ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി താനും കളിക്കേണ്ടതായിരുന്നുവെന്നും ടോസിനു തൊട്ടുമുമ്പാണ് സ്ഥാനം നഷ്ടമായതെന്നും വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ വിമല്‍ കുമാര്‍ എന്ന യൂട്യൂബ് ചാനലിനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
‘ബാര്‍ബഡോസിലെ ഫൈനലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് രോഹിത് ശര്‍മ്മ എന്നോട് പറഞ്ഞു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ അവസാന നിമിഷമാണ് സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇക്കാര്യം ടോസിന് തൊട്ടുമുമ്പാണ് എന്നെ അറിയിച്ചത്. സാരമില്ല, എന്താണെങ്കിലും കുഴപ്പമില്ല എന്ന മൂഡിലായിരുന്നു ഞാന്‍.’-സഞ്ജു പറഞ്ഞു.
‘വാം അപ്പിനിടെ രോഹിത് എന്നെ ഒരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് എന്തുകൊണ്ട് അത്തരമൊരു തീരുമാനം എടുത്തതെന്ന കാര്യം വിശദീകരിക്കാന്‍ തുടങ്ങി. നിനക്ക് മനസിലാകുമല്ലോ അങ്ങനെ അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ പറഞ്ഞു തുടങ്ങി. നമുക്ക് ആദ്യം മത്സരം ജയിക്കാം, എന്നിട്ട് സംസാരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇക്കാര്യം പറഞ്ഞതിനുശേഷം തിരികെ പോയ രോഹിത് ഭായി കുറച്ചു മിനിറ്റിനുള്ളില്‍ തന്നെ വീണ്ടും എന്റെ അടുത്തേക്കു വന്നു. നീ എന്നെക്കുറിച്ച് മനസില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടാവുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. നീ സന്തോഷവാനല്ലെന്നും തോന്നുന്നുണ്ട്. എന്തോ നിന്റെ മനസിലുണ്ടെന്ന് തോന്നുന്നു. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ ചെറിയ ചര്‍ച്ച നടന്നു. കളിക്കണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ ഞാന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‌നങ്ങളിലൊന്നായിരുന്നു ഇതെന്നും രോഹിത് ഭായിയോടു പറഞ്ഞു. ലോകകപ്പ് ഫൈനൽ പോലെ അതീവ സമ്മർദം നിറഞ്ഞൊരു മത്സരത്തിനു തൊട്ടുമുമ്പ് കളിയേക്കുറിച്ചും കളിക്കുന്ന താരങ്ങളേക്കുറിച്ചുമല്ലേ ക്യാപ്റ്റൻ ചിന്തിക്കേണ്ടത്. പക്ഷേ, അത്തരമൊരു സാഹചര്യത്തിലും എന്നെ ഒഴിവാക്കുന്ന കാര്യം വിശദീകരിക്കാൻ അദ്ദേഹം 10 മിനിറ്റോളമാണ് എനിക്കൊപ്പം ചെലവഴിച്ചത്. അതിനു ശേഷമാണ് അദ്ദേഹം ടോസിനായി പോയത്’- സഞ്ജു കൂട്ടിച്ചേര്‍ത്തു.