Site iconSite icon Janayugom Online

ഇന്ന് ലോക നാടകദിനം; കഷ്ടകാലമകലുന്നു കര്‍ട്ടനുയരുന്നു

ഒരു വെെറസ് വ്യാപനത്തിന്റെ കോലാഹലങ്ങളില്‍പ്പെട്ട് അടച്ചുപൂട്ടലിന്റെ അകത്തളങ്ങളില്‍ താഴ്ന്ന യവനിക വീണ്ടും അരങ്ങുണര്‍ത്തി ഉയരുന്നു. ഇക്കാലമത്രയും അരങ്ങുണരുന്നതും കാത്ത് അണിയറയില്‍ കാത്തിരുന്നവരുടെ മുഖങ്ങള്‍ കരുവാളിച്ചു വിണ്ടുകീറിയിരുന്നു. ചായം പൂശിയ കവിളുകളില്‍ കദനത്തിന്റെ കഥകള്‍ തീര്‍ത്ത് കണ്ണീര്‍ച്ചാലുകളൊഴുകി. മഹാമാരി പെയ്തൊഴിയുമ്പോള്‍ ദുരിതപ്പേമാരി കലോപാസകരെ വിട്ടൊഴിയുന്നു. വീണ്ടും വേഷമിട്ടു രംഗത്തുവരാനുള്ള തയാറെടുപ്പുകള്‍ക്കു വേഗമേറുന്നു. വീണ്ടും കര്‍ട്ടനുയരുന്നതിനായി അടുത്ത ബെല്ലിനു കാത്തിരിക്കുകയാണ് കാണികളും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോവിഡ് എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ അതിലേറെയും ദുരിതമനുഭവിച്ചത് തൊഴിലാളികളും കര്‍ഷകരും കലാകാരന്മാരുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മാറ്റത്തിനുമൊക്കെ സാംസ്കാരികലോകം നല്‍കിയിട്ടുള്ള സംഭാവന ആര്‍ക്കും നിഷേധിക്കാനാവില്ല. അതില്‍ ഏറ്റവും പ്രധാനമാണ് നാടകരംഗം. പഞ്ചാബിലും ബംഗാളിലും മഹാരാഷ്ട്രയിലും കേരളത്തിലുമൊക്കെ എത്രയോ ജനകീയ സമരമുന്നേറ്റങ്ങള്‍ക്കു പ്രചോദന‑ചാലകശക്തിയായി നാടകങ്ങള്‍ അരങ്ങുണര്‍ത്തി. കല കലയ്ക്കുവേണ്ടിയെന്നും സാഹിത്യം ഇസങ്ങള്‍ക്കപ്പുറമെന്നും പറഞ്ഞവരെയൊക്കെ തിരുത്തിക്കൊണ്ട് എത്രയോ വിപ്ലവങ്ങള്‍ക്ക് കാഹളമാവാന്‍ നാടകത്തിനു കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടതാണ് കേരളത്തില്‍ കെപിഎസി വഹിച്ച പങ്ക്. പതിനാലായിരം വേദികള്‍ പിന്നിട്ട തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ പ്രസക്തി ഇനിയും തീരുന്നില്ല എന്നതിലുപരി പിന്നെയും പിന്നെയും ജനമനസുകളെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. സ്വന്തം രചനകള്‍ക്കു നാടകാവിഷ്കാരം നിര്‍വഹിച്ച് നാടകാവതരണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ മുതല്‍ ‘ഒളിവിലെ ഓര്‍മ്മകള്‍’ വരെ ജനഹൃദയങ്ങളെ കീഴടക്കിയ തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ തന്നെ മികച്ച ഉദാഹരണങ്ങള്‍. എന്‍ എന്‍ പിള്ള, കെ ടി മുഹമ്മദ്, എസ് എല്‍ പുരം സദാനന്ദന്‍ തുടങ്ങിയവരും കേരളത്തിന്റെ നാടകപ്രസ്ഥാന ചരിത്രത്തില്‍ ഇത്തരത്തില്‍ ഏറ്റവും ശ്രദ്ധേയരാണ്. എന്നാല്‍ മറ്റുള്ളവരുടെ കൃതികളും സ്വീകരിച്ച് തങ്ങളുടെ ആവിഷ്കാര ഭംഗിയാല്‍ പുനഃസൃഷ്ടി നടത്തി ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കാനും ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം വിവിധ സമിതികള്‍ക്കായി ആയിരത്തിലധികം നാടകങ്ങളാണ് എഴുതപ്പെട്ടിരുന്നത്. എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരുമായി ഒരു വലിയ സാംസ്കാരിക സംഘം കേരളത്തിന്റെ വിവിധ വേദികളെ ആസ്വദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത കാലം അത്ര വിദൂരത്തല്ല. നവസമൂഹമാധ്യമ ഗതിചലനങ്ങളില്‍ മറ്റുള്ള പല മേഖലകളിലുമെന്നപോലെ നാടകരംഗാവതരണത്തിലും ചില പ്രതിഫലനങ്ങള്‍ കാണപ്പെട്ടു. കോവിഡുകാല നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കേരളത്തിലെ നാടകസംഘങ്ങള്‍ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലൂടെ കേരളത്തിലെ ഒട്ടുമിക്ക സമിതികളും ഇനിമുതല്‍ പ്രതീക്ഷയുടെ അരങ്ങുണര്‍ത്തും. 50 നാടകസമിതികള്‍ക്ക് നാല് ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു തീര്‍ച്ചയായും ചേതന ചോര്‍ന്ന സമിതികള്‍ക്കു പുതുജീവനേകും. നാടകം വീണ്ടും അരങ്ങുവാഴാനൊരുങ്ങുന്ന ഈ വേളയില്‍ ലോക നാടക പ്രസ്ഥാനം അതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. വീണ്ടെടുപ്പിന്റെ പുലരൊളിവെട്ടം വന്നു തുടങ്ങിയെങ്കിലും ഇപ്രാവശ്യവും ഓണ്‍ലെെനായിട്ടാണ് ഈ ആഘോഷം. ‘നാടകവേദിയും സമാധാന സംസ്കാരവും’ എന്ന സന്ദേശം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന നാടകവേദിയുടെ ഇപ്രാവശ്യത്തെ സന്ദേശം നടത്തുന്നത് വിഖ്യാത അമേരിക്കന്‍ നാടകകൃത്തായ പീറ്റര്‍ സെല്ലാര്‍സ് ആണ്. ലോകസമാധാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും സ്വാതന്ത്ര്യത്തിനും അമൂല്യപ്രാധാന്യം കല്പിക്കപ്പെടുന്ന ഇക്കാലത്ത് ഇവയ്ക്കുമേല്‍ ഉണ്ടാവുന്ന മുറിവുകള്‍ ഗൗരവതരമായി കാണേണ്ടതുണ്ട്. ജീവന്റെ നിലനില്പിനാധാരമായ പരിസ്ഥിതിക്കുമേല്‍ ഉണ്ടാവുന്ന ഏതൊരു കടന്നുകയറ്റവും ദുരന്തങ്ങളും മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് അനുഭവപാഠങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിശ്വമാനവികതയും പ്രകൃതിയുടെ നിലനില്പും ഏതൊരു കലാകാരന്റെയും മനസു തൊട്ടറിയുന്നതാണ്. അരങ്ങുണര്‍ത്തുന്ന നാടകം, ഒരു മുന്‍പരിചയവും അറിവുമില്ലാത്ത ഏതൊരു മനസിനും സംവേദനക്ഷമവും പ്രചോദകവുമാണ്. മനസുണര്‍ത്തി വീണ്ടും കര്‍ട്ടന്‍ ഉയരുമ്പോള്‍ ഒരുപാട് ജീവിതങ്ങള്‍ക്കും പുതുവെട്ടമേകും.

Exit mobile version