Site icon Janayugom Online

തൊഴിലില്ലായ്മയുടെ പ്രതിഷേധപ്പുക

പാര്‍ലമെന്റ് ആക്രമണത്തിന്റെ പുക മറയുമ്പോള്‍ തെളിയുന്ന കയ്യെഴുത്ത് തൊഴിലില്ലായ്മയുമായി ചേര്‍ന്നതാണ്. രാജ്യത്ത് തൊഴിലില്ലായ്മ കത്തുന്ന പ്രശ്നമായി ഉയര്‍ന്നിരിക്കുന്നു. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങളായിരുന്നു അധികാരത്തിലെത്താന്‍ ബിജെപിയുടെ വാഗ്ദാനം. പക്ഷെ എവിടെയാണിത്? റിക്രൂട്ട്മെന്റ് പരീക്ഷകളും തൊഴിലും വല്ലാതെ സങ്കീർണമായിരിക്കുന്നു. 2022 ജൂലൈ മുതല്‍ 23 ജൂണ്‍ വരെയുള്ള പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ശ്രദ്ധിച്ചാല്‍ യുവജനതയുടെ അസ്വസ്ഥതയുടെ കാരണങ്ങള്‍ വ്യക്തമാകും. 15–29 പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് രാജ്യത്ത് 10ശതമാനമാണ്. 15–19 വയസുള്ള ഗ്രാമീണ ജനതയെ പരിഗണിക്കുമ്പോള്‍ തൊഴിലില്ലായ്മ 2022 ജൂലൈ — 23 ജൂൺ കാലയളവിൽ 8.3 ശതമാനമായിരുന്നു. ഇതേ കാലയളവിൽ ഇതേ വിഭാഗത്തിന്റെ നഗരമേഖലയിലെ തൊഴിലില്ലായ്മ 13.8 ശതമാനവും.


ഇതുകൂടി വായിക്കൂ:  പാര്‍ലമെന്റ് സുരക്ഷാവീഴ്ച; കേന്ദ്രം മൗനത്തില്‍


തൊഴിലില്ലാതെ യുവജനങ്ങള്‍ അസ്വസ്ഥരാകുന്നതിന്റെ പ്രതിഫലനം പാര്‍ലമെന്റ് ആക്രമണത്തില്‍ മാത്രമൊതുങ്ങുന്നില്ല. രാഷ്ട്രസേവനം എന്നതിലുപരി സ്ഥിരനിയമനം, മെച്ചപ്പെട്ട വരുമാനം, പെൻഷൻ തുടങ്ങി ദീർഘകാല ആനുകൂല്യങ്ങൾ കൂടി ആഗ്രഹിച്ചാണ് യുവാക്കൾ സെെനിക റിക്രൂട്ട്മെന്റിനായി അധ്വാനിക്കുന്നത്. അവിടെ കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയുള്‍പ്പെടെ ഇരുട്ടടിയായി. മികച്ച സർക്കാർ ജോലി സ്വപ്നം ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന് ബോധ്യമായപ്പോഴായിരുന്നു സാഹസികമായ പ്രതിഷേധമാർഗത്തിന് തുനിഞ്ഞതെന്നാണ് പാര്‍ലമെന്റില്‍ പുകബോംബുമായി പ്രതിഷേധിച്ചവര്‍ അലറി പറഞ്ഞത്.
രാജ്യത്തെ സാമൂഹിക‑സാമ്പത്തികാവസ്ഥ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയ വിവിധ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാതെ അസ്വസ്ഥരായിരിക്കുന്ന യുവജനത ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പലതരത്തിൽ പ്രതികൂലമാകും. നിലവിൽ 7.95 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. നഗരങ്ങളിലെ 15 വയസിന് മുകളിലുള്ളവരിൽ 6.6 ശതമാനമാണിത്. കഴിഞ്ഞ വർഷമിത് 7.6 ശതമാനമായിരുന്നു. കമ്മിഷൻ ഓൺ എംപ്ലോയ്‌മെന്റ് ആന്റ് അൺഎംപ്ലോയ്‌മെന്റിന്റെ ഭാഗമായി ജെഎൻയുവിലെ അധ്യാപകനും ഇക്കണോമിസ്റ്റുമായ പ്രൊഫ. അരുൺ കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ കണക്കുകളിലും ഏറെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  വീണ്ടും ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ്


റിപ്പോർട്ടിൽ പറയുന്ന ചില പ്രധാന കാര്യങ്ങളിതാണ്: 15 മുതൽ 29 വയസ് വരെയുള്ള ചെറുപ്പക്കാരാണ് രാജ്യത്ത് തൊഴിലിനായി അലയുന്നത്. വിദ്യാഭ്യാസം കൂടുന്തോറും ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കൂടുന്നു. ഇത് സ്ത്രീകളിലാണ് കൂടുതലായും പ്രകടമാകുന്നത്. പഠിച്ച വിഷയത്തിന് ചേരുന്ന ജോലി കിട്ടാത്തവരാണ് വലിയൊരു വിഭാഗം. ഇതിനെല്ലാമുപരി രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിവരങ്ങൾ അപൂർണമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. വർഷത്തിന്റെ പകുതിയോ, മാസത്തിലൊരാഴ്ചയോ ജോലി ചെയ്യുന്നവരെ പോലും തൊഴിൽ ചെയ്യുന്നവരുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുന്നത്.

1990ൽ 58.3 ആയിരുന്ന തൊഴിൽപങ്കാളിത്ത നിരക്ക് 2021 ആയപ്പോഴേക്കും 45.6 ആയി കുറഞ്ഞു. അസംഘടിത മേഖലയിൽ മാത്രമല്ല സംഘടിത മേഖലയിലും ആവശ്യത്തിന് ജീവനക്കാരില്ല. മുമ്പ് ജനസംഖ്യയുടെ 3.32 ശതമാനമായിരുന്നു സംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണം. 2021ല്‍ അത് 2.47 ശതമാനമായി ഇടിഞ്ഞു. പൊലീസ്, നികുതി, നിയമം തുടങ്ങിയ കേന്ദ്ര വകുപ്പുകളിലെല്ലാം ഒഴിവുകള്‍ ഏറെയാണ്. കാതലായ പ്രശ്നപരിഹാരമില്ലാത്ത വാചകമേളകള്‍ മാത്രമായിരിക്കുന്നു ഭരണകൂടത്തില്‍ നിന്നുള്ളത് എന്നതാണ് ദുരന്തം.

Exit mobile version