Site iconSite icon Janayugom Online

മലബാറിന്റെ ജലപാതാ സ്വപ്നം പൂവണിയുന്നു; ‘വടകര‑മാഹി കനാൽ’ ദേശീയ ജലപാതാ നിലവാരത്തിലേക്ക്

നിര്‍മ്മാണം പുരോഗമിക്കുന്ന 'വടകര-മാഹി കനാൽ'

മലബാറിന്റെ ജലപാതാ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കു​റ്റ്യാ​ടി​പ്പു​ഴ​യെ​യും മ​യ്യ​ഴി പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ട​ക​ര — മാ​ഹി ക​നാ​ലി​ന്റെ നിര്‍മ്മാണം 2025ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ദേശീയ ജലപാതയായ നിർദിഷ്ട തിരുവനന്തപുരം-കാസർകോട് ജലപാതയിലെ പ്രധാന കണ്ണികളിലൊന്നാണ് വടകര‑മാഹി കനാൽ. മാഹി മുതൽ കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴവരെ കൃത്രിമ കനാൽ നിർമിക്കാനുള്ള അനുമതിയും സർക്കാർ നേരത്തെ നൽകിയിരുന്നു. വടകര മുതൽ വളപട്ടണം വരെ 48 കിലോമീറ്റർ നീളത്തിലാണ് കൃത്രിമ കനാൽ നിർമിക്കുന്നത്.
വടകര മാങ്ങാംകുഴി മുതൽ മാഹിവരെ 17.61 കിലോമീറ്റർ നീളത്തിലാണ് നിർദിഷ്ട വടകര‑മാഹി കനാൽ നിർമിക്കുന്നത്. മൂന്നര മീറ്റർ ആഴത്തിലുള്ള കനാലിലൂടെ ബോട്ട് സർവിസ് ഉൾപ്പെടെയുള്ള ജലപാതയാണ് ലക്ഷ്യം. പയ്യോളി മുതൽ മൂരാട് പുഴയിലൂടെ മാങ്ങാംമുഴി വരെ ഗതാഗതയോഗ്യമായ കനാലുണ്ട്. തുടര്‍ന്നുള്ള സ്ഥലങ്ങളിലാണ് കനാല്‍ ആഴംകൂട്ടി നിര്‍മ്മാണം പുരോഗമിക്കുന്നത്. ഒപ്പം പാലങ്ങളുടേയും നടപ്പാതകളുടേയും പണിയും പുരോഗമിക്കുന്നു. കനാലിന്റെ വിവിധ ഭാഗങ്ങളിൽ 50 മുതൽ 90 ശതമാനംവരെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കരിങ്ങാലി, മൂഴിക്കൽ ലോക് കം ബ്രിഡ്ജുകൾ, വെങ്ങോലി പാലം എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുന്നു.
കനാൽ വീതികൂട്ടി നവീകരിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ 25.30 കോടിരൂപകൂടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ ലക്ഷ്യത്തിലെത്തിയത്. നഷ്ടപരിഹാരം കുറവാണെന്ന് ചൂണ്ടിക്കാട്ടി ചില സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചതാണ് മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് നിര്‍മ്മാണം ഇഴയാന്‍ കാരണമായത്. അതും ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
വളരെ പ്രധാനപ്പെട്ട ജലഗതാഗതപാതയായ വടകര‑മാഹി കനാൽ 1963ൽ കേന്ദ്ര സർക്കാർ അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കുകയും നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുകയും ചെയ്തെങ്കിലും മതിയായ ഫണ്ട് ലഭ്യമാകാത്തതിനാൽ പണി ഇടയ്ക്ക് നിലച്ചുപോവുകയായിരുന്നു. വടകര — മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും നിര്‍മ്മാണം 2025 ഓടെ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ എല്ലാ ജലപാതകളെയും ദേശീയ നിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് തെക്ക്-വടക്ക് ജലപാത. തെക്കേയറ്റമായ കോവളം മുതൽ വടക്കേയറ്റമായ കാസര്‍ക്കോട് ഹോസ്ദുർഗ് വരെ നീണ്ടുകിടക്കുന്ന 590 കിലോമീറ്ററിൽ നദികളെയും കായലുകളെയും ബന്ധിപ്പിച്ചും അല്ലാത്തയിടങ്ങളിൽ കനാലുകളിലൂടെ ഗതാഗതം സാധ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞത് 40 മീറ്റർ വീതിയും 2.2 മീറ്റർ ആഴവുമുളള തെക്ക്-വടക്ക് ജലപാത പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലപാതയാകുമിത്.

you may also like this video;

Exit mobile version