പ്രണയവും പരിഭവവും ദുഃഖവും ഇങ്ങനെ വികാരങ്ങളേറെ എഴുതി നിറച്ച നീല ഇൻലൻഡിൽനിന്നും ഞൊടിയിടയിൽ ഏത് വിശേഷവും കൈമാറാനും അത് കാണേണ്ടവർ കണ്ടെന്ന് ഉറപ്പാക്കാവുന്ന നീല ടിക്കുകളിലേക്കും അവിടെനിന്നും കാലം മാറിമറിയുന്നു. കാത്തിരിപ്പിനൊടുവിലോ, അപ്രതീക്ഷിതമായോ കയ്യിൽ കിട്ടുന്ന കത്തുകൾ സമ്മാനിക്കുന്ന നെഞ്ചിടിപ്പിന്റെ മധുരം അനുഭവിച്ചവർക്ക് ഇന്നും മനസിൽ ആഘോഷം തന്നെ. കത്ത് ഒരോർമ്മപ്പെടുത്തലാണ്. ഞാൻ നിന്നെ ഓർക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്. ഞാൻ നിന്നെ ഓർക്കുന്നതുകൊണ്ട് നീ എന്നെയും ഓർക്കണമെന്ന് അത് ശാഠ്യം പിടിക്കുന്നില്ലേ… അതുകൊണ്ടാണ് മറുപടിക്കുവേണ്ടി കാത്തിരുന്നതും അതുകിട്ടാതെ വരുമ്പോൾ നിരാശപ്പെട്ടതും. മറുപടി കിട്ടുമ്പോൾ പറയാതെ പറഞ്ഞു നീ എന്നെയും ഓർക്കുന്നതുപോലെ ഞാൻ നിന്നെയും ഓർക്കുന്നുണ്ട് എന്ന്. അതിനാല്‍ ഒരു കത്ത് കിട്ടുമ്പോൾ സന്തോഷിക്കുന്നു. കത്തുകളിൽ ഗൃഹാതുരത്വമുണ്ട്. ഒരു ഫോൺവിളി ഒന്നും രേഖപ്പെടുത്തുന്നില്ല. പ്രണയിനികള്‍ക്ക് കത്ത് ഒരു കുമ്പസാരക്കൂടായിരുന്നു. പിണങ്ങുകയും വേദനിപ്പിക്കുകയും സ്നേഹിക്കുകയുമൊക്കെ അതിലൂടെയായിരുന്നു. ആസക്തമായ സൗഹൃദകാലത്തിന്റെ ഓര്‍മ്മ. തപാൽക്കാരനെ കാത്തിരിക്കുന്ന കാലം. അയാൾ വരുന്ന സമയം അറിയാം. ഒന്നരയ്ക്കും രണ്ടിനുമിടയ്ക്കാണത്. റോഡിന്റെ വളവ് തിരിഞ്ഞ് വരുന്നത് കാണുമ്പോഴേ നെഞ്ചിടിപ്പ് കൂടും. കൈകൾവിറയ്ക്കും. ക്ലാസ് കഴിഞ്ഞ് വരുമ്പോഴും ചിന്തകൾ മറുപടിക്കത്തുകളെക്കുറിച്ചാണ്. വരേണ്ട സമയം കഴിഞ്ഞതാണ്. ഇന്ന് വരുമായിരിക്കും.
സർക്കാർ ജോലികളുടെ അപ്പോയിൻമെന്റ് ഓഡറുകളിലും ബാങ്ക്, കോടതി സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളിലുമായി പോസ്റ്റ് ഇന്ന് ചുരുങ്ങി. 1874 ഒക്ടോബർ ഒമ്പതിനായിരുന്നു അന്താരാഷ്ട്ര പോസ്റ്റൽ യൂണിയൻ നിലവിൽ വന്നത്. ഇന്ത്യയിൽ ഒക്ടോബർ പത്തിനാണ് തപാൽ ദിനം ആചരിക്കുന്നത്. 1969ൽ ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ നടന്ന യുപിയു കോൺഗ്രസിൽ വച്ചായിരുന്നു ഈ ദിവസം തെരഞ്ഞെടുത്തതും ദിനാചരണം പ്രഖ്യപിച്ചതും. 1969ലാണ് ആദ്യമായി ലോക പോസ്റ്റൽ ദിനം ആചരിച്ചത്. ലോക പോസ്റ്റൽ ദിനാഘോഷത്തിന്റെ കരടുപ്രതി ആദ്യമായി സമർപ്പിച്ചത് ഒരു ഇന്ത്യക്കാരനാണ്, ആനന്ദ് മോഹൻ നരൂല. ദിനാചരണമെന്ന ആശയം മുന്നോട്ടുവച്ചതും അതിനായി ശക്തമായി വാദിച്ചതും അദ്ദേഹമായിരുന്നു. ആ നിർദേശം അംഗീകരിച്ചത് മുതൽ എല്ലാ വർഷവും ലോക പോസ്റ്റൽ ദിനം ആചരിക്കുന്നു. തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി 150ലധികം രാജ്യങ്ങൾ എല്ലാ വർഷവും തപാൽ ദിനം ആചരിക്കുന്നു. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റൽ യൂണിയൻ 1874ൽ രൂപവൽക്കരിച്ചത്. 1984ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായി.
മറാഠി ഭാഷയിലെ ഠപ്പാൽ എന്ന പദത്തിൽ നിന്നാണ് തപാൽ എന്ന പേരുവന്നത്. സൂക്ഷിക്കുക എന്നർത്ഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്ന് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുമുണ്ടായി. നൂറ്റാണ്ടുകൾ കൊണ്ട് വികസിപ്പിച്ച വിപുലമായ ഭൗതിക ശൃംഖലയെ സംരക്ഷിക്കുക എന്നതാണ് തപാൽ ദിനത്തിന്റെ പ്രാധാന്യം.
അഞ്ച് ദശലക്ഷത്തിലധികം തപാൽ ജീവനക്കാർക്ക് സന്ദേശങ്ങൾ, സമ്മാനങ്ങൾ, ചരക്കുകൾ, പണം, മരുന്നുകൾ തുടങ്ങി അവശ്യവും വ്യക്തിഗതവുമായ വിവിധ ഇനങ്ങൾ കൈമാറി തപാലിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ തപാൽ ഓഫിസുകളുടെ എണ്ണം 23,344 ആയിരുന്നു. ഇവ പ്രാഥമികമായി നഗരപ്രദേശങ്ങളിലായിരുന്നു. 2016ൽ ഇത് 1,55,015 ആയി വർധിച്ചു, ഇതിൽ 90% ഗ്രാമപ്രദേശങ്ങളിലാണ്. കാലം മാറിയപ്പോൾ പോസ്റ്റ് ഓഫിസുകൾ പല സേവനങ്ങളുടെ കേന്ദ്രമായി. കത്തുകൾ അപൂർവമെങ്കിലും പോസ്റ്റ് ഓഫിസുകൾ ഇന്നും സജീവമാണ്. കാലം മാറുകയാണ്. പുതിയ കാലത്ത്, ഡിജിറ്റൽ യുഗത്തിൽ ഇ‑മെയിലുകളും സമൂഹ മാധ്യമങ്ങളും ആശയവിനിമയ രംഗം കീഴടക്കിയെങ്കിലും, തപാൽ വകുപ്പ് കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി അതിജീവനം സാധ്യമാക്കുന്നു. കത്തുകൾക്ക് പുറമെ, ഇ‑കൊമേഴ്സ് ഉല്പന്നങ്ങളുടെ വിതരണം (പാർസൽ സർവീസ്), സാമ്പത്തിക സേവനങ്ങൾ (പോസ്റ്റ് ഓഫീസ് ബാങ്കുകൾ), ഇൻഷുറൻസ് പദ്ധതികൾ, സർക്കാർ സബ്സിഡികൾ വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം ഇന്ന് പോസ്റ്റ് ഓഫിസുകളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇന്നും, സാമ്പത്തികമായും സാങ്കേതികപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു പൊതുമേഖലാ സ്ഥാപനമായി പോസ്റ്റ് ഓഫീസ് നിലകൊള്ളുന്നു. കൂടാതെ വ്യക്തിപരവും ഔദ്യോഗികവുമായ കത്തുകളിൽ തുടങ്ങിയ പോസ്റ്റൽ വകുപ്പ് ഇപ്പോൾ ഡിജിറ്റൽ സേവനങ്ങളിലേക്കും കടന്നിട്ടുണ്ട്. ഇ‑കൊമേഴ്സായും ഓൺലൈൻ ഷോപ്പിങ് പാക്കേജുകളുമായും പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് തപാൽ വകുപ്പും. കത്തുകളുടെ വരവ് നിലച്ചെങ്കിലും കത്തുകളെ സ്നേഹിക്കുന്നവർ ഇന്നുമുണ്ട്. എന്നുമുണ്ടായിരിക്കുകയും ചെയ്യും. അതിൽ ഹൃദയത്തിന്റെ ഭാഷയും ഭാവവും ഉള്ളതുകൊണ്ട് തന്നെയാണത്. ഒരു കത്ത് കിട്ടിയിരുന്നുവെങ്കിൽ ഒരു മറുപടി എഴുതാമായിരുന്നു എന്ന തോന്നല്‍ ഒടുങ്ങാത്തതും അതിനാല്‍ തന്നെയാകും.

