മനുഷ്യന്റെ വിവിധ ഇടപെടലുകളാലും തെറ്റായ പ്രവർത്തനങ്ങൾ കൊണ്ടും വെള്ളവും വായുവും മലിനപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ദിവസേന പെരുകുന്ന വാഹനങ്ങൾ, വ്യവസായശാലകൾ, വനനശീകരണം അങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാൽ നമ്മുടെ ജലസമ്പത്തും അന്തരീക്ഷവായുവും വൃത്തിഹീനമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ മാത്രമല്ല, വരാൻ പോകുന്ന തലമുറകളുടെ നിലനിൽപ്പും അപകടത്തിലാകുമെന്നതാണ് ഫലം.
അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് എവിടെയുള്ളതിലും വച്ച് പത്തിരട്ടി മോശം നിലവാരമുള്ള വായുവാണ് ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ശ്വസിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, മൊത്തം ഇന്ത്യക്കാരുടെയും ശരാശരി ആയുസ് മലിനവായു ശ്വസിക്കുന്നതുമൂലം 5.2 വർഷങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുനിലവാരം പുലർത്തിയാൽ ഏറ്റവും മലിനകരമായ വായു നിറഞ്ഞ ഡൽഹിക്ക് ആയുസിൽ 13 വർഷം വരെ അധികം ലഭിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ രാജ്യത്തെ 94 ശതമാനം ജനങ്ങളും ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ച പരിധിക്കപ്പുറമുള്ള വായുമലിനീകരണം നേരിടുന്നുവത്രെ. ഇന്ത്യയിലെ 24 കോടിയിലധികം ആളുകളുടെ ശരാശരി ആയുർദൈർഘ്യം എട്ട് വർഷംവരെ കുറയാം. രാജ്യത്ത് ഏറ്റവും ഉയർന്ന മലിനീകരണം ലക്നൗവിലാണ്- ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ച പരിധിയുടെ 13 മടങ്ങ്. ഇവിടുത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തിൽ 12.1 വർഷത്തിന്റെ കുറവുണ്ടാക്കുന്നു. ഡബ്ല്യുഎച്ച്ഒ മാർഗനിർദേശങ്ങൾ പ്രകാരം വായുമലിനീകരണത്തോത് കുറച്ചാൽ രാജ്യം മുഴുവനുള്ള ജനങ്ങളുടെ ജീവിതായുസ് 5.2 വർഷം വർധിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മോശം വായു ശ്വസിക്കുന്നതിലൂടെ ലോകത്ത് ഒരു വർഷം ഒരു ദശലക്ഷത്തിലധികം ആളുകൾ മരണപ്പെടുന്നതായും ഡബ്ല്യുഎച്ച്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വായുമലിനീകരണം വ്യാപിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ഇപ്പോൾ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സെന്റീനൽ അഞ്ചിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ഭൂപടം ഇന്ത്യയിൽ നവംബർ ഒന്ന് മുതൽ 21 വരെയുള്ള കാലയളവിൽ അന്തരീക്ഷത്തിലെ നൈട്രജൻ ഡെെ ഓക്സൈഡ് സാന്നിധ്യം കാണിക്കുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നു എന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഇതുപ്രകാരം ഉത്തരേന്ത്യൻ നഗരങ്ങൾ അപകടകരമാം വിധം ശുദ്ധവായുവിന്റെ അഭാവം അനുഭവിക്കുന്നുവെന്ന് മനസിലാകുന്നതാണ്. വൻ നഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ അന്തരീക്ഷത്തിന് കടുംനിറം പകർന്നിരിക്കുന്നു എന്നത് വാതകമലിനീകരണത്തിന്റെ തീവ്രത കൂട്ടുന്നതായി കരുതേണ്ടിയിരിക്കുന്നു.
ഇതുകൂടി വായിക്കൂ: വായുമലിനീകരണം ചെറുക്കൽ ; പന്തീരായിരം കോടിയുടെ പദ്ധതികൾ കടലാസിലൊതുങ്ങുന്നു
നൈട്രജൻ ഡെെ ഓക്സൈഡ്: നൈട്രജൻ ഡെെ ഓക്സൈഡ് സാധാരണഗതിയിൽ നേരിട്ട് വായുവിൽ പുറപ്പെടുവിക്കപ്പെടുന്നില്ല. നൈട്രജൻ ഓക്സൈഡ് അന്തരീക്ഷത്തിലെ മറ്റ് നൈട്രജൻ ഓക്സൈഡുമായും ചില രാസവസ്തുക്കളുമായും ചേരുമ്പോഴാണ് നൈട്രജൻ ഡൈ ഓക്സൈഡ് ഉല്പാദിപ്പിക്കപ്പെടുന്നത്. കൽക്കരി, പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉയർന്ന താപനിലയിൽ കത്തിക്കുമ്പോൾ പുറത്തുവരുന്ന നൈട്രജൻ, അന്തരീക്ഷത്തിലെ ഓക്സിജൻ ആറ്റങ്ങളുമായി ചേർന്ന് ആദ്യം നൈട്രിക് ഓക്സൈഡ് ഉണ്ടാകും, വീണ്ടും ഓക്സിജനുമായി യോജിച്ച് നൈട്രജൻ ഡൈ ഓക്സൈഡ് സൃഷ്ടിക്കപ്പെടും. നൈട്രിക് ഓക്സൈഡ് അത്ര അപകടകാരിയല്ല. ഇവരണ്ടും നൈട്രജന്റെ ഓക്സൈഡുകളാണ്. ഇവകൂടാതെ നൈട്രസ് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയും നൈട്രജന്റെ ഒക്സൈഡുകളാണ്. നൈട്രജൻ ഡൈ ഓക്സൈഡിന്റെ ഉയർന്ന അളവ് അന്തരീക്ഷത്തിൽ മഞ്ഞു മൂടിയതുപോലെയും ചാരനിറം പടർന്നതായും അനുഭവപ്പെടും.
ഇന്ധനങ്ങൾ കത്തുമ്പോൾ മാത്രമല്ല മോട്ടോർ വാഹന ഗതാഗതം കൂടുതൽ തിരക്കേറിയതുമായ സ്ഥലങ്ങളിലും പ്രത്യേകിച്ചും കാർ എന്‍ജിനുകൾ അമിതമായി പ്രവർത്തിക്കുമ്പോൾ മലിനകാരിയായ നൈട്രജൻ ഡൈ ഓക്സൈഡ് പുറത്തുവരുന്നുണ്ട്. എന്നുവച്ചാൽ തിരക്കേറിയ റോഡ് ഗതാഗതവും ഊർജോല്പാദനവുമാണ് ഈ വിഷവാതക സംയുക്തത്തിന്റെ ഉല്പാദനത്തിന്റെ മൂലകാരണങ്ങൾ എന്ന് വ്യക്തം. വെൽഡിങ് പ്രവർത്തികൾ ചെയ്യുമ്പോഴും, പടക്കങ്ങളും മറ്റും കത്തിക്കുമ്പോഴും, പെട്രോൾ ലോഹങ്ങൾ റിഫൈനറികളിലും, വ്യാവസായിക ഭക്ഷ്യ ഉല്പാദന യൂണിറ്റുകളിലും ഇത് സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഇതുകൂടി വായിക്കൂ: വായു മലിനീകരണം മൂലം ഒരുവർഷം ഏഴു ദശലക്ഷം ജനങ്ങൾ മരിക്കുന്നു: ഡബ്ല്യൂഎച്ച്ഒ
ആരോഗ്യപ്രശ്നങ്ങൾ: അന്തരീക്ഷവായുവിൽ നൈട്രജൻ ഡൈ ഓക്സൈഡ് പടർന്ന് അത് മനുഷ്യന്റെ ഉള്ളിലെത്തിയാൽ ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടും. ദീർഘനാൾ ഇങ്ങനെയുള്ള വായു ശ്വസിക്കേണ്ടിവന്നാൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മന്ദീഭവിക്കും, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടും, അലർജി ഉണ്ടാവും. കുട്ടികളെയും വയോജനങ്ങളെയും വല്ലാതെ ബാധിക്കും. കുട്ടികളിൽ ശ്വാസകോശത്തിന്റെ ബാക്ടീരിയ ബാധയ്ക്കെതിരായ പ്രതിരോധശേഷിയെ താറുമാറാക്കും. എല്ലാ പ്രായത്തിലുമുള്ള ആസ്തമ രോഗികൾക്ക് ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നും ഹൃദ്രോഗവും ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ള മുതിർന്നവരിൽ സങ്കീർണതകളുണ്ടാക്കുമെന്നും വിദഗ്‌ധർ പറയുന്നു. ആസ്തമ, ശ്വാസം മുട്ടൽ, ചുമ ഒക്കെ പിടിപെടാം. കാഴ്ചശക്തിയെ ബാധിക്കാം. നൈട്രജൻ ഡൈ ഓക്സൈഡ് മറ്റ് രാസ പദാർത്ഥങ്ങളുമായി ചേർന്ന് ഓസോണും മറ്റും ഉല്പാദിക്കപ്പെടും, ഇതും അന്തരീക്ഷത്തിനും ജീവനും ദോഷകരമായി ഭവിക്കും.
പാരിസ്ഥിതീക പ്രശ്നങ്ങൾ: നൈട്രജൻ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഉയർന്നാൽ സസ്യ വളർച്ചയെയും ബാധിക്കപ്പെടുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇലകൾ ഉണ്ടാകുന്നത് കുറയും, അതുവഴി വളർച്ചയും. ഇത് സൾഫർ ഡൈ ഒക്സൈഡുമായും വെള്ളം, ഓക്സിജൻ മറ്റ് രാസ പദാർത്ഥങ്ങൾ എന്നിവയുമായി ചേർന്ന് അമ്ലമഴ ഉണ്ടാവും. അമ്ലമഴ എല്ലാ ജീവജാലങ്ങൾക്കും അപകടമുണ്ടാക്കും. കെട്ടിടങ്ങൾക്ക് ദോഷമാവും കൂടാതെ നൈട്രജൻ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അമിത സാന്നിധ്യം കായലുകൾ, വനങ്ങൾ തുടങ്ങിയ പരിസ്ഥിതി വ്യവസ്ഥകൾ അലങ്കോലമാക്കും.
രാജ്യ തലസ്ഥാനനഗരം ഉൾപ്പെടെ വടക്കെ ഇന്ത്യൻ നഗരങ്ങളെല്ലാം വർധിത തോതിലുള്ള വായുമലിനീകരണം അനുഭവിക്കുകയാണ് കാലങ്ങളായി. വർധിച്ചുവരുന്ന മോട്ടോർ വാഹനങ്ങളും, വ്യവസായ ശാലകളുമൊക്കെ ശുദ്ധവായുവിന്റെ ദൗർലഭ്യത്തിന് കാരണങ്ങളാണ്. പൊടി നിറഞ്ഞ അന്തരീക്ഷം ഈ നഗരങ്ങളെ മൂടുകയാണ്. വാഹനങ്ങളുടെ കാര്യത്തിൽ ഇലക്ട്രോണിക് യുഗത്തിലേക്കുള്ള പരിവർത്തനം പരിഹാരമാർഗമായി മുന്നിലുണ്ട്, പ്രചാരം നേടാൻ കാലങ്ങളെടുത്തേക്കും. കാലവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന എല്ലാ കാരണങ്ങളും പരിഹരിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ എത്രയും വേഗം കെെക്കൊള്ളേണ്ട സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഇതൊക്കെയും.
English Summary: Under the threat of air pollution
You may like this video also