Site icon Janayugom Online

ചന്ദ്രോപരിതലത്തില്‍ പതിയുക ത്രിവര്‍ണ മുദ്രകള്‍

കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമെങ്കില്‍ ഇന്ന് ചന്ദ്രോപരിതലത്തില്‍ ത്രിവര്‍ണ മുദ്രകള്‍ പതിയും. 40 ദിവസത്തെ സഞ്ചാരം പൂർത്തിയാക്കി വൈകിട്ട് 6 മണിയോടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ പേടകം ചന്ദ്രനെ തൊടും. സോഫ്റ്റ് ലാന്‍ഡിങ് സാധ്യമായാല്‍ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. റഷ്യയുടെ ലൂണ ‑25 ദൗത്യത്തിന്റെ പരാജയത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നേടുന്ന ആദ്യത്തെ രാജ്യമാകാനുള്ള അവസരവും ഇന്ത്യയ്ക്ക് കൈവന്നിരിക്കുകയാണ്.
ചന്ദ്രോപരിതലത്തില്‍ തൊട്ടതിന് പിന്നാലെ ലാന്‍ഡറിന്റെ ഒരു വശത്തെ പാനല്‍ തുറക്കും. ഇത് പ്രഗ്യാന്‍ റോവറിന് ഒരു റാമ്പ് സൃഷ്ടിക്കും. ആറ് ചക്രങ്ങളുള്ള, ത്രിവര്‍ണ പതാകയും ഐഎസ്‌ആര്‍ഒ ലോഗോയും പതിച്ച റോവര്‍ നാലുമണിക്കൂറിന് ശേഷം ലാന്‍ഡറില്‍ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ത്രിവര്‍ണ്ണ പതാകയുടെയും ഐഎസ്‌ആര്‍ഒയുടെ ലോഗോയുടെയും മുദ്രകള്‍ ചന്ദ്രോപരിതലത്തില്‍ ഉരുളുമ്പോള്‍ റോവര്‍ പതിപ്പിക്കും. ഇത് ചന്ദ്രനിലെ ഇന്ത്യയുടെ അടയാളമായി മാറും.
ചന്ദ്രന്റെ ഉപരിതലവുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ റോവറില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ലാന്‍ഡറിലേക്ക് ഡാറ്റ അയയ്ക്കുകയും ചെയ്യും. മൂന്ന് പേലോഡുകള്‍ ഉപയോഗിച്ച്‌, വിക്രം ലാന്‍ഡര്‍ ഉപരിതല പ്ലാസ്മയുടെ (അയോണുകളും ഇലക്‌ട്രോണുകളും) സാന്ദ്രത അളക്കും.
ഒപ്പം ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തി ലാന്‍ഡിങ് സൈറ്റിന് ചുറ്റുമുള്ള പ്രകമ്ബനം അളക്കുകയും ചന്ദ്രന്റെ പുറംതോടിന്റെയും ആവരണത്തിന്റെയും ഘടന വ്യക്തമാക്കുകയും ചെയ്യും. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിനും റോവറിനും ചന്ദ്രന്റെ ചുറ്റുപാടുകള്‍ പഠിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും. ഭൂമിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ലാന്‍ഡറുമായി മാത്രമേ റോവറിന് ആശയവിനിമയം നടത്താന്‍ കഴിയൂ.
ഒരു ചാന്ദ്ര ദിനത്തില്‍ (14 ഭൗമദിനങ്ങള്‍) റോവര്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ ലാന്‍ഡറിലും (3 പേലോഡുകള്‍) റോവറിലുമുള്ള അഞ്ച് ഉപകരണങ്ങളില്‍ നിന്ന് വരുന്ന ടണ്‍ കണക്കിന് ഡാറ്റ വിശകലനം ചെയ്യാന്‍ തുടങ്ങും. 14 ഭൗമദിനങ്ങളില്‍ റോവര്‍ സഞ്ചരിക്കുന്ന യഥാര്‍ത്ഥ ദൂരം ഇപ്പോള്‍ കണക്കാക്കാനാവില്ലെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

Eng­lish summary;Tricolor seals lurk­ing on the lunar surface

you may also like this video;

Exit mobile version