Site iconSite icon Janayugom Online

തുടക്കം കിടിലം ആദ്യചിത്രവും

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടിലന്‍ തുടക്കം. ഐഎഫ്എഫ്‌കെയുടെ ഓപ്പണിംഗ് സിനിമയെക്കുറിച്ച് അതില്‍ കൂടുതലൊന്നും പറയാനില്ല. ഇതിലും നല്ല സിനിമകള്‍ ഉണ്ടാകും ഇല്ലെന്നല്ല. പക്ഷെ ടോറി ആന്‍ഡ് ലോകിത ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മളൊക്കെ സിഐഎ എന്ന നമ്മുടെ സിനിമയില്‍ അതിര്‍ത്തി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടു. ഇത് പക്ഷെ അതിര്‍ത്തി മുറിച്ച് കടന്ന് അവിടെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരുടെ കഥയാണ്. 

ടോറിക്ക് അവിടെ താമസിക്കാനുള്ള അനുവാദമുണ്ട്, പക്ഷെ ലോകിതയ്ക്ക് അതില്ല എന്നിടത്താണ് കഥ തുടങ്ങുന്നത്. അസാധ്യമെന്ന് തോന്നുന്ന വരികളോടെ അതിലും അസാധ്യമെന്ന് തോന്നുന്ന സംഗീതത്തോടെ ആദ്യം ലോകിതയും പിന്നീട് ടോറിയും ഒരുമിച്ച് പാടുന്നതോടെയാണ് സിനിമയിലേക്ക് നമ്മുക്ക് അവരുടെ ബന്ധത്തെ എത്തിക്കാനാകൂ. ടോറിയെ കൂടെ നിര്‍ത്താന്‍ ലോകിതയ്ക്കാകില്ലെന്ന് പിന്നെ തോന്നും. അതിന് കാരണം, അവളുടെ വീട്ടിലെ പ്രാരാബ്ധങ്ങളാണ്. അഞ്ചെണ്ണത്തിനും ഉമ്മ കൊടുത്തേക്ക് അമ്മേ എന്ന് ഇടയ്ക്ക് അവള്‍ കരയും. 

പക്ഷെ ഇടയ്ക്ക് നമ്മുക്ക് മനസ്സിലാകും ടോറി അവളുടെ സഹോദരനല്ലെന്ന്. എങ്കിലും പിന്നെയും സഹോദര സ്‌നേഹം അവള്‍ക്ക് വേണ്ടി സംസാരിക്കാനും കയ്യടിക്കാനും ഏതൊരു കാഴ്ചക്കാരനെയും പ്രേരിപ്പിക്കും. അസാധ്യമായി ആളുകളെ കയ്യിലെടുക്കുന്ന സംഗീതം മനസ്സിലുള്ള ലോകിതയുടെ യഥാര്‍ത്ഥ ജോലി കഞ്ചാവ് കച്ചവടമാണ്. പക്ഷെ ടോറി അത് ചെയ്യുന്നത് അവള്‍ക്ക് ഇഷ്ടമല്ല. അവള്‍ അവനെ സ്‌കൂളില്‍ വിടുന്നു. 

അവളുടെ പേപ്പറുകള്‍ ശരിയാക്കാതെ അവിടെ ജോലിയില്‍ തുടരാനാകില്ലെന്ന് അവളുടെ യജമാനന്‍ തീരുമാനിക്കുകയാണ്. പകരം മറ്റൊരു സ്ഥലത്ത്, അതായത് അയാളുടെ കഞ്ചാവ് നിര്‍മ്മിക്കുന്ന ഫാക്ടറിയിലേക്ക് അവളെ അയയ്ക്കുകയാണ്. അതൊരു തടവറയാണ്. ഭക്ഷണം എത്തിക്കും. ജോലി കഞ്ചാവ് കൃത്യമായ അന്തരീക്ഷത്തില്‍ വളര്‍ത്തി വലുതാക്കി ഉണക്കി വയ്ക്കുകയാണ്. 

ഒരിക്കല്‍ ടോറി യജമാനനെ കബളിപ്പിച്ച് ഈ ഫാക്ടറിക്കുള്ളില്‍ കടന്നു. അവളെ അയാള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് അവന്‍ ഒളിച്ചിരുന്നു കണ്ടു. ഞാന്‍ ചീത്തയാണ് എന്ന് അവള്‍ പറയുമ്പോള്‍ അവന്‍ പറയുന്നത് അവനല്ലേ നിര്‍ബന്ധിച്ചത് അപ്പോള്‍ അവനല്ലേ ചീത്ത എന്നാണ്. 

അവള്‍ നട്ടുവളര്‍ത്തി ഉണക്കിയെടുക്കുന്ന കഞ്ചാവ് തോട്ടങ്ങള്‍ തന്നെ അവളുടെ അനിയന്മാരെ സ്‌കൂളിലയപ്പിക്കാനുള്ള കാശുണ്ടാക്കാനും അവള്‍ക്ക് അവിടെ നിന്ന് പുറത്താകാനുമുള്ള ഉപാധിയാക്കുന്നുണ്ട്. രക്ഷപ്പെട്ടെങ്കിലും പിടിക്കപ്പെടുന്നതോടെ ഇരുവരും പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു.

അടിമ സമ്പ്രദായം ഇല്ലാതായിട്ട് വര്‍ഷങ്ങളായെന്ന് പറയപ്പെടുന്നു. പക്ഷെ ഇന്നും ലോകത്ത് അത് നിലനില്‍ക്കുന്നു. കേരളത്തില്‍ പോലും മറ്റൊരു സംസ്ഥാനത്ത് നിന്ന് വരുന്നയാള്‍ക്ക് കൂലി കുറച്ച് കൊടുത്താല്‍ മതിയെന്നാണ് ചിന്ത. യഥാര്‍ത്ഥ കൂലി കൊടുക്കാത്തത് തന്നെയാണ് യഥാര്‍ത്ഥ അടിമത്വവും. അവിടെയാണ് ടോറി ആന്‍ഡ് ലോകിത പ്രസക്തമാകുന്നത്. ഇവിടെ ടോറിയും ലോകിതയും കറുത്തവര്‍ഗ്ഗക്കാരും അവരുടെ യജമാനന്‍ വെളുത്തവര്‍ഗ്ഗക്കാരനുമാണ്.

ഏറ്റവുമൊടുവില്‍ ലോകിതയുടെ പ്രിയപ്പെട്ട പാട്ട് ടോറി പാടുന്നതോടെ, അതായത് അവള്‍ അവനെ ഉറക്കാന്‍ പാടിയ, ഒറ്റയ്ക്കാകുമ്പോള്‍ കൂട്ടിനായി തന്നത്താന്‍ പാടിയ പാട്ട് പാടി സിനിമ അവസാനിക്കുന്നു.

ഇത് കണ്ട തന്നെ അനുഭവിക്കണം. അതാണ് തുടക്കത്തിലെ പറഞ്ഞത് ഗംഭീര തുടക്കം എന്ന്.

Exit mobile version