയുടെ വ്യാപനവും അമേരിക്കയിലും കാനഡയിലും തണുത്ത പ്രദേശത്തുപോലും താപനില 50 ഡിഗ്രി സെന്റിഗ്രേഡ് അധികരിച്ചതും അതിവൃഷ്ടിയും പ്രളയവും ഉരുള്‍പൊട്ടലും ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകലും സമുദ്രനിരപ്പുയരുന്നതും ഉള്‍പ്പെടെ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നിരവധി ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിഷമഘട്ടത്തിലാണ് ഈ വര്‍ഷത്തെ ദേശീയ ഊര്‍ജസംരക്ഷണ ദിനം ആചരിക്കുന്നത്.
2050നകം കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കുന്നതിനും 2030നകം താപവര്‍ധന 1.5 ഡിഗ്രിയില്‍ അധികരിക്കാതിരിക്കുവാനും വനനശീകരണം കുറയ്ക്കുക, വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ഹരിത ഊര്‍ജ സ്രോതസുകളെ കൂടുതല്‍ ആശ്രയിക്കുക ആവാസവ്യവസ്ഥകളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഗ്ലാസ്കോയില്‍ ലോക കാലാവസ്ഥാ ഉച്ചകോടി നടന്നതും പ്രസ്തുത കാലാവസ്ഥാ ദുരന്തങ്ങള്‍ക്കിടയിലാണ്.
പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വഴി ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. ഹരിത ഗൃഹ സ്വഭാവമുള്ള വാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ ഒരു കമ്പിളി പുതപ്പുപോലെ മാറുന്നതുകൊണ്ടാണ് ഭൗമാന്തരീക്ഷ താപനില വര്‍ധിക്കുന്നത്.
ഊര്‍ജക്ഷമതയില്ലാത്ത ഉപകരണങ്ങളും അനാവശ്യ വ്യയങ്ങളും ഒഴിവാക്കി വേണ്ടത്ര ശ്രദ്ധയോടെ ഊര്‍ജം ഉപയോഗിക്കുക എന്നതാണ് ഊര്‍ജ സംരക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. ഊര്‍ജസംരക്ഷണം കാര്യക്ഷമമാക്കുന്നതിനായി 2001 സെപ്റ്റംബര്‍ 29ന് കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. ഊര്‍ജസംരക്ഷണ നിയമം 2001 ലെ സെക്ഷന്‍ രണ്ടിന്റെ സബ്സെക്ഷന്‍ ഒന്നു പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് ഊര്‍ജകാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി രൂപീകരിച്ചിട്ടുണ്ട്. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ 1996 മുതല്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇഎംസി) നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. ഊര്‍ജസംരക്ഷണ രംഗത്ത് മികവുറ്റ പദ്ധതികളുടെ നടത്തിപ്പുമായി മുന്നേറുകയാണ് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഇഎംസി.

 


ഇതുകൂടി വായിക്കൂ: കുട്ടംകുളം സമരം ഇന്നിന്റെയും ഊര്‍ജം


 

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും ഇഎംസിയുടെയും ഊര്‍ജസംരക്ഷണ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്ന സാധാരണ ബള്‍ബായ ഇന്‍കാന്‍ഡസന്റ് ബള്‍ബുകളുടെ ഉപയോഗത്തി­ല്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പകരം കുറച്ചു വൈദ്യുതിയില്‍ ദീര്‍ഘനാള്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്ന ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍ഇഡി) ഉപയോഗിച്ചുള്ള ബള്‍ബുകളും പലതരത്തിലുള്ള എല്‍ഇഡി പാനലുകളും വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ബള്‍ബിനുപുറമേ വൈദ്യുതി കുറച്ചു മാത്രം വേണ്ടിവരുന്ന സ്റ്റാര്‍ ലേബര്‍ ഉള്ള വൈദ്യുതോപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
ഫാന്‍, ടിവി, ഫ്രിഡ്ജ്, എയ­ര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ സ്റ്റാര്‍ ലേബ­ല്‍ ഉള്ളവ മാത്രം വാങ്ങി ഉപയോഗിക്കുന്നതിന് ഇനിയും ധാരാളം ബോധവല്ക്കരണ പ്രോഗ്രാമുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തേണ്ടതുണ്ട്. രാജ്യത്തെ ആകെ വൈദ്യുതോല്പാദനത്തിന്റെ 70 ശതമാനം കല്‍ക്കരി ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന താപവൈദ്യുതി നിലയങ്ങളില്‍ നിന്നുമാണ്. രാജ്യത്തെ 135 താപവൈദ്യുതി നിലയങ്ങളില്‍ 23 എണ്ണം ഒഴികെ ബാക്കി എല്ലാംതന്നെ കല്‍ക്കരിക്ഷാമം നേരിട്ടു. തീവ്ര പേമാരിയില്‍ ഡാമുകള്‍ നിറഞ്ഞതിനാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നു. കല്‍ക്കരി ക്ഷാമവും പ്രളയവും വൈദ്യുതി ഉല്പാദനരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു.

ഒരു മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 450 കിലോ (എനര്‍ജി കണ്‍വര്‍ഷന്‍ എഫിഷ്യന്‍സി 40 ശതമാനമായി കണക്കാക്കുമ്പോള്‍) കല്‍ക്കരി ഇന്ധനം ആവശ്യമുണ്ട്. രാജ്യത്തെ തെര്‍മല്‍ പവര്‍ സ്റ്റേഷനുകളിലെ 2,34,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനത്തിനായി 1,05,300 ടണ്‍ കല്‍ക്കരി വേണ്ടിവരും. ഇത്രയും കല്‍ക്കരി ഉപയോഗിക്കുമ്പോള്‍ 3,85,398 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം ഒരു മണിക്കൂറില്‍ അന്തരീക്ഷത്തില്‍ കലരുന്നു. കൂടാതെ ഇരുമ്പുരുക്ക്, സിമന്റ്, തുണിമില്‍ തുടങ്ങിയ വ്യവസായങ്ങളിലും പാചകത്തിനുമായി ഇന്ധനം ഉപയോഗിക്കുമ്പോഴും കാര്‍ബണ്‍ ഡൈ ഓക്സൈഡ് വീണ്ടും അന്തരീക്ഷത്തില്‍ ചേരുന്നു.
താപവൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുന്നതിനായി അവയെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൂപ്പര്‍ ക്രിട്ടിക്കലും അള്‍ട്രാ ക്രിട്ടിക്കലുമാക്കി മാറ്റാവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ വൈദ്യുതി മേഖല പൊതുമേഖലയില്‍ തന്നെ തുടരേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ: കരുതൽ എണ്ണവില്പന സ്വകാര്യമേഖലയ്ക്കുവേണ്ടി


 

കൂടംകുളത്തെ ആണവ വൈദ്യുതിനിലയം പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റീം കണ്ടന്‍സറില്‍ ഒരു സെക്കന്‍ഡില്‍ 500 ഘനമീറ്റര്‍ കടല്‍ജലം പമ്പിങിലൂടെ എത്തിക്കുകയും തുടര്‍ന്ന് സ്റ്റീം കണ്ടന്‍സറില്‍ നിന്നും അത്രയും ജലം 30 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവില്‍ തിരികെ കടലിലേക്ക് കടത്തിവിടുകയുമാണ്. ഒരു പ്രദേശത്തുതന്നെ അനുസ്യൂതം ചൂട് ജലം പ്രവഹിക്കുന്നത് സമുദ്രോപരിതല ഊ­ഷ്മാവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇതും പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന മറ്റൊരു പ്രതിഭാസമാണ്.
വൈദ്യുതി നഷ്ടത്തിലും കാര്‍ബണ്‍ ബഹിര്‍മനത്തിന്റെ തോതിലും വന്‍കുറവ് വരുത്താന്‍ കഴിയുന്ന മറ്റൊരു മേഖലയാണ് മോട്ടോറുകളും പമ്പുകളും കമ്പ്രസറുകളും ബോയിലറുകളും ഊര്‍ജക്ഷമത വരുത്തുക എന്നത്. ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മിഷന്‍ (ഐഇസി) നിശ്ചയിച്ച നിലവാരത്തിലുള്ള വൈദ്യുത മോട്ടോറുകള്‍ ഉപയോഗിക്കുന്നത് മോട്ടോറുകളുടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്നു. പമ്പുകളുടെയും റഫ്രിജറേഷന്റെ കംപ്രസറുകളുടെയും വൈ­ദ്യുതിച്ചെലവ് കുറയ്ക്കുന്നതിനായി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ)യുടെ സ്റ്റാര്‍ ലേബര്‍ ഉള്ളവ തന്നെ ഉപയോഗിക്കണം.
ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കളുടെ മീറ്റര്‍ പോയിന്റില്‍ എത്തുമ്പോള്‍ ഊര്‍ജനഷ്ടം സംഭവിക്കുന്നതിന്റെ ഫലമായി 80 ശതമാനമായി കുറയുന്നു. മോട്ടോറുകള്‍ക്ക് 20 ശതമാനം കുറവായ വൈദ്യുതിയാണ് പ്രവര്‍ത്തനത്തിനായി ലഭിക്കുന്നത്. മോട്ടോറില്‍ നിന്നും പമ്പിലേക്ക് എത്തുമ്പോള്‍ 80 ശതമാനത്തിന്റെ 50 ശതമാനം വീണ്ടും കുറഞ്ഞിട്ടാണ് പമ്പിന്റെ ഔട്ട്പുട്ടായി ഹൈ­ഡ്രോളിക്ക് പവര്‍ ലഭിക്കുന്നത്. ഇങ്ങനെ വൈദ്യുതി ഉല്പാദനത്തിലും മോട്ടോറിലും പമ്പിലുമായി വിവിധ ഘട്ടങ്ങളിലെ ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ: ഊര്‍ജ്ജ സംരക്ഷണത്തിനൊരുങ്ങി കാട്ടാക്കട മണ്ഡലം


 

പൈപ്പുലൈനുകള്‍ ചോര്‍ച്ചയില്ലാത്തതും ഫ്രിക്ഷന്‍ കുറഞ്ഞതും ഒപ്പം ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതും ആയാല്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കുവാനും അതിലൂടെ ഊര്‍ജസംരക്ഷണം നടത്തുവാനും കഴിയുന്നു. അമിത വേഗത, അമിത ഭാരം, ഇടയ്ക്കിടയ്ക്ക് ആക്സിലേറ്റര്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് തുടങ്ങിയവ ഒഴിവാക്കി ടയറുകളില്‍ കൃത്യമായ അളവില്‍ വായുനിറച്ച് വാഹനങ്ങള്‍ ഓടിക്കുന്നതും ഊര്‍ജലാഭം വരുത്തുന്നു. വ്യാപകമായ തോതില്‍ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാകുന്നു. വൈദ്യുതോപകരണങ്ങളുടെയും വാഹനങ്ങളുടെയും കാര്യക്ഷമത കൂട്ടുന്നതിനു പുറമേ റിന്യൂവബിള്‍ എനര്‍ജിയുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാനാകും.
കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം 2001 പ്രകാരം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വളരെ വൈകിയാണെങ്കിലും 2011 ല്‍ ഡിമാന്റ് സൈഡ് മനേജ്മെന്റ് (ഡിഎസ്എം) കരട് റഗുലേഷന്‍ പുറപ്പെടുവിച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ഊര്‍ജസംരക്ഷണത്തിന് വളരെയധികം പ്രയോജനം ചെയ്യുന്ന ഡിഎസ്എം റഗുലേഷന്‍സ് ഇനിയും അന്തിമ തീരുമാനമാകാതിരിക്കുന്നത് നാടിനാപത്താണ്.
പ്രകൃതിദത്തമായ കാറ്റും വെളിച്ചവും സുലഭമായി ലഭിക്കുന്ന വിധം കെട്ടിടങ്ങളെ ക്രമപ്പെടുത്തിയാല്‍ വൈദ്യുതിയുടെ ചെലവ് കുറയ്ക്കാം. ഒരു യൂണിറ്റ് വൈദ്യുതി സംരക്ഷിച്ചാല്‍ രണ്ട് യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് തുല്യമാകുന്നു. ഊര്‍ജസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറയുടെ ജീവിത സുരക്ഷയ്ക്കും കൂടി പ്രയോജനകരമായിത്തീരും.

(ലേഖകന്‍ ചാര്‍ട്ടേഡ് എന്‍ജിനീയറും
ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സി(ഇന്ത്യ)ന്റെ
കോര്‍പറേറ്റ് മെമ്പറുമാണ്)

Exit mobile version