Site iconSite icon Janayugom Online

യൂട്യൂബറെ തെറിവിളിച്ച അന്ന് രാത്രി നന്നായി ഉറങ്ങി, സിനിമയില്‍ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ല; ഉണ്ണി മുകുന്ദൻ

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂട്യൂബറോട് അപമര്യാദയായി സംസാരിച്ചതില്‍ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയെയും മോശമായി പറഞ്ഞാല്‍ ഇനിയും താൻ പ്രതികരിക്കുമെന്നും, ഈ പ്രശ്‌നത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കിയാലും സന്തോഷത്തോടെ പോകുമെന്നും താരം പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. യൂട്യൂബറെ തെറിവിളിച്ച അന്ന് രാത്രി നന്നായി ഉറങ്ങിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍:

ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ചു നോക്കിയാല്‍, ഒരിക്കലും പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല, ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. ഞാനിവിടെനിന്ന് ഇറങ്ങിപ്പോകുമ്പോള്‍ യൂട്യൂബില്‍പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

ഞാന്‍ വീണ്ടും പറയുന്നു അച്ഛനും അമ്മയും ആണ് എനിക്ക് എല്ലാം. നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു.

Exit mobile version