യാത്ര പുറപ്പെടുന്ന ആളല്ല തിരികെ വരുന്നത് എന്ന ഒരു പ്രയോഗം സഞ്ചാരികള്‍ക്കിടയിലുണ്ട്. കാടിനെ അറിയാനും പ്രകൃതിഭംഗി ആസ്വദിക്കാനും മാത്രമല്ല സ്വയം നവീകരിക്കാനും സൗഹൃദങ്ങള്‍ സുദൃഢമാക്കാനും സഹായിക്കുന്ന ഒരു ഏകദിന യാത്രയെ പരിചയപ്പെടുത്തുകയാണ്. തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മഴയാത്രയ്ക്ക് ജൂലൈ 2‑ന് തുടക്കമായി.
രാവിലെ 8‑ന് ചാലക്കുടി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് അങ്കണത്തില്‍ നിന്ന് പുറപ്പെട്ട്, തുമ്പൂര്‍മൂഴി, അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ ഷോളയാര്‍ ഡാം എന്നിവിടങ്ങളിലൂടെ വന്യതയുടെ മഴക്കാലസൗന്ദര്യം ആസ്വദിച്ച് രാത്രി 8 മണിയോടെ തിരികെയെത്തുന്ന മഴയാത്ര എന്തുകൊണ്ടും യാത്രികര്‍ക്ക് നവ്യമായ അനുഭവമായിരിക്കും. വഴിനീളെ നിരവധി വന്യജീവികളെ നേരില്‍ കാണാം. കാട്ടാനകള്‍, കരിങ്കുരങ്ങുകള്‍, സിംഹവാലന്‍കുരങ്ങ്, മാനുകള്‍, തുടങ്ങി പലതരത്തിലുള്ള വന്യജീവികളും പക്ഷികളും കാഴ്ചയെ കൂടുതല്‍ സുന്ദരമാക്കുന്നു. തുമ്പൂര്‍മൂഴി ഇറിഗേഷന്‍ പ്രോജക്ട് പ്രദേശത്ത് തുമ്പൂര്‍മൂഴിയെയും ഏഴാറ്റുമുഖം ടൂറിസം കേന്ദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെയുള്ള യാത്ര, ശലഭോദ്യാനം തുടങ്ങിയവ ശ്രദ്ധേയമാണ്.
പൊതുജനങ്ങള്‍ക്ക് സാധാരണനിലയില്‍ എളുപ്പം പ്രവേശനം ലഭിക്കാത്ത പെരിങ്ങല്‍ക്കുത്ത് ഐ ബി, ലോവര്‍ ഷോളയാര്‍ ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള അവസരം ഈ യാത്രയുടെ സവിശേഷതയാണ്. തുമ്പൂര്‍മൂഴിയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച് മുന്നോട്ടുനീങ്ങുന്ന യാത്ര പെരിങ്ങല്‍ക്കുത്ത് ഐ ബി യില്‍ എത്തിച്ചേരുമ്പോള്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. വൈകിട്ട് കപ്പയും കാന്താരിച്ചമ്മന്തിയും കരുപ്പെട്ടി കാപ്പിയും.
യാത്രയില്‍ ഉടനീളം പരിചയസമ്പന്നനായ ഗൈഡിന്റെ സേവനവും ലഭ്യമാണ്. യാതൊരു വിധത്തിലും മടുപ്പുളവാക്കാത്ത അസുലഭ സുന്ദരനിമിഷങ്ങളാണ് ഈ മഴയാത്ര സമ്മാനിക്കുന്നത്. യാത്രികരില്‍ നിന്ന് 1500 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. തൃശൂരില്‍ നിന്ന് 1700 രൂപയും എറണാകുളത്തുനിന്ന് 1800 രൂപയുമാണ് വരുന്നത്. എ സി വാഹനത്തിലാണ് യാത്ര. യാത്രയ്ക്ക് സഹായകമായ പാസ്സ്, ബാഗ്, കുട തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു.
ഈ മഴക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഡി ടി പി സി യുടെ ഈ മഴയാത്ര ഒരു അനുഭവമായിക്കും.
You may also like this video