Site iconSite icon Janayugom Online

രാക്ഷസൻ

എന്തൊരു ഉരുക്കമാണ്
ഉരുകിയുരുകി നാരുപോലെ
കാറ്റിലിങ്ങനെ അലഞ്ഞു പറക്കുമ്പോഴാണ്
ഈ ലോകത്തിനിത്ര സൗന്ദര്യം
അപ്പോൾ മാത്രമാണ് ജീവിതത്തിനിത്ര സൗഭഗം
അവൾ ഓർത്തോർത്തു കിടന്നു.

കഴിഞ്ഞ രാത്രിയിൽ
ആ രാക്ഷസൻ കടന്നു വന്നപോലെ
ഇന്നും വരുമോ…
അവൻ വരണമെന്നാണോ മനസ് ആഗ്രഹിക്കുന്നത്
അതോ വരരുതേയെന്നോ
എത്ര വേണ്ടെന്ന് കരുതിയാലും
അവൻ വരുക തന്നെ ചെയ്യും
ഒരു മുന്നറിയിപ്പുമില്ലാതെ
അവനെന്തോ അവകാശമുള്ളതുപോലെ
അവിടെയുമിവിടെയും നുള്ളിയും കിള്ളിയും
അവനെന്നെ ഇളക്കും
അങ്ങനെയങ്ങനെ ഞാൻ ഒരു പർവതത്തോളം ഉയരും
അവനോ കാറ്റായെന്നെ വലയം വച്ചുകൊണ്ടിരിക്കും
ആ രാത്രി വെളുക്കരുതേയെന്നൊരു
വിചാരം മാത്രമെ പിന്നെയുണ്ടാകു. 

അവന് അപ്പോൾ എങ്ങനെയും
എന്റെ പിടിയിൽ നിന്ന്
കുതറി മാറുവാനുള്ള ആവേശമാകും
വിടാതെ ഞാനവനെ വരിഞ്ഞു മുറുക്കും
എല്ലാ ദിവസവും അവൻ തന്നെയാണ് ജയിക്കുക
പിന്നെ ഉറക്കം വരാതെ
ഇരുട്ടിൽ ഏതോ വർണങ്ങളെ തിരഞ്ഞു
തിരിഞ്ഞും മറിഞ്ഞും കിടക്കും
ഒടുവിൽ എപ്പോഴോ ഉറങ്ങിയുണരുമ്പോഴാണ്
യഥാർത്ഥ വേദന മനസിനെ ചൂഴുക 

Exit mobile version