Site iconSite icon Janayugom Online

‘കരാറുകാരുടെ കാര്യത്തില്‍ മാത്രമാണോ ഉത്കണ്ഠ? യാത്രക്കാരെയും പരിഗണിക്കണം’; ടോള്‍ പിരിവ് നിരോധനം വീണ്ടും നീട്ടി

പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോള്‍ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് ടോള്‍ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോള്‍ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ 65 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഗതാഗതപ്രശ്‌നവും പണികഴിയാത്ത സാഹചര്യവുമുള്ളതെന്നും എന്‍ എച്ച് എ ഐ കോടതിയില്‍ വാദിച്ചു. എന്തുകൊണ്ട് ഈ അഞ്ച് കിലോമീറ്റര്‍ മാത്രം പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഈ അഞ്ച് കിലോമീറ്ററിന്റെ കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്രം പറഞ്ഞു.

ദേശീയ പാതയില്‍ അടുത്തിടെയുണ്ടായ അപകടം അശ്രദ്ധ മൂലമോ ഉറങ്ങിപ്പോയതു കൊണ്ടോ ആവാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം ജനുവരിയിലും അടുത്തത് മാര്‍ച്ചിലും മൂന്നാം ഘട്ടം ജൂണിലും പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിന് കാരണമില്ല. അതിനാല്‍ മുന്‍ ഉത്തരവ് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകാരുടെ കാര്യത്തില്‍ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version