ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാല് ആഴ്ചകൾക്കുള്ളിൽ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും സോയാബീൻ ഒരു പ്രധാന ചർച്ചാ വിഷയമാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചൈന വില പേശുകയും എന്നാൽ സാധനങ്ങൾ വാങ്ങിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ അമേരിക്കയിലെ സോയാബീൻ കർഷകർ വേദനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. തീരുവകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം സോയാബീൻ കർഷകരെ പിന്തുണക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രസിഡന്റ് ജോ ബൈഡനെയും ട്രംപ് വിമര്‍ശിച്ചു. കോടിക്കണക്കിന് ഡോളറിന്റെ യുഎസ് കാർഷിക ഉല്പന്നങ്ങൾ, പ്രത്യേകിച്ചും സോയാബീൻ വാങ്ങുമെന്ന റഡെ കരാർ നടപ്പിലാക്കുന്നതിൽ ജോ ബൈഡൻ പരാജയപ്പെട്ടെന്നും കൂട്ടിച്ചേർത്തു.
ഓഗസ്റ്റിൽ ചൈന സോയാബീൻ ഓർഡറുകൾ നാലിരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ ട്രംപ്, ചൈനയോട് വീണ്ടും സോയാബിൻ വാങ്ങിക്കാൻ ആവശ്യപ്പെട്ടു.
അതേസമയം, മെയ് മാസത്തിന് ശേഷം ചൈന യുഎസ് സോയാബീനുകൾ വാങ്ങിയിട്ടില്ലെന്നും പകരം ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും വൻതോതിൽ വാങ്ങുകയാണെന്നും അമേരിക്കൻ സോയാബീൻ അസോസിയേഷൻ പറയുന്നു. ഈ മാറ്റം യുഎസ് കർഷകരുടെ വിപണി നഷ്ടപ്പെടുന്നതിനും വരുമാനം കുറയുന്നതിനും കാരണമായെന്നും അസോസിയേഷൻ പറഞ്ഞു. എന്നാൽ, ബെയ‍്ജിങ്ങിന്റെ പ്രധാന പ്രതിരോധ നടപടികളിൽ ഒന്ന് കാർഷിക കയറ്റുമതിയുടെ കേന്ദ്രമായ സോയാബീൻ ഉൾപ്പെടെയുള്ള അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ വാങ്ങലുകൾ കുറയ്ക്കുക എന്നതാണ്.

