കാർട്ടൂണിസ്റ്റ് ശങ്കർ. ഇന്ത്യൻ പൊളിറ്റിക്കൽ കാർട്ടൂണുകളുടെ കുലപതി… കാലത്തെ വെല്ലുന്ന രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച രാഷ്ട്രീയ കാർട്ടൂണുകളുടെ ഉടയോൻ… 1902 ജൂലായ് 31 ന് കായംകുളത്ത് ജനിച്ച് രാജ്യത്തിന്റെ അതിരുകൾക്കപ്പുറം വളർന്ന കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ ശങ്കരപ്പിള്ള ഓർമ്മയായിട്ട് ഇന്ന് 32 വർഷം. നെഹ്റുവിനെപ്പോലെ, തന്നെ കളിയാക്കുന്ന കാർട്ടൂൺ കണ്ട് പുഞ്ചിരിക്കുന്ന ഭരണാധികാരികൾ വിരളമായ അസഹിഷ്ണുതകളുടെ ഇക്കാലത്ത് ശങ്കറിനേയും അദ്ദേഹത്തിന്റെ വരകളും ഓർക്കുന്നത് രസകരംതന്നെ.
ചെറുപ്പം മുതൽ വരകൾക്കൊപ്പം സഞ്ചരിച്ച കുട്ടി ശങ്കരൻ മാവേലിക്കര സ്കൂളിലെ ഉറക്കം തൂങ്ങിയായ അദ്ധ്യാപകന്റെ കാരിക്കേച്ചർ വരച്ച് ഹെഡ്മാസ്റ്ററിൽ നിന്ന് ശിക്ഷ വാങ്ങി. സ്കൂൾ പഠനം കഴിഞ്ഞ് മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് ആർട്ടിൽ ചിത്രകല പഠിച്ചു. തുടർന്ന് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ബിഎസ് സി ബിരുദം. നിയമത്തിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹവുമായി ബോംബെയിൽ എത്തി. പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിൾ, ഫ്രീ പ്രസ് ജേർണൽ എന്നീ പത്രങ്ങളിൽ ഫ്രീലാൻസറായി കാർട്ടൂൺ വരയും തുടർന്നു. 1932 അവസാനത്തോടെ പോത്തൻ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഹിന്ദുസ്ഥാൻ ടൈംസിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്നു. പിന്നീട് സ്വന്തമായി തുടങ്ങിയതാണ് ശങ്കേഴ്സ് വീക്കിലി.
സ്വദേശികളും വിദേശികളുമായ കാർട്ടൂണിസ്റ്റുകളുടെ പറുദീസയായിരുന്നു ശങ്കേഴ്സ് വീക്ക് ലി. കാർട്ടൂണിസ്റ്റ് കുട്ടി, ഒ വി വിജയൻ, സാമുവൽ, യേശുദാസൻ തുടങ്ങി ഒരു തലമുറ ശങ്കറിന്റെ ശിഷ്യന്മാരായിരുന്നു. ലോക കാർട്ടൂണിന്റെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന ഡേവിഡ് ലേയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ശങ്കറിന്റെ കാർട്ടൂണുകളിൽ ഉണ്ട്. തന്റെ ശിഷ്യന്മാരും ഈ ക്ലാസിക് ശൈലി തുടരണമെന്ന് ശങ്കർ വാശി പിടിച്ചിരുന്നു. ഇത്തരം വാശിയാവണം പല ശിഷ്യന്മാരും ശങ്കറിനോട് പിണങ്ങിയാണ് പിരിഞ്ഞതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ശങ്കറിന്റെ വരകളുമായി ബന്ധപ്പെട്ട് നിരവധി രസകരമായ സംഭവങ്ങളുണ്ട്. ബ്രിട്ടീഷ് വൈസ്രോയിമാർ മുതൽ ഇന്ത്യൻ ഭരണാധികാരികൾ വരെ ശങ്കറിന്റെ വരകളിൽ ഇടം പിടിച്ചിരുന്നു. ശങ്കർ വരച്ച വെല്ലിംഗ്ടൺ പ്രഭുവിന്റെ കാർട്ടൂൺ സംബന്ധിച്ച് രസകരമായൊരു സംഭവം മാധ്യമ പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ സുധീർനാഥ് തന്റെ ‘കാർട്ടൂണിസ്റ്റ് ശങ്കർ: കല, കാലം, ജീവിതം’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ ജോലി ചെയ്യുകയായിരുന്ന ശങ്കർ വൈസ്രോയിയെ കളിയാക്കി ഒരു കാർട്ടൂൺ വരച്ചു. മണിക്കൂറുകൾക്കകം, വീട്ടിലെത്തി തന്നെ കാണണമെന്ന് വൈസ്രോയിയുടെ ഉത്തരവുവന്നു. പറഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയ ശങ്കറിനെ മുന്നിൽ നിർത്തി ലേഡി വെല്ലിംഗ്ടൺ പറഞ്ഞു:
“കാർട്ടൂണൊക്കെ കൊള്ളാം. രസമുണ്ട്, ചിരിയും വരും. പക്ഷേ, അതിലൊരു കുഴപ്പമുണ്ട്.”
അതു കേട്ടതും ശങ്കർ ഒന്ന് അമ്പരന്നു. പറയുന്നത് ലേഡി വെല്ലിംഗ്ടണാണ്. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടൺ പ്രഭുവിന്റെ പത്നി. ആശ്ചര്യവും ആധിയും കലർന്ന മുഖത്തോടെ ശങ്കർ വെല്ലിംഗ്ടൺ പ്രഭ്വിയെ നോക്കി.
അവർ തുടർന്നു:
”കുഴപ്പം എന്താണെന്നോ, മൂക്ക്! എന്റെ ഭർത്താവിന്റെ മൂക്ക് നിങ്ങൾ വരച്ചതുപോലല്ല. അതിനിത്ര വലിപ്പമില്ല ! ”
ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ പ്രഭ്വിയെ നോക്കിക്കൊണ്ടിരുന്ന ശങ്കർ അതു കേട്ടതും ചിരിച്ചുപോയി. ശങ്കറിന്റെ അടുത്തിരുന്ന് ചായ കുടിക്കുകയായിരുന്ന വൈസ്രോയിയും ചിരിച്ചു.
വേവൽ പ്രഭു ചുടുകാട്ടിൽ നൃത്തമാടുന്ന ഭദ്രകാളിയായി ചിത്രീകരിച്ച കാർട്ടൂൺ അച്ചടിച്ചു വന്നപ്പോൾ ശങ്കറിനെ വൈസ്രോയി വിളിപ്പിച്ചു. ഉൾഭയത്തോടെ ചെന്ന ശങ്കറിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
”എന്റെ പ്രിയപ്പെട്ട ശങ്കർ, താങ്കൾ ഒരു രസികൻ കാർട്ടൂണിസ്റ്റ് ആണ്. ഇന്നത്തെ ആ ചിത്രത്തിന്റെ ഒറിജിനൽ എനിക്കു തരുമോ?” അന്ന് വൈസ്രോയി കൊടുത്ത പാരിതോഷികം അടങ്ങിയ ക്യാഷ് ചെക്ക് താൻ ഏറെക്കാലം നിധിപോലെ സൂക്ഷിച്ചതായി ശങ്കർ അനുസ്മരിച്ചിട്ടുണ്ട്.
ചില സൗഹൃദങ്ങൾ സംഭവിച്ചു പോവുന്നതാണ്. നെഹ്റു ശങ്കറിനെ ആദ്യമായി കാണുന്നത് ജനീവയിൽ വച്ചാണ്. അന്നു തുടങ്ങിയതാണ് ആ ചിരകാല സൗഹൃദം. ശങ്കറിന്റെ വീട്ടിൽ ഒരു നിത്യസന്ദർശകനായിരുന്നു നെഹ്റു. മറ്റൊരു കാർട്ടൂണിസ്റ്റിനും നൽകാത്ത സ്വാതന്ത്ര്യം നെഹ്റു ശങ്കറിന് അനുവദിച്ചിരുന്നു. 1948 മെയിൽ ന്യൂഡെൽഹിയിൽ ശങ്കേഴ്സ് വീക്ക് ലിയുടെ ഉദ്ഘാടന ചടങ്ങ്. ” Don’t spare me Shankar” (എന്നെ വെറുതെ വിടരുത്, ശങ്കർ) എന്നാണ് വീക്കിലിയുടെ ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ശങ്കറിനോട് പറഞ്ഞ വാക്കുകൾ. ഇന്നും സ്മരിക്കപ്പെടുന്ന ശങ്കറിന്റെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളുടെ വിജയത്തിന്റെ കാരണവും നിർലോഭമായ ഈ പ്രോത്സാഹനം ആയിരുന്നു. വിമർശനത്തെ സഹിഷ്ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടെങ്കിലേ രാഷ്ട്രീയ കാർട്ടൂണുകൾക്ക് വിജയിക്കാനാവൂ. അക്കാര്യത്തിൽ ശങ്കർ ഭാഗ്യവാനായിരുന്നു.
മാറിയ കാലഘട്ടത്തിലും ശങ്കറും അദ്ദേഹത്തിന്റെ വരകളും പുനർ വായിക്കപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം (1949) ശങ്കർ തന്റെ വാരികയിൽ വരച്ച ഒരു കാർട്ടൂൺ പിൽക്കാലത്ത് ഇന്ത്യൻ പാർലമെന്റിലും പുറത്തും വലിയ ഒച്ചപ്പാടുയർത്തി. ഭരണഘടന ഉണ്ടാക്കുന്നതിനു വേഗത പോരെന്ന ആശയം ഹാസ്യാത്മകമായി ശങ്കർ വരച്ചുകാട്ടിയ ചിത്രം എൻ സി ഇ ആർ ടി പാഠപുസ്തകത്തിൽ ചേർത്തു. ‘ഡോ. ബി ആർ അംബേദ്കർ ഒരു ഒച്ചിന്റെ മേൽ യാത്ര ചെയ്യുന്നു. പണ്ഡിറ്റ് നെഹ്റു ചാട്ടവാർ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നു. ഒച്ചിന്റെ മേൽ ‘കോൺസ്റ്റിറ്റ്യൂഷൻ’ എന്ന് എഴുതിയിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന്, അന്നത്തെ മന്ത്രി കബിൽ സിബൽ ചിത്രം പാഠഭാഗത്തുനിന്ന് നീക്കാൻ ഉത്തരവിട്ടു. 1949 ൽ ശങ്കേഴ്സ് വീക്കിലിയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ ആസ്വദിച്ച ഒരു ഹാസ്യചിത്രത്തിന്റെ പിൽക്കാല ദുര്യോഗം. ഇതൊക്കെ കാണുമ്പോൾ താൻ ജീവിച്ച കാലഘട്ടം തന്റെ കരിയറിൽ എത്ര സഹായിച്ചു എന്നോർത്ത് കാണാമറയത്തിരുന്ന് ശങ്കർ ആശ്വസിക്കുന്നുണ്ടാവണം.
ഇന്ത്യയെക്കുറിച്ചുള്ള നെഹ്റുവിന്റെ ആകുലത അടിസ്ഥാനമാക്കി ശങ്കർ വരച്ച ഒരു കാർട്ടൂണിൽ ഒരു പൂന്തോട്ടത്തിന് നടുക്ക് വായിൽ തീയുമായി നിൽക്കുന്ന നെഹ്റുവിനേയും, അത് അണയ്ക്കാനായി ഓടുന്ന ലോകനേതാക്കളെയും കാണാം. അതിൽ നെഹ്റുവിന്റെ ഉടുപ്പിൽ ഒരു പൂവ് അദ്ദേഹം വരച്ചിരുന്നു. തുടർന്നും അദ്ദേഹം ഉടുപ്പിൽ പൂവുമായി നിൽക്കുന്ന നെഹ്റുവിന്റെ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. ഈ കാർട്ടൂണുകൾ നെഹ്റുവിനെ ആകർഷിച്ചു. അങ്ങനെയാണ് അദ്ദേഹം തന്റെ കോട്ടിൽ സ്ഥിരമായി റോസാപ്പൂ ചൂടാൻ തുടങ്ങിയതെന്നൊരു കഥ.
നെഹ്റുവിന്റെ അവസാനകാലത്ത് ശങ്കർ വരച്ചതാണ് Who after Nehru എന്ന കാർട്ടൂൺ. പത്താം നാൾ നെഹ്റു മരിച്ചു. നെഹ്റുവിന്റെ മരണശേഷം, കാർട്ടൂണിൽ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. തുടർന്ന് വരിവരിയായി ഓടുന്നവരിൽ ഗുൽ സരിലാൽ നന്ദ, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. നെഹ്റുവിനു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം കാർട്ടൂണിലൂടെ പ്രവചിക്കുകയായിരുന്നില്ലേ ശങ്കർ? ഇങ്ങനെ നെഹ്റു കഥാപാത്രമായ എത്രയെത്ര കാർട്ടൂണുകൾ. ഒക്കെയും നെഹ്റു ആസ്വദിച്ചിരുന്നു.
‘ശങ്കർ, എന്നെ വെറുതെ വിടരുത്’ എന്ന പേരിൽ പ്രധാനമന്ത്രി നെഹ്റുവിനെപ്പറ്റി 1964 വരെയുള്ള 16 വർഷങ്ങളിൽ താൻ വരച്ച നൂറുകണക്കിനുള്ള കാർട്ടൂണുകളുടെ ഒരു സമാഹാരവും ശങ്കർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെഹ്റുവിന്റെ ഭരണകാലം മുഴുവനും വരകളിൽക്കൂടി നമുക്കു കാണിച്ചുതരുന്നു അദ്ദേഹം ഈ പുസ്തകത്തിലൂടെ.
1964 മെയ് 27. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിടപറഞ്ഞ ആ ദിവസം ശങ്കർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോയില്ല. താൻ തിരിച്ചു വരുമ്പോൾ വിറയാർന്ന കൈകളാൽ അദ്ദേഹം വരയ്ക്കുകയായിരുന്നു, ഭാവി പ്രധാനമന്ത്രി ഇന്ദിരാജിയുടെ ചിത്രമെന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ അനുസ്മരിച്ചിട്ടുണ്ട്. സംവത്സരങ്ങൾ നീണ്ട ആ സൗഹൃദം നീറുന്ന ഓർമ്മയായി മരണം വരെ ശങ്കർ മനസ്സിൽ സൂക്ഷിച്ചിരുന്നു.
ശങ്കേഴ്സ് വീക്ക് ലി സ്വദേശിയരും വിദേശിയരുമായ കാർട്ടൂണിസ്റ്റുകൾക്ക് ഒരു സർവ്വകലാശാലയായിരുന്നു. ശിഷ്യരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു ശങ്കറിന്. ഏറ്റവും കൂടുതൽ കാലം ശങ്കറിനൊപ്പമുണ്ടായിരുന്ന ശിഷ്യൻ, കാർട്ടൂണിസ്റ്റ് കുട്ടി, ഇന്ത്യൻ കാർട്ടൂണിന്റെ കുലപതി എന്നതിനപ്പുറം ശങ്കറെന്ന മനുഷ്യന്റെ ആരും കാണാത്ത വശങ്ങൾ തുറന്നു കാട്ടിയിട്ടുള്ളതായി കാർട്ടൂണിസ്റ്റ് സുധീർനാഥ് ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. കുട്ടി പറയുന്നത് ഇങ്ങനെ:
“അദ്ദേഹം മകനെപ്പോലെ എന്നെ സ്നേഹിച്ചു. പകരം ഞാൻ ഒരു അൾസേഷ്യൻ നായയെപ്പോലെ അദ്ദേഹത്തോടു വിശ്വസ്തത പുലർത്തി.” കുട്ടിയുടെ ഈ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ആൾക്കാരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ശങ്കർ വ്യക്തി ജീവിതത്തിൽ നർമ്മബോധമില്ലാത്ത ഗൗരവക്കാരനായിരുന്നു. ആരെയും മുഖം നോക്കാതെ വിമർശിച്ചിരുന്ന ശങ്കർ വിമർശനം സഹിക്കാറുണ്ടായിരുന്നില്ല. കാർട്ടൂണിസ്റ്റ് ശങ്കറും ശങ്കരപ്പിള്ളയും തികച്ചും വ്യത്യസ്തരായ വ്യക്തികളായിരുന്നു. ശങ്കർ എപ്പോഴും ഒ വി വിജയൻറെ കാർട്ടൂണുകളെ വിമർശിച്ചു. വിജയന്റെ കാർട്ടൂണുകൾ എനിക്ക് മനസ്സിലാകുന്നില്ല’ എന്ന് ശങ്കർ പരസ്യമായി പറഞ്ഞിട്ടുണ്ട്. ശങ്കറിന് രസിക്കാതിരുന്ന ഒരു കാർട്ടൂൺ ന്യൂയോർക്ക് ടൈംസിൽ അച്ചടിച്ച് വന്നത് തനിക്ക് ആത്മവിശ്വാസം ഉണ്ടാക്കിയതായി ഒ വി വിജയൻ (ജമാൽ കൊച്ചങ്ങാടിയുടെ, സത്യം പറയുന്ന നുണയന്മാർ എന്ന പുസ്തകം).
എന്നാൽ വിജയന്റെ പ്രതിഭയുടെ ആഴവും വലിപ്പവും ശങ്കർ കണ്ടറിഞ്ഞു. ശങ്കേഴ്സ് വീക്ക് ലിയുടെ വിടവാങ്ങൽ ലക്കം രൂപകൽപ്പന ചെയ്യാനും എഡിറ്റ് ചെയ്യാനും ശങ്കർ വിശ്വാസപൂർവ്വം ആശ്രയിച്ചത് വിജയനെയായിരുന്നു.
പ്രതിഭകളെ കണ്ടെത്താൻ ശ്രമിച്ചിരുന്ന ശങ്കർ അവർക്കായി ശങ്കേഴ്സ് വീക്ക്ലിയുടെ വാതിൽ മലർക്കെ തുറന്നിട്ടു. നെഹ്റുവിനോടൊപ്പം 1955ൽ റഷ്യൻ സന്ദർശനത്തിന് പോയ അവസരത്തിൽ ശങ്കേഴ്സ് വീക്കിലിയുടെ കവർ വരയ്ക്കാൻ ശങ്കർ കണ്ടെത്തിയത് ബാൽ താക്കറെ എന്ന കാർട്ടൂണിസ്റ്റിനെ ആയിരുന്നു. അന്ന് ബോംബയിൽ നിന്നുള്ള ഫ്രീപ്രസ്സ് ജേർണലിന്റെ കാർട്ടൂണിസ്റ്റായിരുന്നു പിൽക്കാലത്ത് ശിവസേനാ നേതാവായി മാറിയ താക്കറെ. നെഹ്റു ‘ഡിസ്ക്കവറി ഓഫ് റഷ്യ’ എന്ന പുസ്തകം എഴുതുന്ന താക്കറെയുടെ കാർട്ടൂൺ ശങ്കേഴ്സ് വീക്ക് ലിയിൽ മുഖചിത്ര കാർട്ടൂണായി അച്ചടിച്ച് വന്നതായി ബാൽ താക്കറെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താക്കറേയുടെ വരകൾ ശങ്കറിന് വളരെ ഇഷ്ടമായിരുന്നു.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ മൂന്ന് അവാർഡുകളും നൽകി കേന്ദ്രസർക്കാർ ആദരിച്ച ആ വിശ്വ പ്രശസ്ത കാർട്ടൂണിസ്റ്റിന് ജന്മനാടായ കായംകുളത്ത് ഉചിതമായ സ്മാരകവും ഉയർന്നു.
അവസാന കാലത്ത് ശങ്കർ പറഞ്ഞു:
“ഇന്ന് ഞാൻ കാർട്ടൂണിസ്റ്റ് അല്ല. കാർട്ടൂൺ എനിക്ക് തീരെ ഇഷ്ടമല്ല. ബ്രഷ് വലിച്ചെറിഞ്ഞിട്ട് പത്തുകൊല്ലമായി. ഞാനിപ്പോൾ കുട്ടികളുടെ ലോകത്താണ്. ലോകമെങ്ങുമുള്ള കുട്ടികളുടെ അമ്മാവനാണ് ഞാൻ.’’
2021 ഡിസംബർ 26 ന് കുട്ടികളുടെ അമ്മാവനെ ക്രിസ്തുമസ് അപ്പൂപ്പൻ കൂട്ടിക്കൊണ്ടുപോയി. എങ്കിലും അദ്ദേഹത്തിന്റെ വരകൾക്കൊപ്പമുള്ള യാത്ര ഇന്നും ചരിത്രത്തിനൊപ്പമുള്ള സഞ്ചാരമാകുന്നു. ആ ചിരി വരകൾക്ക് മരണമില്ല.
You may like this video also