Site icon Janayugom Online

ഉത്സവത്തിനിടെ കാഴ്ചക്കാരെ മർദ്ദിച്ച രണ്ടുപേര്‍ അറസ്റ്റിൽ

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നിരവധി പേരെ മർദ്ദിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ജിപിൻ സദനത്തിൽ ബിപിൻ(25), ശൂരനാട് വടക്ക് പാതിരിക്കൽ രാഹുൽ ഭവനിൽ രഞ്ജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ ശൂരനാട് പൊലീസ് പിടികൂടിയത്. മലക്കുട മഹോത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള
ജോലികൾ ചെയ്യുന്നതിന് ഭരണ സമിതി നിയമിച്ച വോളന്റിയർമാരിൽ ഉൾപ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞ മാർച്ച് 25 ന് വൈകിട്ട് ഏഴോടെ വോളന്റിയർമാരിൽ ഒരു വിഭാഗം ഉത്സവം കാണാനെത്തിയവരെയും കരക്കെട്ട് ഭാരവാഹികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കരിമ്പിൻ തണ്ടും വടിയും മറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ കരക്കെട്ട് ഭാരവാഹികളായ പോരുവഴി നടുവിലേമുറി പൈങ്ങാട്ടഴികത്ത് വീട്ടിൽ പ്രിയൻ കുമാർ, രാധാകൃഷ്ണ പിള്ള എന്നിവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ശൂരനാട് എസ്. ഐ അനീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐമാരായ ജേക്കബ്ബ്, ചന്ദ്രമോൻ, എഎസ്ഐ റഷീദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version