Site iconSite icon Janayugom Online

ഒരു ഗംഭീര “വെടിക്കെട്ട്‌ ”

vedikkettuvedikkettu

വെളുപ്പിനാണ് പ്രാധാന്യമെന്ന മിഥ്യാധാരണ ഏറ്റവും കൂടുതല്‍ പടര്‍ത്തിയത് സിനിമാ വ്യവസായമാണ്. അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കള്ളനും കൊലപാതകിയുമാക്കി വികൃത മനുഷ്യരാക്കിയാണ് സിനിമ വ്യവസായം കാണിക്കാറുള്ളത്. പുതിയ സിനിമാലോകം മാറ്റത്തിന്റെ വഴിയിലാണ് അതിനൊരു ഗംഭീര വഴി വെട്ടിയൊരുക്കിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും.

കറുപ്പിന് ഒരു രാഷ്ട്രീയമുണ്ട് കറുത്തവരെ എങ്ങനെ ഉപയോഗിക്കാം എന്നുള്ള വെളുത്തവന്റെ ചിന്തകളും രാഷ്ട്രീയ വിശകലനം ചെയ്യേണ്ടതാണ്. ഈ സിനിമയിലെ തിരക്കഥ സമൂഹത്തിലെ പല അകറ്റിനിർത്തലുകളെയും ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശക്കുന്നവന് ജാതിയല്ല വിശപ്പകറ്റാനുള്ള ഭക്ഷണം തന്നെയാണ് ആവശ്യമെന്ന് സിനിമ പറഞ്ഞുവെക്കുമ്പോൾ പ്രേക്ഷകർ കയ്യടിയോട് കൂടിയാണ് ആ രംഗത്തെ സ്വീകരിക്കുന്നത്.

സൗഹൃദത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും കറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഒരുപോലെ ചിന്തിച്ചും ചിരിച്ചും കരഞ്ഞുമാണ് പ്രേക്ഷകർക്ക് ഈ സിനിമ കണ്ടുതീർക്കാൻ കഴിയുക.

ഒരു നടന്റെ അഭിനയ ജീവിതത്തെ രണ്ടായി തിരിക്കാമെങ്കിൽ വിഷ്ണുവിന്റെ സിനിമാ ജീവിതം വെടിക്കെട്ട് സിനിമയ്ക്ക് മുമ്പും അതിനുശേഷവും എന്ന് കാണേണ്ടി വരും. പലരംഗങ്ങളിലും എഴുന്നേറ്റുനിന്ന് കയ്യടിക്കാൻ തോന്നുന്ന വിധത്തിലുള്ള ഗംഭീര പ്രകടനം. ബിബിൻ ജോർജ് തന്റെ പേര് മലയാള സിനിമയിൽ ഉറപ്പിക്കുന്നത് ഈ സിനിമയിലൂടെയാകും. സ്വന്തം ജീവിതം തീരുമാനിക്കേണ്ടത് അച്ഛനും അമ്മയും അല്ല താൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഈ സിനിമയിലെ നായിക കാലത്തിന്റെ ആവശ്യകതയാണ്. പേരറിയാത്ത ഒരുപാട് കലാകാരന്മാരുടെ ഗംഭീര പ്രകടനം കൂടിയാകുമ്പോൾ വെടിക്കെട്ട്‌ നല്ലൊരു ദൃശ്യവിരുന്നാകുകയാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് വെടിക്കെട്ടിന്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്. പുതുമുഖങ്ങളായ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 

ജോണ്‍കുട്ടി എഡിറ്റിങ്ങും രതീഷ് റാം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ബിബിന്‍ ജോര്‍ജ്, വിപിന്‍ ജെപ്രിന്‍, ഷിബു പുലര്‍കാഴ്ച, അന്‍സാജ് സിപി എന്നിവരുടെ വരികള്‍ക്ക് ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, ശ്യാം പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.

You may also like this video

Exit mobile version