Site iconSite icon Janayugom Online

പ്രക്ഷുബ്ധമായ ലഡാക്ക്; തിരിച്ചറിയാത്ത ഭരണകൂടം

Flight at lehFlight at leh

കാർഗിലും ലേയും ഉൾപ്പെടുന്ന ലഡാക്ക് ഭൂപ്രദേശം സംസ്ഥാന പദവിയിലുണ്ടായിരുന്ന 2019 ഓഗസ്റ്റ് അഞ്ചു വരെ ജമ്മു കശ്മീരിന്റെ അവിഭാജ്യഘടകമായിരുന്നു. കാർഗിലിൽ മുസ്‌ലിങ്ങളായിരുന്നു ഭൂരിപക്ഷമെങ്കിൽ ലേ പട്ടണം ഉൾപ്പെടുന്ന ലഡാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ബുദ്ധമത വിശ്വാസികളായിരുന്നു കൂടുതല്‍. ലേയെ കശ്മീരിൽ നിന്നും സ്വതന്ത്രമായ ഒരു സ്വയംഭരണ പ്രദേശമാക്കണമെന്നത് ലേ നിവാസികളുടെ വളരെ മുമ്പേയുള്ള ആവശ്യമായിരുന്നു. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ആഹ്ലാദപൂർവമാണ് ലേയിലെ ജനങ്ങൾ സ്വീകരിച്ചത്. എന്നാൽ കേവലം മൂന്ന് വർഷം കഴിയുമ്പോൾ അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വലിയ നിരാശയിലാണ്. കേന്ദ്രസർക്കാരിന്റെ പ്രസ്താവനകൾക്കപ്പുറത്തേക്ക് ഫലപ്രദമായ ഒരു വികസന പ്രവർത്തനവും അവിടെ എത്തുന്നില്ല എന്ന വിഷമത്തിലാണ് അവർ. സംസ്ഥാന പദവി ഉണ്ടായിരുന്നതിനെക്കാളും ഗതികേടിലായി ജനങ്ങൾ.
കാലാകാലങ്ങളായി കാർഗിൽ പ്രദേശത്തെ മുസ്‌ലിം ജനവിഭാഗവും ലേയിലെ ബുദ്ധമതക്കാരും തമ്മിൽ അത്ര നല്ല ഐക്യത്തിലായിരുന്നില്ല. ഇപ്പോൾ അവർ ഒന്നിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേയും കാർഗിലും ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയാണ് വിജയിച്ചത്. എന്നാൽ ബിജെപി ഇപ്പോൾ പ്രതിരോധത്തിലാണ്. ചരിത്രത്തിലാദ്യമായി കാർഗിലിലെ കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ലേയിലെ സാമൂഹ്യ‑രാഷ്ട്രീയ കൂട്ടായ്മയായ ലേ അപ്പെക്സ് ബോഡിയും സംയുക്തമായി ഒക്ടോബർ അവസാനം ലഡാക്കിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്കിയത് ലഡാക്കിലെ മുൻ ബിജെപി എംപി തുപ്സ്താൻ ചെവാങ് ആണ്. പരമ്പരാഗത വൈരികളായ കാർഗിലിലെയും ലേയിലെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിക്കണമെങ്കിൽ എത്രമാത്രം അവർ കേന്ദ്രസർക്കാരിനെ ഭയക്കുന്നു എന്ന് തിരിച്ചറിയണം. ഒരു കോടിയില്പരം ജനസംഖ്യയുള്ള ജമ്മു കശ്മീരിനെ വരുതിയിൽ നിര്‍ത്താമെങ്കിൽ മൂന്നു ലക്ഷത്തിനകം ജനസംഖ്യയുള്ള ലഡാക്കിനെ എങ്ങനെയായിരിക്കും ബിജെപി സർക്കാർ കൈകാര്യം ചെയ്യുക എന്നാണ് അവർ ചോദിക്കുന്നത്.
ബിജെപി നയിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലാണ് ലഡാക്കിലെ നിലവിലെ ഭരണസാരഥ്യം വഹിക്കുന്നത്. അതിന്റെ തലപ്പത്തുള്ളവർക്ക് അസംതൃപ്തിയുണ്ടെങ്കിലും അവർ കേന്ദ്ര സർക്കാരിനെതിരെ നീങ്ങില്ല. കശ്മീരികളല്ലാത്തവർക്കും കൂടി വോട്ടവകാശം നല്കിയതിലൂടെ കശ്മീരിൽ ഉയർന്ന പ്രതിഷേധത്തിന്റെ അലകൾ ലഡാക്കിലും എത്തിയിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ അധിനിവേശമായിട്ടാണ് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ ഈ നടപടിയെ വീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഹിമാചലില്‍ ബിജെപി തോറ്റു; ഗുജറാത്തില്‍ നിലനിര്‍ത്തി


ജമ്മു കശ്മീരിന്റെ വിധി നിശ്ചയിച്ച 1948 ലെ യുദ്ധകാലത്ത് കേന്ദ്ര സർക്കാരിനോട് കൂറ് പുലർത്തിയവരാണ് ലഡാക്കികൾ. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം തങ്ങളുടെ സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ട് കേന്ദ്രഭരണ പദവിയാണ് ലേയിലെ ബുദ്ധമത വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നത്. മറിച്ച് കാർഗിലുകാർ പൂർണ സംസ്ഥാന പദവിക്കും ആവശ്യം ഉന്നയിച്ചിരുന്നു. സംയുക്ത വേദിയിലെത്തിയപ്പോൾ ഇരു കൂട്ടരും സംസ്ഥാന പദവി എന്ന ആശയത്തിലെത്തിച്ചേർന്നിട്ടുണ്ട്. കാർഗിലിൽ ഗാർഹികാവശ്യത്തിന് മാറ്റി വച്ച ഭൂമിയിൽ ബുദ്ധവിഹാരം നിർമ്മിക്കുന്നതിന് 1969ല്‍ ജമ്മു കശ്മീർ സർക്കാർ അനുവാദം നല്കിയതിനെതിരെ കടുത്ത പ്രതിരോധമാണ് നാളിതുവരെ മുസ്‌ലിം മത മേധാവികൾ ഉയർത്തിയിരുന്നത്. കാർഗിൽ‑ലേ ജനതയെ തമ്മിൽ കഴിഞ്ഞ 52 വർഷമായി അകറ്റി നിർത്തിയിരുന്ന വിഷയത്തിന് സൗഹാർദ്ദപരമായ തീരുമാനം ഉണ്ടായിരിക്കുന്നു. രണ്ടു വിഭാഗങ്ങളിലെയും നേതാക്കൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്ത് മൊണാസ്ട്രി നിർമ്മിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. പൊതു ശത്രുവിനെ നേരിടുന്നതിനുള്ള കരുത്ത് നേടുകയാണ് ലഡാക്കിലെ ജനത. മതസൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുമെന്ന് അവർ പ്രതിജ്ഞ ചെയ്യുകയുമുണ്ടായി.


ഇതുകൂടി വായിക്കൂ: കര്‍ണാടക ബിജെപിയിലേക്ക് ഗുണ്ടകളുടെ കുത്തൊഴുക്ക്


ലഡാക്കിലെ വിവിധ സർക്കാർ വകുപ്പുകളിലായി 12,000ത്തിൽപരം ഒഴിവുകളാണ് നികത്താനുള്ളത്. ഒരു മാസത്തിനകം തദ്ദേശീയരെ ഈ തസ്തികകളിൽ നിയമിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. നിയമന ആവശ്യവുമായി വലിയ ജനപങ്കാളിത്തത്തോടു കൂടിയുള്ള പ്രക്ഷോഭങ്ങളാണ് ലഡാക്ക് മേഖലയില്‍ നടക്കുന്നത്.
ഈ പ്രക്ഷോഭങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ആദ്യം ലഡാക്കിലെ നിലവിലെ സാമൂഹ്യ‑ഭാഷ‑സാംസ്കാരിക പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്ത് പരിഹാരം നിർദേശിക്കുന്നതിന് ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആദ്യം ലേയിലെ നേതാക്കളെ മാത്രം ഉൾക്കൊള്ളിച്ച കമ്മിറ്റി പിന്നീട് കാർഗിലിലെ നേതാക്കളെയും ഉൾപ്പെടുത്തി വിപുലപ്പെടുത്തി. എന്നാൽ ഈ കമ്മിറ്റികൾക്കും ഫലപ്രദമായി ഇടപെടാനായില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുമായില്ല. കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞു വരുന്ന തീരുമാനങ്ങൾ ഡൽഹി അജണ്ടയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞു. ലഡാക്ക് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പ് 2023 ൽ നടക്കാനിരിക്കുകയാണ്. ഭാഷാപരമായും സാമൂഹികപരമായും സ്വന്തം വ്യക്തിത്വം സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ലഡാക്കികൾ. സാംസ്കാരികമായും മതപരമായും കാർഗിലിലെയും ലേയിലെയും ജനത ഇരുധ്രുവങ്ങളിലാണെങ്കിലും അവരുടെ സ്വത്വം തകർക്കാനെത്തിയവരാണ് ഡൽഹിയിലെ ഭരണാധികാരികൾ എന്ന തോന്നലാണ് ശക്തിയാർജിച്ചിരിക്കുന്നത്. വളരെ നിർണായകമായ ഒരു ഭൂപ്രദേശമാണിവിടം. പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്നു എന്നുള്ളതുകൊണ്ട് തന്നെ കൃത്യമായ ഇടപെടൽ കേന്ദ്ര ഭരണകൂടം നടത്തേണ്ടിയിരിക്കുന്നു.
ലോകത്തെ ഏറ്റവും ശുദ്ധമായ ആര്യരക്തമുള്ളവരാണെന്നാണ് ലഡാക്കികളുടെ വിശ്വാസം. കഠിനമായ സ്വത്വബോധത്തിൽ കീഴ്പ്പെട്ട് പരമ്പരാഗതമായ ജീവിത ശൈലിയിൽ നിന്നും അണുവിട ചലിക്കാത്ത ജനവിഭാഗമാണവർ. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുള്ള അധിനിവേശവും അവരെ നിരാശരാക്കും. കശ്മീരിലെയും ലഡാക്കിലെയും ജനതയുടെ തനിമ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുമുള്ള തീരുമാനങ്ങളാണ് കേന്ദ്രഭരണകൂടം കൈക്കൊള്ളേണ്ടത്. അടിക്കടി രാജ്യസ്നേഹം ഉച്ചത്തിൽ പ്രഖ്യാപിക്കുന്നവർക്ക് സ്വന്തം ജനതയെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് വിധി വൈപരീത്യം. മറ്റ് അജണ്ടകളെല്ലാം മാറ്റിവച്ച് ബുദ്ധിപരമായി നീങ്ങാൻ കേന്ദ്രഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും അത് നയിക്കുക.

Exit mobile version