Site icon Janayugom Online

പച്ചക്കറി വില കുത്തനെ താഴേക്ക്; ഓണവിപണിയിൽ നവോന്മേഷം

സപ്ലൈക്കോ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടലിന്റെ ഭാഗമായി പച്ചക്കറി വില ഗണ്യമായി കുറഞ്ഞതോടെ ഓണവിപണിയിൽ നവോന്മേഷം. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെക്കാൾ പച്ചക്കറിക്ക് 20–25 ശതമാനം വിലക്കുറവാണ് ഇക്കുറി അനുഭവപ്പെടുന്നത്.
അടുത്ത നാൾ വരെ വിലയുടെ കാര്യത്തിൽ ഉയരത്തിലേക്ക് കുതിച്ചിരുന്ന പച്ചക്കറികളുടെയെല്ലാം വില ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന വിധത്തിൽ താഴേക്ക് വന്നിരിക്കുകയാണ്. 200 രൂപയിൽ നിന്നും താഴേക്ക് കുതിച്ച തക്കാളിയുടെ വില 40–45 രൂപയായും 250 രൂപക്ക് മുകളിലേക്കുവന്ന ഇഞ്ചിവില 100 രൂപയ്ക്ക് താഴേക്കും കുറഞ്ഞിട്ടുണ്ട്. മുരിങ്ങാക്കായ്, പാവയ്ക്ക, പയർ, വെണ്ടയ്ക്ക, കാരറ്റ്, കായ, പടവലങ്ങ, ബീൻസ്, മുളക് തുടങ്ങിയവയുടെ വിലയിലും അടുത്ത അവസരത്തെക്കാളും കഴിഞ്ഞ ഓണക്കാലത്തെക്കാളും വലിയ മാറ്റമാണ് അനുഭവപ്പെടുന്നത്.
സപ്ലൈക്കോയുടെ ഓണ വിപണികൾക്കു പുറമെ, കൃഷിവകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണച്ചന്തകളും ഫലപ്രദമായ ഇടപെടലുമായി രംഗത്തുണ്ട്. ഹോർട്ടി കോർപ്പ്, വെജിറ്റബിൽ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ, കൺസ്യൂമർ ഫെഡ്, കൃഷിഭവനുകൾ, കുടുബശ്രീ, വിവിധ സംഘടനകൾ, കൂട്ടായ്മകൾ ഒക്കെ ഓണവിപണി സജീവമാക്കാൻ രംഗത്തുണ്ട്. പൊതു വിപണിയിലെ വിലയെക്കാൾ 10 ശതമാനം ഉയർന്ന വിലയ്ക്കാണ് സർക്കാർ വകുപ്പുകൾ കർഷകരിൽ നിന്ന് നേരിട്ട് നാടൻ പച്ചക്കറികൾ ശേഖരിച്ചത്. ഓണച്ചന്തകൾ വഴി അവ വിൽപ്പന നടത്തുന്നത് 30–40 ശതമാനം വിലക്കുറവിലും. ഓരോ ദിവസത്തെയും വില കണക്കാക്കാൻ ജില്ലാതല വില നിർണയക്കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. സപ്ലൈക്കോ ഓണച്ചന്തകളിലും മറ്റും സബ്സിഡി പലവ്യഞ്ജന സാധനങ്ങളുമുണ്ട്.
വിലയിലുണ്ടായ വൻമാറ്റം വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന പച്ചക്കറികളുടെ അളവിലുണ്ടായ വർധനയിലും പ്രകടമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി 120 ടണ്ണിലേറെ പച്ചക്കറികളും പഴങ്ങളുമാണ്, വിദേശ മലയാളികൾക്ക് ഓണമാഘോഷിക്കുന്നതിനായി വിമാനം കയറിയത്. ഇന്നലെ മുതൽ അതിന്റെ അളവ് 150 ടണ്ണായി ഉയർന്നിട്ടുണ്ട്. 180 ടൺ വരെയാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറി കയറ്റുമതി വർധിച്ചതോടെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കൂടുതൽ ചരക്ക് കയറ്റാവുന്ന വിമാനങ്ങളുടെ സർവിസ് ആരംഭിച്ചിരിക്കുകയാണ്. ഈ മാസം മധ്യം മുതൽ ഓണം മുന്നിൽക്കണ്ട് പച്ചക്കറികളും മറ്റും നെടുമ്പാശേരിയിൽ നിന്ന് അയയ്ക്കാൻ തുടങ്ങിയിരുന്നു. വാഴയിലയ്ക്കും വലിയ ഡിമാന്റുണ്ട്.

Eng­lish sum­ma­ry; Veg­etable prices down sharply; Refresh­ment in Onam market

you may also like this video;

Exit mobile version