Site iconSite icon Janayugom Online

ഇറാന്‍ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം

ഇറാന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളം തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളുമാണ് യുഎഇ എയര്‍ഫോഴ്സും, എയര്‍ ഡിഫന്‍സും ചേര്‍ന്ന് പ്രതിരോധിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നടപടികളുടെ ഭാഗമായി 137 ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളില്‍ 132 എണ്ണവും വിജയകരമായി നശിപ്പിച്ചതായി അധികൃതര്‍ പറയുന്നു. ബാക്കിയുള്ള അഞ്ച് മിസൈലുകൾ കടലിലാണ് പതിച്ചത്.

വിക്ഷേപിച്ച 209 ഡ്രോണുകളിൽ 195 എണ്ണവും തടയാൻ പ്രതിരോധ സംവിധാനങ്ങൾക്കായി. എന്നാൽ 14 ഡ്രോണുകൾ രാജ്യത്തിന്റെ ഭൂപ്രദേശത്തും കടൽപരിധിയിലും പതിച്ചു. തടഞ്ഞ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഞായറാഴ്ച അബുദാബിയിൽ കേട്ട ഉഗ്രശബ്ദം ഡ്രോണുകളെ വിജയകരമായി തടഞ്ഞതിന്റേതാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ അബുദാബിയിലെ ഇത്തിഹാദ് ടവറിന്റെ മുൻഭാഗത്ത് പതിച്ചതിനെത്തുടർന്ന് ഒരു സ്ത്രീക്കും കുട്ടിക്കും നിസാര പരിക്കേറ്റു. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.

കെട്ടിടത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു.രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ മന്ത്രാലയം ശക്തമായി അപലപിച്ചു. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അധികൃതർ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ വിശ്വസിക്കണമെന്നുംഅധികൃതർ കൂട്ടിച്ചേർത്തു.നിലവിലെ സാഹചര്യം പരിഗണിച്ച് മാർച്ച് 1‑ന് ഗ്ലോബൽ വില്ലേജ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.സന്ദർശകർ,ജീവനക്കാർ,താമസക്കാർ എന്നിവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് തീരുമാനം. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് അറിയിക്കും. 

UAE Defense Min­istry says it inter­cept­ed Iran­ian mis­siles and drones

Exit mobile version