Site iconSite icon Janayugom Online

ശബ്ദമില്ലാത്തവരുടെ ശബ്ദമായി അരുണ്‍ രാജ്

വിശപ്പിന്റെ വിളി സഹിക്ക വയ്യാതെ മാനം വില്‍ക്കാന്‍ തെരുവിൽ ഇറങ്ങുന്നവർക്ക് സമൂഹം നൽകുന്ന വിളിപ്പേര് വേശ്യ എന്നാണ്. പകൽ മാന്യൻമാരുടെ ലോകത്ത് ജീവിതവും മാനവും അടിയറവ് വെച്ച് ജീവിച്ച് മരിക്കേണ്ടി വരുന്ന ജന്മങ്ങൾ നിരവധിയാണല്ലോ. രാത്രിയുടെ മറവിൽ തുണിയുരിയുകയും പകൽ സമയത്ത് സദാചാര ബോധങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുള്ളപ്പോൾ അങ്ങനെ സംഭവിക്കുക തന്നെ ചെയ്യും. അത്തരത്തിൽ അരചാൺ വയറ് നിറയ്ക്കാൻ പാടുപെടുന്ന, സദാചാരബോധങ്ങൾക്ക് ഇരയാകേണ്ടി വരുന്ന മനുഷ്യരിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അരുൺ രാജ് ആർ നായർ എന്ന ഫോട്ടോഗ്രാഫർ. 

അരുൺ രാജിന്റെ ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ ശ്രമിക്കുന്നവർ പോലും എന്തു കൊണ്ട് ഇത്തരക്കാർക്ക് വേണ്ടി സംസാരിക്കാൻ മടിക്കുന്നു എന്നാണ് ഈ ചിത്രങ്ങൾ സമൂഹത്തോട് ചോദിക്കുന്നത്. ശരീരം വിൽപ്പനയ്ക്കു വെയ്ക്കുന്ന പെണ്ണിൽ നിന്ന് അവൾക്കായി വിധി കാത്തുവച്ച ദുരന്തത്തിന്റെ നേർചിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നവയാണ് അരുണ്‍ രാജിന്റെ ചിത്രങ്ങള്‍. ഒരു സിനിമാക്കഥ പോലെ കണ്ടിരിക്കാവുന്നവയാണ് ഓരോന്നും. തുടക്കം മുതൽ ഒടുക്കം വരെയുള്ള ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്ന ഭാവങ്ങളെക്കുറിച്ചും എടുത്തു പറയേണ്ടതാണ്.

സമൂഹം നിന്ദയോടും, അവഗണനയോടും കൂടി തുറിച്ചു നോക്കുന്ന ചിലരുണ്ട്. ജീവിക്കനായ്, ഒരു ചാൺ വയർ നിറയ്ക്കാനായ് മടിക്കുത്തഴിക്കേണ്ടി വരുന്ന ചില നിർഭാഗ്യർ. കയ്പ്പേറിയ ജീവിതഗതിക്കുള്ളിൽ കൂടി സഞ്ചരിക്കുമ്പോഴും, മറ്റുള്ളവരുടെ കണ്ണിലെ വെളിച്ചം കാണാൻ കൊതിക്കുന്നവർ. നിങ്ങളിൽ പകൽമാന്യർ അവരെ പരസ്യമായി അവഗണിക്കുന്നു, നിന്ദിക്കുന്നു, കണ്മുന്നിലെ പച്ചയായ ജീവിതങ്ങളെ കണ്ടില്ലെന്ന് നടിച്ച് പായുന്നു. പക്ഷെ അത്തരം ജീവിതങ്ങൾക്ക് ചോരയൊലിക്കുന്ന ഒരുപാട് കഥകൾ പറയാനുണ്ട്. സഹനത്തിന്റെ, ഉയർത്തേഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒക്കെ. താൻ കടന്നു വന്ന മുള്ളുകൾ നിറഞ്ഞ വഴികളിലൂടെ ഇനി മറ്റൊരു ജീവനും കടന്നു വരാൻപാടില്ല എന്നവർ ആശിക്കുന്നുണ്ടാകും. 

കാരണം, ആ മുറിവിൽ നിന്നൊലിക്കുന്ന പഴുപ്പിന്റെ ഗന്ധം എത്രമാത്രം അസ്സഹനീയമാണെന് അവർക്കല്ലേ അറിയൂ. ഒരുവളെ ഇങ്ങനെ ഒരു വേഷം കെട്ടിക്കുന്നത് ഞാനും നിങ്ങളുമടങ്ങുന്ന ആദർശ സമൂഹമാണ്. കാമമൊടുക്കി ഒരു കെട്ട് നോട്ട് അവളുടെ നഗ്ന ശരീരത്തിനു മേൽ വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുന്ന നീ മാന്യനാകുന്നെങ്കിൽ, നിന്റെ മദമേറ്റു വാങ്ങുന്ന അവൾ മാത്രമെങ്ങനെ പിഴച്ചവളാകും? നിനക്ക് വിധിച്ച നീതി എന്തുകൊണ്ട് അവൾക്ക് നിഷേധിക്കുന്നു? ഇത്തരം ചോദ്യങ്ങളാണ് അരുണ്‍ രാജ് ഉന്നയിക്കുന്നത്. അതെ, ബിംബങ്ങൾ സംസാരിക്കട്ടെ… ഉച്ചത്തിൽ… വളരെ ഉച്ചത്തിൽ… 

Exit mobile version