Site icon Janayugom Online

പോളിയോ നിർമ്മാർജനം ചെയ്തിട്ടും ഇപ്പോഴും വാക്സിൻ?

പോളിയോ തുള്ളിമരുന്ന് ഓരോ കുഞ്ഞിന്റെയും അവകാശമാണ്. വൈകല്യമില്ലാത്ത പുതുതലമുറയ്ക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനമാണ് ഓരോ പോളിയോ ദിനവും.
പോളിയോ ഒരു വൈറസ് രോഗമാണ്. ഇതുമൂലം ഉണ്ടാകുന്ന രോഗത്തിന് പറയുന്ന പേര് പോളിയോ മെലിറ്റിസ് എന്നാണ് അഥവാ പോളിയോ ഇൻഫനന്റെൽ പരാലിസിസ്. ഒരുതരം തളർവാതമാണ്. രോഗം ബാധിച്ച വ്യക്തിയുടെ വിസർജ്യത്തിലൂടെ വൈറസ് പുറത്തുവന്ന് ആ വിസർജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം ഭക്ഷണം എന്നിവ മറ്റൊരു വ്യക്തി കഴിക്കാൻ ഇടവരുമ്പോഴാണ് രോഗം പടരുന്നത്.
വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി രക്തത്തിൽ കടന്ന് കേന്ദ്ര നാഡിവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുന്നു. പോളിയോ വാക്സിൻ വഴി പോളിയോ പൂർണമായി തടയാവുന്നതാണ്. പോളിയോ വൈറസുകളെ തന്നെയാണ് വാക്സിൻ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 1952ൽ ജോനസ് സാൽകനാണ് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചത്. 1955മുതൽ കൊടുത്തു തുടങ്ങി. അത് കുത്തിവയ്ക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. നിർജീവ വൈറസിനെയാണ് ഇതിന്റ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന വായിൽ കൂടി കൊടുക്കുന്ന തുള്ളിമരുന്ന് ആൽബർട്ട് സബിൻ 1957 ൽ കണ്ടുപിടിച്ചു. 1962 ലാണ് അതിന് അംഗീകാരം കിട്ടുന്നത്. ദുർബല വൈറസിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ലോകത്താകെ 1988മുതലാണ് പോളിയോ നിർമ്മാർജന പദ്ധതി ആരംഭിക്കുന്നത്. ഒരേ ദിവസം തന്നെ എല്ലാ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് ലഭിക്കുന്നതു വഴി അവരുടെ കുടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും. 2011 ജനുവരി 13 നാണ് ഒരു പെൺകുഞ്ഞിന് ഇന്ത്യയിൽ അവസാനമായി പോളിയോ രോഗം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ പോളിയോ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖാപിച്ചിട്ടുണ്ട്. എങ്കിലും ജാഗ്രത വേണം.
നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാനിലും അ­ഫ്ഗാനിസ്ഥാനിലും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടെ നിന്നും വൈറസ് നമ്മുടെ രാജ്യത്തും പ­ട­ർന്ന് ക­യറാനുള്ള സാധ്യ­തയുണ്ട്. ഇ­ത് ക­ണക്കിലെടുത്താണ് ഇ­ന്ത്യയി­ൽ ഇ­പ്പോഴും പ്ര­തിരോധ വാക്സിൻ കൊടുത്തുകൊണ്ടിരിക്കുന്നത്. 

Exit mobile version