Site iconSite icon Janayugom Online

ടി വി തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

നാടിന്റെ വികസനത്തോടൊപ്പം നിൽക്കാനും അതിനുവേണ്ടി ശക്തമായി വാദിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നാദാപുരം റോഡിൽ പുതുക്കിപ്പണിത സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി ഓഫീസായ ടി വി തോമസ് സ്മാരക മന്ദിരം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് എതിരുനിൽക്കുന്നവരെ ജനം വെറുക്കും. വികസനപ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകുകയും പുനരധിവാസം ഉറപ്പാക്കുകയുമാണ് കേരള സർക്കാർ നയം. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ സിപിഐയുടെ പത്തോളം ഓഫീസുകളാണ് വിട്ടുനൽകേണ്ടി വന്നിട്ടുള്ളത്. ഒഞ്ചിയത്തെ ടി വി തോമസ് സ്മാരകത്തിനുൾപ്പെടെ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച മാറ്റം വികസനരംഗത്തും അനിവാര്യമാണ്. എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യംവെച്ചിരുന്നത്. അതിനെ പുറകോട്ട് നയിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തു തോല്പിക്കണം. രാജ്യത്തെ വർഗ്ഗീയമായി ചേരിതിരിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ആർഎസ്എസ് നയിക്കുന്ന കേന്ദ്ര ഭരണകൂടം പ്രാവർത്തികമാക്കുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. വർഗ്ഗീയതയെ എതിർക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. മതരാഷ്ട്രം എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് ഉയരണം. നമ്മുടെ ഫെഡറലിസത്തേയും ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തേയും അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനം ആവശ്യമാണ്. ടി വി തോമസ് എന്ന തൊഴിലാളി നേതിവിന്റെ ഉജ്ജ്വലമായ പോരാട്ടം ഏതൊരു പാർട്ടി പ്രവർത്തകനും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗം കെ ഗംഗാധരക്കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി വി ബാലൻ, ഇ കെ വിജയൻ എംഎൽഎ, പാർട്ടി ജില്ലാകൗൺസിൽ അംഗം സോമൻ മുതുവന, സി പി ഐ വടകര മണ്ഡലം സെക്രട്ടറി ആർ സത്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല എന്നിവർ സംസാരിച്ചു. എൻസി ഡി സി എക്സലൻസ് അവാർഡ് നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനെ ചടങ്ങിൽ ആദരിച്ചു. സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പി രാഘവൻ സ്വാഗതവും അഡ്വ. ഒ ദേവരാജ് നന്ദിയും പറഞ്ഞു.
നവീകരിച്ച ഓഫീസ് കെട്ടിടം പാർട്ടി നേതാക്കളായ സി എൻ ചന്ദ്രൻ, ടി വി ബാലൻ എന്നിവർ ചേർന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാച്ഛാദനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു. ആർട്ടിസ്റ്റ് ആർ കെ രാജൻ വരച്ച ടി വി തോമസിന്റെ ഛായാചിത്രം സി എൻ ചന്ദ്രൻ അനാച്ഛാദനം ചെയ്തു. ടി വി ബാലൻ ഓഫീസ് അങ്കണത്തിൽ പാർട്ടി പതാക ഉയർത്തി.

Exit mobile version