ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര‑അസംശയ‑മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച , ആധുനിക കവിത്രയങ്ങളിലൊരാളായ മഹാകവി കുമാരനാശാന്റെ വിയോഗത്തിന് ഇന്ന് നൂറ് വര്‍ഷമാകുന്നു.1924 ജനുവരി 16 ന് പല്ലനയാറ്റിൽ നടന്ന റെഡീമർ ബോട്ടപകടത്തിലായിരുന്നു മരണം സംഭവിച്ചത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം. നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്.ഈ ലോകം വെടിഞ്ഞ് ഇത്രയേറെ വർഷംകഴിഞ്ഞിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും ആശാനെ സംബന്ധിച്ചായിരിക്കാം കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
പാരമ്പര്യ കാവ്യ രീതിയില്‍ നിന്നും പുതിയ തലങ്ങളിലേക്ക് എത്തുവാന്‍ ആശാന്റെ കാവ്യങ്ങള്‍ക്ക് കഴിഞ്ഞു.മഹാകാവ്യമെന്ന കാവ്യ സമ്പ്രദായത്തിന്റെ ലക്ഷണങ്ങൾക്കപ്പുറമുള്ള മഹാ കവിത്വത്തിന്റെ പേരിലാണ് അദ്ദേഹം കൈരളിയുടെ മനസ്സിൽ ഇടം കണ്ടെത്തിയത്. അനാചാരങ്ങൾക്കും പാരതന്ത്ര്യങ്ങൾക്കുമെതിരെ മിന്നൽ പോലെ അദ്ദേഹത്തിന്റെ കവിതകൾ ജ്വലിച്ചു നിന്നു. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങൾ ആസ്വദിച്ച മലയാളികൾ അദ്ദേഹത്തെ സ്നേഹഗായകനെന്നും സ്വാതന്ത്ര്യത്തിന്റെ കവിയെന്നും വിളിച്ചു. 1873 ൽ ചിറയികീഴിൽ താലൂക്കിൽ കായിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ശ്രീനാരായണ ഗുരുവുമായുള്ള കണ്ടുമുട്ടലാണ് കുമാരനാശാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഗുരുവിന്റ പ്രിയ ശിഷ്യനായ വേളയിൽ ചിന്ന സ്വാമി കുമാരു ആശാനെന്ന പേരിൽ കാവ്യങ്ങളെഴുതി. പിന്നീട് ശ്രീനാരായണ ഗുരു മുൻകയ്യെടുത്ത് കുമാരന്റെ ഉപരിപഠനം ബാംഗ്ലൂരിലും കൽക്കട്ടയിലെ മദ്രാസിലുമായി പൂർത്തിയായി.തിരിച്ചു വന്ന കുമാരനാശാൻ, നവോഥാന കേരളത്തിന്റെ സൃഷ്ടിയിൽ ശ്രീ നാരായണ ഗുരുവിനൊപ്പം നിലയുറപ്പിച്ചു. ശ്രിനാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു ആശാന്‍. യോഗത്തിന്റെ മുഖപത്രമായ വിവേകോദയം മാസിക അദ്ദേഹം ആരംഭിച്ചു. സമുദായ പ്രവര്‍ത്തനത്തിനൊപ്പം അദ്ദേഹത്തിന്റെ കാവ്യസപര്യയും ശക്തമായി മുന്നോട്ടു പോയി.
1907 ൽ മിതവാദി പത്രത്തിൽ അച്ചടിച്ച അദ്ദേഹത്തിന്റെ കാവ്യം വീണപൂവ്, മലയാള കാവ്യ അഭിരുചിയിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും പോലുള്ള കൃതികൾ ജാതിവിവേചനമില്ലാത്ത ഒരു ഭാവി സ്വപ്നം കണ്ടു. നളിനിയും ലീലയും പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ സ്നേഹത്തിന്റെ പുതിയ ആകാശങ്ങൾ കാവ്യലോകത്തു അദ്ദേഹം ഉയർത്തി. കരുണയും പ്രരോദനവും അദ്ദേഹത്തിന്റെ മറ്റു പ്രമുഖമായ കൃതികളാണ്.
ഒട്ടേറെ ഭാവഗീതങ്ങളും സ്ത്രോത്ര കാവ്യങ്ങളും ലഘുകവിതകളും എഴുതി. ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാന്‍റെ കാവ്യസമ്പത്ത്. ആശാന്‍റെ പ്രശസ്തമായ വിലാപകാവ്യമാണ് പ്രരോദനം. ഗുരുവും വഴികാട്ടിയുമായ എ. ആറിന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ട് ആശാൻ രചിച്ച കാവ്യമാണ് പ്രരോദനം. വീണപൂവ്, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്‍റെ രചനകളിൽ മികച്ച് നിൽക്കുന്നത്. അദ്ദേഹത്തിന്‍റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കരുണയെ ആശാന്‍റെ പട്ടം കെട്ടിയ രാജ്ഞിയായാണ് വാഴ്ത്തപ്പെടുന്നത്. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത് കോടതി ജഡ്ജി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ കുമാരനാശാൻ പ്രവർത്തിച്ചിരുന്നു. കേരളഹൃദയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന് (1099 മകരം 3 (51-ാം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞു.
തൂമതേടും തൻ പാള കിണറ്റിലി-
ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ
കോമളാംഗി നീർ കോരി നിന്നീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;
ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-
അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?
നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?