പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഖത്തറിലേക്ക് നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. രാജ്യത്തിന് വ്യക്തമായ പ്രതിരോധ പദ്ധതിയുണ്ട്. ഖത്തർ‑യുകെ ജോയന്റ് ടൈഫൂൺ സ്ക്വാഡ്രൺ കരാറിന്റെ അടിസ്ഥാനത്തിലാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ സ്ക്വാഡ്രണിലുള്ള വിമാനങ്ങൾക്ക് പുറമെയാണ് നാലെണ്ണം കൂടി അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ബ്രിട്ടൻ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു സ്റ്റാർമറുടെ പ്രഖ്യാപനം. യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ മേഖലയിൽ സൈനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും സമാധാനപരമായതും എന്നാൽ ഉറച്ചതുമായ നേതൃത്വമാണ് താൻ ലക്ഷ്യമിടുന്നതെന്നും സ്റ്റാർമർ പറഞ്ഞു.

