Site icon Janayugom Online

ഭൂമിയിൽ നക്ഷത്രങ്ങൾ ജനിക്കുന്ന വിധം

രിടത്തൊരിടത്ത് എന്നോ

പണ്ടുപണ്ട് എന്നോ

എന്റെയമ്മൂമ്മ

കഥ തുടങ്ങിയില്ല.

ദേ, നമ്മുടെ തെക്കേപ്പറമ്പിലേ,

തേവരു കുളത്തിന്റെകരയിലെ,

വട്ടത്തിച്ചിരുതേടെ

തെങ്ങും പണയിലേ

എന്ന് കേട്ട് ഞാനവിടെയൊക്കെ

വേഗത്തിൽ ചെന്നു.

കഥ തീർന്നപ്പോഴെല്ലാം

എനിക്ക് നക്ഷത്രങ്ങളെകിട്ടി.

ആകാശച്ചെരിവിൽ

എല്ലാവരുടെയും

കണ്ണിൽപ്പെടാതെനിന്നവ.

ഞാനവരെ മടിക്കുത്തിലെടുത്തു വച്ച്

ആകാശത്തുറങ്ങി.

ക്ലാസ് മുറിയിൽ

ഗൃഹപാഠം ചെയ്യാത്തവളും

സൈൻ കോസ് ടാനിനെ

അതാണിത് എന്ന്

തെളിയിക്കാൻ പറ്റാഞ്ഞവളും

തല്ലു കിട്ടി കരയുമ്പോൾ

ഞാനവർക്ക് നക്ഷത്രങ്ങൾ നൽകി

ചിരിപ്പിച്ചു.

ഏറ്റവുമിഷ്ടപ്പെട്ടൊരു പാട്ട്

സ്വകാര്യമായ് പാടിത്തന്നവൾക്കും

നക്ഷത്രങ്ങൾ നൽകാൻ

ഞാൻ മറന്നില്ല.

കട്ടിക്കണ്ണട വച്ച

ഭൗതിക ശാസ്ത്രാധ്യാപകൻ

ഗലീലിയോയെ വിസ്തരിക്കുമ്പോൾ

എന്റെ നക്ഷത്രങ്ങളുടെ

കോൺമുനകൾക്ക് രൂപാന്തരം വന്നു.

ഗോളാകൃതിയായ

വമ്പൻ തീക്കുണ്ഠങ്ങളായ്

അവ പൊള്ളിയിറങ്ങി.

കോടാനുകോടി

കിലോമീറ്ററുകൾക്കപ്പുറത്തേക്ക്

ഉയർന്നു.

ഞാൻ വെറുമൊരു കഷണം

ഭൂമിയായി.

ഋതുഭേദങ്ങൾ യാചിച്ച്

ഒറ്റ നക്ഷത്രത്തെ വലം വച്ചു.

ടെലസ്കോപ്പിലൂടെ

പ്രിയ നക്ഷത്രങ്ങളെ തെരഞ്ഞ

സമുദ്രങ്ങൾ അക്ഷമരായി.

വേലിയേറ്റങ്ങളും

ഇറക്കങ്ങളും കൊണ്ട്

കര ക്ഷീണിതയായി.

നക്ഷത്രരാശികൾക്കുള്ളിൽ

നീലയുംചുവപ്പും കണ്ട്

പുൽപ്പരപ്പുകൾ

ധ്യാനത്തിലായി.

അപ്പോഴും ഒരു പ്രകാശകണം

ഉള്ളിൽ വീണു കത്തി നിന്നു.

തണുത്തുറഞ്ഞ

ധ്രുവ പ്രദേശത്ത്

ഞാനതിന്റെ മാത്രംചൂടുപറ്റി

ഉറങ്ങാൻ കിടന്നു.

ഒരിടത്തൊരിടത്ത്,

പണ്ടുപണ്ട്

എന്നൊരമ്മൂമ്മക്കഥ

തുടങ്ങുന്നത്

എനിക്കപ്പോൾ

വ്യക്തമായി കേൾക്കായി.

Exit mobile version