Site iconSite icon Janayugom Online

ഇന്ന് രണ്ടാം ഏകദിനം

sportssports

ഓസ്ട്രേലിയയ്ക്കെതിരാ­യ ഏകദിന പരമ്പര കൈക്കലാക്കാന്‍ ഇന്ത്യയിറങ്ങുന്നു. രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വൈഎസ് രാജ റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തും. വിശാഖപട്ടണത്ത് രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാന് കിഷന്‍ പുറത്താവും. ഗില്‍— രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും. ആദ്യ ഏകദിനത്തില്‍ നാലിന് പുറത്തായെങ്കിലും മുന്നാം നമ്പറില്‍ കോലിയുടെ സ്ഥാനത്തിന് ഭീഷണിയില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമാണ് പ്രശ്‌നം. ടി20 ഫോം അദ്ദേത്തിന് ഏകദിനത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഫോമൗട്ടിന്റെ പേരില്‍ കെ എല്‍ രാഹുലിനെ 11 അംഗ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ മുന്‍നിര വീണപ്പോള്‍ രാഹുലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നിലവില്‍ രാഹുല്‍ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. രാഹുലിനൊപ്പം രവീന്ദ്ര ജഡേജയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നീണ്ട നാളുകള്‍ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ മിന്നും ഫോം കാഴ്ചവച്ചത് ഇന്ത്യക്ക് ശക്തിയേകും. 

ബൗളിങ്ങില്‍ മുഹമ്മദ് ഷമിയും സിറാജും മികച്ച ഫോമിലാണുള്ളത്. ഇരുവരും ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. അതിനാല്‍ തന്നെ രണ്ടാം മത്സരത്തിലും ഇരുവരും ടീമില്‍ തുടരും. ബാറ്റിങ്ങില്‍ പരാജയമായ ഓസ്ട്രേലിയ കൂടുതല്‍ കരുത്തോടെ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ എങ്ങനെയും വിജയിക്കുകയെന്നതാണ് ഓസ്ട്രേലിയയുടെ മുന്നിലുള്ള വഴി. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. 

Eng­lish Sum­ma­ry: Today is the sec­ond ODI

You may also like this video

Exit mobile version