Site iconSite icon Janayugom Online

ട്രംപിന്റെ തീരുവാബന്ധിത വ്യാപാരയുദ്ധം

വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷകള്‍ തെറ്റിക്കാതെതന്നെ പുതിയ തീരുവാബന്ധിത വിദേശവ്യാപാര യുദ്ധത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉരുക്ക്, അലുമിനിയം എന്നിവ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന മുഴുവന്‍ ഉല്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ഇറക്കുമതികള്‍ക്കാണെങ്കില്‍ 10 ശതമാനം അധിക തീരുവയും. കാനഡയെയും മെക്സിക്കോയെയും ട്രംപ് വെറുതെ വിട്ടിട്ടില്ല. 25 ശതമാനം അധിക തീരുവ ഇരുരാജ്യങ്ങള്‍ക്കും മേല്‍ ചുത്തിയതിനുപുറമെ, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎസ് സഖ്യകക്ഷികള്‍ക്കും പോലും ഭാവിയില്‍ കൂടുതല്‍ തീരുവ ചുമത്തപ്പെടുമെന്ന ഭീഷണിയും നിലവിലുണ്ട്. ഇതിനുള്ള പകപോക്കലെന്ന നിലയില്‍ നിരവധി രാജ്യങ്ങള്‍ യുഎസ് ഇറക്കുമതികള്‍ക്ക് മേലും അധിക തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതിലൂടെ ട്രംപിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഇതിനുള്ള പ്രധാന കാരണം, നിരവധി രാജ്യങ്ങള്‍ക്ക് യുഎസുമായുള്ള വ്യാപാരത്തില്‍ വന്‍ മിച്ചമാണുള്ളതെന്നതാണ്. തന്മൂലം ട്രംപ് ഭരണകൂടത്തിനെതിരെ ഈ പരിശ്രമം പരാജയപ്പെടുകയും ചെയ്യും. മാത്രമല്ല, യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുക എന്നതിലൂടെ സംഭവിക്കുക, സ്വന്തം പൗരന്മാര്‍ക്കുമേല്‍ അധിക ബാധ്യത വരുത്തിവയ്ക്കുക എന്നത് മാത്രമായിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ റിറ്റാലിയേറ്ററി തീരുവ എന്ന “പകരച്ചുങ്കം” പരിമിതമായ ഗുണമായിരിക്കും ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് നേടിക്കൊടുക്കുന്നത്. കൂടുതല്‍ പ്രയോജനകരമായ പോംവഴി ഉപഭോഗം കുറയ്ക്കുന്നതിലൂടെയടക്കം പ്രതികൂല ആ­ഘാതം പരിമിതപ്പെടുത്തുക എന്നതായിരിക്കും. ട്രംപിനെ പ്രകോപിപ്പിക്കുന്നതിനെ തുടര്‍ന്ന് ഫലത്തില്‍ നടക്കുക ആഗോള സാമ്പത്തികത്തകര്‍ച്ച കൂടുതല്‍ വഷളാക്കുകയായിരിക്കും.

ചുരുക്കത്തില്‍ ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളെ പക്വതയാര്‍ന്ന നയസമീപനങ്ങളിലൂടെ നേരിടുന്നതായിരിക്കും കൂടുതല്‍ യുക്തിസഹവും ഫലപ്രദവുമായിരിക്കുക. ലോഹങ്ങള്‍ക്കുള്ള തീരുവവര്‍ധനവില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നയ സമീപനമായിരിക്കില്ല ട്രംപിന്റേതെന്ന് ചൈനീസ് സര്‍ക്കാരിന് മാത്രമല്ല, യുഎസ് സഖ്യ സര്‍ക്കാരുകള്‍ക്കുപോലും മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യമായിട്ടുള്ളതാണ്. മിക്കവാറും മുഴുവന്‍ ഇറക്കുമതി ഉല്പന്നങ്ങള്‍ക്കുമേലും 10 ശതമാനം തീരുവ നിരക്ക് ചുമത്തുക എന്നത് ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെയാണ്. എന്നാല്‍ ഈ വര്‍ധന യുഎസുമായുള്ള വ്യാപാരത്തില്‍ കമ്മിയുള്ള രാജ്യങ്ങള്‍ക്കുമേല്‍ മാത്രം ഒതുക്കിനിര്‍ത്തുകയായിരുന്നു പതിവ്. അല്ലെങ്കില്‍ പരസ്പരപൂരകങ്ങളായ (റസിപ്രോക്കല്‍) പദ്ധതിയുടെ ഭാഗമെന്ന തീരുവാ നിരക്കുകളെന്ന രൂപത്തിലുള്ളവയുമായിരുന്നു. യുഎസ് സര്‍ക്കാരുമായി വ്യാപാരപങ്കാളികളായ 15ല്‍ 12 രാജ്യങ്ങളുമായും ഈ വിധത്തിലുള്ള ഉഭയകക്ഷി വ്യാപാരകരാറുകള്‍ നിലവിലുണ്ട്. ട്രംപിന്റെ തീരുവാനയം, യുഎസ് പൗരന്മാര്‍ക്കുമേല്‍ മാത്രമല്ല, ബിസിനസ് സ്ഥാപനങ്ങള്‍ക്കുമേലും ആഘാതമേല്പിക്കും. തീരുവാവര്‍ധനവിനെ തുടര്‍ന്ന് ഉപഭോഗ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകുന്ന വിലവര്‍ധനവിന്റെ അധികഭാരം വന്നുപതിക്കുക അമേരിക്കയിലെ മധ്യ — താണവരുമാന വര്‍‍ഗത്തിനുമേലായിരിക്കും. ഈ വിഭാഗക്കാരെ സംരക്ഷിക്കുന്നതില്‍ ട്രംപിന് തെല്ലും താല്പര്യവുമില്ല.

മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യയേയും ഈ സ്ഥിതിവിശേഷം ബാധിക്കുകതന്നെ ചെയ്യും. ഇതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നതാണ് നാം ചിന്തിക്കേണ്ടത്. എന്തെങ്കിലും നടപടി ഡൊണാള്‍ഡ് ട്രംപില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. രക്ഷാമാര്‍ഗവും തന്ത്രവും സ്വയം കണ്ടെത്തേണ്ടിവരും. അതേസമയം ട്രംപുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതും നന്നായിരിക്കും. ഈ ഘട്ടത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്ന മാതൃക അനുകരണനീയമാകുന്നത്. ആഭ്യന്തര സാമ്പത്തിക വ്യാവസായിക വികസന താല്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്ത വിധത്തില്‍ യുഎസിന് മേല്‍ ഒരു സമ്മര്‍ദതന്ത്രമാണിത്. ഇതിലേക്കായി ബലപ്രയോ­ഗമോ ഭീഷണിയോ ഇല്ലാത്ത വിധത്തിലുള്ള ഒരു ഉപാധിക്ക് രൂപം നല്‍കേണ്ടിവരും. ഇതിലൊന്നാണ് യുഎസ് സോഫ്റ്റ്‌വേറിന് നല്‍കിവരുന്ന ബൗദ്ധിക സ്വത്തവകാശ നിയമമനുസരിച്ചുള്ള സംരക്ഷണം നിര്‍ത്തിവയ്ക്കുക എന്നത്. ഇതോടൊപ്പം യുഎസ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴിയുള്ള സേവനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിപണികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത്തരം ഉപാധികള്‍ കൂടുതല്‍ അനുയോജ്യവും സ്വകാര്യവുമായിരിക്കുകയും ചെയ്യും. ചൈനയെ സംബന്ധിച്ചിടത്തോളം ഖനിജ വിഭവങ്ങളുടെ കയറ്റുമതിക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് താല്‍ക്കാലികമായെങ്കിലും പ്രയോഗിക്കാവുന്നതാണ്.

ആഗോള വിപണികളിലെത്തുന്ന നിരവധി ഖനിജ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് ചൈനയാണ്. അതുകൊണ്ടുതന്നെ യുഎസ് പ്രവര്‍ത്തനങ്ങളെയും കോര്‍പറേറ്റ് ലാഭത്തോതിനെയും ഈ നടപടി പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ചൈനയുടെ ആഭ്യന്തര ഉല്പാദകരെയും ഇത് ബാധിച്ചേക്കാം എന്നതുകൊണ്ടുതന്നെ ഈ നടപടിക്ക് പരിമിതമായ സാധ്യതകള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. കാരണം ലോകവ്യാപാര സംഘടനയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഏത് സമയത്തും ഉണ്ടാകാം. സ്വതന്ത്ര വ്യാപാര സംവിധാനത്തിന് കോട്ടം സംഭവിക്കുന്ന ഏതൊരു നടപടിക്കും ഡബ്ല്യുടിഒ പച്ചക്കൊടി കാണിക്കില്ല. ഈ പശ്ചാത്തലത്തില്‍ ട്രംപിന്റെ തീരുവ ഉയര്‍ത്തലിനുമേലും വ്യാപാര സംഘടനയുടെ ഇടപെടലുണ്ടാകാമെന്നാണ് നിലവിലുള്ള പൊതുവികാരം. അമേരിക്കയുമായി സാമ്പത്തിക വ്യാപാരബന്ധങ്ങള്‍ നിലനിര്‍ത്തുന്ന രാജ്യങ്ങള്‍ വേറിട്ട നിലയില്‍ മാത്രമല്ല പ്രാദേശിക കൂട്ടായ്മകളിലൂടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതുണ്ട്. പ്രാദേശികമായി നിലവില്‍ വ്യാപാര നിക്ഷേപബന്ധങ്ങളിലുള്ള പ്രതിബന്ധങ്ങളും നിയന്ത്രണങ്ങളും നീക്കം ചെയ്യുകയും ഉല്പാദന വര്‍ധന കൈവരിക്കുകയുമാണ് അനിവാര്യമായി ചെയ്യേണ്ടത്. തീരുവാനിരക്കുകളെ ആശ്രയിക്കുന്ന നിലവിലുള്ള മാതൃകയ്ക്ക് വിരാമമിടുകയും വേണം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ശക്തിപ്രാപിക്കാന്‍ ശ്രമിച്ചിട്ടുള്ളതുപോലെ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും തങ്ങള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ള കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകവഴി വിലപേശല്‍ ശക്തിവര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. എന്നാല്‍ ഇതത്ര എളുപ്പമുള്ളൊരു തന്ത്രമാവില്ല. കാരണം, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മുഖ്യ കയറ്റുമതിച്ചരക്കായ ആല്‍ക്കഹോളില്‍ യുഎസ് സര്‍ക്കാര്‍ 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇക്കാരണത്താല്‍ തന്നെ ട്രംപിസമെന്ന പ്രതിഭാസത്തെ പ്രത്യക്ഷ വെല്ലുവിളിയിലൂടെ നേരിടുന്നതിനെക്കാള്‍ ഫലപ്രദമാവുക അതുയര്‍ത്തുന്ന ഭീഷണിക്ക് സൃഷ്ടിപരമായ ബദല്‍ മര്‍ഗങ്ങള്‍ കണ്ടെത്തി പ്രയോഗിക്കുകയാണ്.

Exit mobile version