Site iconSite icon Janayugom Online

അണ്ടര്‍ 19 ടി20 ലോകകപ്പ്; ഇന്ത്യക്ക് നിസാരം

അണ്ടര്‍ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ആധിപത്യം തുടരുന്നു. ആതിഥേയരായ മലേഷ്യക്കെതിരെ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മലേഷ്യ ഉയർത്തിയ 32 റൺസ് വിജയലക്ഷ്യത്തിലേക്ക് 2.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യയെത്തി. ഗോംഗഡി തൃഷ (12 പന്തില്‍ 27), കമാലിനി (4) എന്നിവര്‍ പുറത്താവാതെ ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ മലേഷ്യയെ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മ്മയാണ് തകര്‍ത്തത്. നാലോവറിൽ അഞ്ചു റൺസ് വഴങ്ങിയാണ് താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. മലേഷ്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാനായില്ല. ഹു­സ്‌ന, നുര്‍ ആലിയ എന്നിവര്‍ അഞ്ച് റണ്‍സെടുത്ത് ടോപ് സ്കോററായി. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്നും മലയാളി താരം വി ജെ ജോഷിത ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 103 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ വനിതകളുടെ വിജയം. രണ്ടു മത്സരങ്ങളും ജയിച്ച ഇ­ന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് അടുത്ത മത്സരം. 

Exit mobile version