Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസള്‍ട്ട് വരാനിരിക്കുന്നതേയുള്ളു, എന്നാല്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊലിയുള്ള തർക്കം രൂക്ഷമാവുന്നു. മുതിർന്ന പാർട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പരസ്യ പ്രസ്താവനയോടെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി മറ നീക്കി പുറത്ത് വന്നത്. 

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ താൻ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു ഒന്നുകിൽ ഞാൻ മുഖ്യമന്ത്രിയാകും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്ന് റാവത്ത് വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിംഗ് അഭിപ്രായപ്പെട്ടത്. “പാരമ്പര്യമനുസരിച്ച്, പാർട്ടിയിലെ എല്ലാ എം‌ എൽ ‌എമാരും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള അവരുടെ സമ്മതം സമർപ്പിക്കും, തുടർന്ന് കേന്ദ്ര നേതൃത്വം അത് അംഗീകരിക്കും.

ഇതാണ് കോൺഗ്രസ് പാർട്ടിയുടെ ജനാധിപത്യ രീതി, മുൻ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ തർക്കം ആരംഭിച്ചതിനാൽ, തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് നേതാക്കളെന്ന് വ്യക്തം. അതേസമയം മറുവശത്താവട്ടെ കോണ്‍ഗ്രസ് നേതാക്കളുടേത് ദിവാസ്വപ്നം മാത്രമാണെന്നും ഇത്തവണയും തങ്ങള്‍ തന്നെ വിജയിക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ അവകാശവാദം. കോൺഗ്രസ് പാർട്ടി ഇപ്പോൾ തന്നെ ഫലം പുറത്തുവന്നത് പോലെയാണ് പെരുമാറുന്നത്.

പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത മനസ്സിലാക്കുന്ന അവരുടെ നേതാക്കൾ തങ്ങളുടെ സ്ഥാനങ്ങള്‍ മുൻകൂട്ടി നിശ്ചയിക്കുകയാണ്. എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഡെറാഡൂൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ യോഗേഷ് കുമാർ ചൂണ്ടിക്കാണിക്കുന്നത്. ഭരണം നടത്താനുള്ള പദ്ധതികൾ പാർട്ടി ആവിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ടെന്നും ആദ്യ മന്ത്രിസഭയിൽ ഉടൻ തന്നെ ചില തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് വരെ ഹരീഷ്റാവത്ത് പറഞ്ഞിട്ടുണ്ട്. 

ബി ജെ പി തോൽക്കും, കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ച് സർക്കാർ രൂപീകരിക്കും. സർക്കാർ രൂപീകരിച്ചാലുടൻ വരുമാനവും തൊഴിലും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു,” റാവത്ത് പറഞ്ഞു. 70 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് പൂർത്തിയായിരുന്നു. 

2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു.

70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ പാർട്ടിക്ക് അധികാരം ലഭിക്കുമെന്ന ശക്തമായ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളില്‍ കാണാന്‍ സാധിക്കുന്നത്.

Eng­lish Summary:Uttarakhand Chief Min­is­te­r­i­al dis­pute in Con­gress ahead of elec­tion results

You may also like this video:

Exit mobile version