Site iconSite icon Janayugom Online

ചൂടിന് നേരിയ ശമനം; വേനല്‍ മഴയ്ക്ക് സാധ്യത, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍

1. ഓപ്പറേഷന്‍ പ്യുവര്‍ വാട്ടറിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 156 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായാണ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങൾ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 

2. സംസ്ഥാനത്ത് വേനൽച്ചൂടിന് നേരിയ ആശ്വാസം. കോട്ടയം ജില്ലയിലെ 36.5 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില. കഴിഞ്ഞ ദിവസം ഇത് 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. തെക്കൻ കേരളത്തിൽ ബുധനാഴ്ച വരെ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്നാണ് പ്രവചനം.

3. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമഘട്ടത്തിലേയ്ക്ക്. ചതുപ്പായ പ്രദേശത്താണ് ജോലികൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. 

4. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർസെക്കന്‍ഡറി പരീക്ഷകൾ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരീക്ഷകൾ നടക്കുന്നത്. ഇപ്പോൾ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 

5. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. വടവുകോട്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട്, കളമശേരി, കൊച്ചി നഗരസഭ എന്നിവിടങ്ങളിലാണ് അവധി. അതേസമയം, എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.

6. കെഎസ്ആർടിസി ജീവനക്കാര്‍ക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം വൈകുമെന്ന് സൂചന. ജീവനക്കാര്‍ക്കുള്ള ഫെബ്രുവരി മാസത്തെ രണ്ടാം ഗഡു ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സഹായം തേടി ഗതാഗത മന്ത്രി കത്ത് നൽകിയിട്ടുണ്ട്. അതേ സമയം കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 

7. കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. എച്ച്3 എൻ2 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങളും സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, സംസ്ഥാനങ്ങള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളില്‍ നിരന്തരം ശ്രദ്ധ കൊടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

8. ബോളിവുഡ് താരം സതീഷ് കൗഷികിനെ തന്റെ ഭര്‍ത്താവായ ഫാം ഹൗസ് ഉടമ വികാസ് മാലു കൊന്നതാണെന്ന് രണ്ടാം ഭാര്യ. സതീഷിന്റെ പക്കല്‍നിന്ന് വാങ്ങിയ 15 കോടിരൂപ തിരിച്ചു നല്‍കാതിരിക്കാന്‍ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

9. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020–21 കാലയളവില്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന 15 മുതല്‍ 24 വയസുവരെ പ്രായമുളള 30.2 ശതമാനം പേര്‍ക്ക് ഒരുതരത്തിലുമുള്ള വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. സ്കൂള്‍ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, എന്‍ട്രന്‍സ് കോച്ചിങ് ഉള്‍പ്പെടയുള്ള വിഭാഗങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ നഗരപ്രദേശങ്ങളിലെ നിരക്ക് 27 ശതമാനമാണെന്നും 78ാമത് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

10. ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ ഗ്രാമങ്ങളെ പുകയും ചാരവും മൂടി. ആളപായമൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version