പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ മുന്നിലാണ്.
ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണ പോരാട്ടമായിരിക്കും. നേരത്തെ ടി20 പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് സ്വന്തം നാട്ടില്‍ നാണംകെടാതിരിക്കാന്‍ ഏകദിന പരമ്പരയെങ്കിലും നേടേണ്ടതായുണ്ട്.
ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വിക്കാണ് ഇംഗ്ലണ്ട് ഇന്ത്യയോട് കീഴടങ്ങിയത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിന്റെ വന്‍ പരാജയത്തിലേക്കു തള്ളിയിട്ടത്. കടലാസില്‍ വളരെ ശക്തരായ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു പക്ഷെ കളിക്കളത്തില്‍ ഇതു പുറത്തെടുക്കാനായില്ല.
10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജസപ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും പേസ് ആക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.
110 റണ്‍സിന് ഓള്‍ഔട്ടായി. ബുംറ ആറ് വിക്കറ്റും ഷമി മൂന്ന് വിക്കറ്റും നേടി തിളങ്ങിയിരുന്നു. നിലവില്‍ ഭുവനേശ്വര്‍ കമാറിന്റെ അഭാവത്തിലും തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. മാത്രമല്ല നീണ്ട നാളുകള്‍ക്ക് ശേഷം രോഹിത്തിനൊപ്പം ഓപ്പണറായിയെത്തിയ ശിഖര്‍ ധവാനും പുറത്താകാതെ 31 റണ്‍സ് നേടി.
താരങ്ങളുടെ ഈ മികവ് മുന്നില്‍ കണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാകും ഇന്ത്യ രണ്ടാം അങ്കത്തിനിറങ്ങുക. വിരാട് കോലിയുടെ കാര്യത്തിലെ സംശയം മാറ്റി നിര്‍ത്തിയാല്‍ ആദ്യ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്താനിടയില്ല. നാലു ബൗളര്‍മാരും രണ്ടു ഓള്‍റൗണ്ടര്‍മാരുമടങ്ങുന്ന വളറെ സന്തുലിതമായ ടീമിനെയായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്.
അഞ്ചു ബൗളര്‍മാരെയായിരുന്നു കളിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് പരീക്ഷിച്ചത്. ഇവരില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിക്കാന്‍ മൂന്നു പേര്‍ തന്നെ ധാരാളമായിരുന്നു. രവീന്ദ്ര ജഡേജയെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിച്ചിരുന്നില്ല.
English summary; today is the second ODI against England
You may also like this video;